കേരള ഗ്രാമീൺ ബാങ്കിെൻറ ‘നെഫ്റ്റ്’ സംവിധാനം റിസർവ് ബാങ്ക് വിഛേദിച്ചു; ഇടപാടുകാർ ദുരിതത്തിൽ
text_fieldsതൃശൂർ: മലപ്പുറം ആസ്ഥാനമായ കേരള ഗ്രാമീൺ ബാങ്കിെൻറ ‘നെഫ്റ്റ്’ (എൻ.ഇ.എഫ്.ടി -നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) സംവിധാനം റിസർവ് ബാങ്ക് താൽക്കാലികമായി വിഛേദിച്ചു. ഇതോടെ തിങ്കളാഴ്ച മുതൽ ഗ്രാമീൺ ബാങ്കിലെ ഉപഭോക്താക്കളുടെയും ബാങ്കിെൻറ തന്നെയും ഫണ്ട് കൈമാറ്റം നിലച്ചു. ഉപഭോക്താക്കൾക്ക് ഏത് ബാങ്കിലേയും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഫണ്ട് അയക്കാവുന്ന ഇലക്ട്രോണിക് സംവിധാനമാണ് നെഫ്റ്റ്.
രാജ്യത്തെ 11 ബാങ്കുകളുടെയും മൂന്ന് വിദേശ ബാങ്കുകളുടെയും നെഫ്റ്റ് വിഛേദിച്ച കൂട്ടത്തിലാണ് കേരളത്തിൽനിന്ന് ഗ്രാമീൺ ബാങ്ക് ഉൾപ്പെട്ടത്. ഉപഭോക്താക്കൾക്ക് 24 മണിക്കൂറും നെഫ്റ്റ് സേവനം ലഭ്യമാക്കാൻ പര്യാപ്തമായ രീതിയിൽ സാങ്കേതിക സംവിധാനത്തിൽ റിസർവ് ബാങ്ക് നിർദേശിച്ച മാറ്റം നിശ്ചിത സമയത്തിനകം നടത്താത്തതിനാണ് നടപടി. അതേസമയം, റിസർവ് ബാങ്ക് അധികൃതർ വാക്കാൽ പറഞ്ഞ അധിക സമയം അനുവദിക്കാതെ പൊടുന്നനെ വിഛേദിച്ചതാണ് പ്രശ്നമായതെന്നാണ് ഗ്രാമീൺ ബാങ്ക് അധികൃതരുടെ വിശദീകരണം.
തിങ്കളാഴ്ച രാവിലെയാണ് ബാങ്ക് ജീവനക്കാർപോലും നെഫ്റ്റ് വിഛേദിച്ചത് അറിഞ്ഞത്. കനറാ ബാങ്ക് ആണ് ഗ്രാമീൺ ബാങ്കിെൻറ സ്പോൺസർ ബാങ്ക്. കർണാടകയിലെ ബെല്ലാരി ആസ്ഥാനമായ ‘പ്രഗതി കൃഷ്ണ ഗ്രാമീൺ ബാങ്കി’െൻറ സ്പോൺസറും കനറാ ബാങ്കാണ്. രണ്ട് ബാങ്കും ഏക രൂപത്തിലുള്ള സോഫ്റ്റ്വെയറാണ് നെഫ്റ്റിന് ഉപയോഗിക്കുന്നത്. നെഫ്റ്റ് സേവനം 24 മണിക്കൂറാക്കുേമ്പാൾ ഓരോ ബാങ്കിനും പ്രത്യേകം സോഫ്റ്റ്വെയർ വേണമെന്നും ഇതിനൊത്ത പരിഷ്കരണം നവംബർ 30നകം വരുത്തണമെന്നും റിസർവ് ബാങ്ക് നിഷ്കർഷിച്ചിരുന്നു. സമയ പരിധി കഴിഞ്ഞിട്ടും പരിഷ്കരണം നടത്താത്ത ബാങ്കുകളുടെ നെഫ്റ്റാണ് വിഛേദിച്ചത്.
പ്രശ്നം പരിഹരിക്കാൻ രാപകൽ പരിശ്രമിക്കുകയാണെന്ന് കേരള ഗ്രാമീൺ ബാങ്ക് ഐ.ടി സെൽ ചീഫ് മാനേജർ വിജയൻ കോട്ടേരി ‘മാധ്യമ’ത്തോട് പറഞ്ഞു. ഈമാസം ഒമ്പത് വരെ സമയം കിട്ടുമെന്ന പ്രതീക്ഷയിൽ പ്രവർത്തനം നടന്നിരുന്നതായും ബുധനാഴ്ച ൈവകുന്നേരത്തോടെ പരിഹാരമാവുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ബാങ്ക് ഉന്നതാധികാരികളുടെ അനാസ്ഥയും വീഴ്ചയുമാണ് കാരണമെന്ന് കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂനിയനും ഓഫിസേഴ്സ് യൂനിയനും ആരോപിച്ചു. രണ്ട് സംഘടനകളുടെയും പ്രവർത്തകർ മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
നെഫ്റ്റ് വിഛേദിക്കപ്പെട്ട മറ്റു ബാങ്കുകൾ
1. അപ്നാ സഹകാരി -മുംബൈ
2. അൽമോറ അർബൻ കോ-ഓപറേറ്റിവ് -ഉത്തരാഖണ്ഡ്
3. കാവേരി ഗ്രാമീൺ -മൈസൂർ
4. നഗർ അർബൻ -അഹമ്മദ്നഗർ, മഹാരാഷ്ട്ര
5. പ്രഗതി കൃഷ്ണ ഗ്രാമീൺ -ബെല്ലാരി, കർണാടക
6. രാജ്ഗുരുനഗർ സഹകാരി -പുണെ
7. സാഹെബ്റാവു ദേശ്മുഖ് -സാകിനാക, മുംബൈ
8. സേവാ വികാസ് -പിംപ്രി ചിഞ്ച്വാഡ്, മഹാരാഷ്ട്ര
9. താനെ ഭാരത് -താനെ
10. താനെ ഡിസ്ട്രിക്ട് സെൻട്രൽ -താനെ
വിദേശ ബാങ്കുകൾ
1. ബാങ്ക് ഓഫ് സിലോൺ
2. ക്രുങ് തായ് -തായ്ലാൻഡ്
3. എസ്.ബി.എം മൗറീഷ്യസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.