അക്കൗണ്ടിൽ ഒരു പൈസ കുറവ്; ബാങ്ക് ഹാക്കർമാരിൽനിന്ന് സുനിൽ തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsനോയിഡ: ഒരു പൈസ കൊണ്ട് എന്തൊക്കെ ചെയ്യാനാവും? ഒന്നും ചെയ്യാനാവില്ലെന്നാണ് മറുപടിയെങ്കിൽ തെറ്റി. സുനിൽകുമാറിന്റെ അനുഭവം അറിഞ്ഞാൽ 'ഇത്ര സംഭവമായിരുന്നോ ഒരു പൈസ' എന്ന് നിങ്ങൾ തലയിൽ കൈവെക്കും.
ഗ്രേറ്റർ നോയിഡയിലെ ഡാരിനിൽ താമസക്കുന്ന സുനിൽ കുമാറിനെയാണ് 'ഒരു പൈസ' സൈബർ കൊള്ളക്കാരിൽ നിന്ന് രക്ഷിച്ചത്. സുനിലിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത തട്ടിപ്പുകാർ 10000 രൂപ പിൻവലിക്കാൻ ശ്രമം നടത്തി. എന്നാൽ, അക്കൗണ്ടിൽ 10,000 രൂപയ്ക്ക് ഒരു പൈസ കുറവായിരുന്നു. 9,999.99 രൂപയാണ് ഉണ്ടായിരുന്നത്. ഇതോടെ സുനിലിന് ബാങ്കിൽനിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. 'അക്കൗണ്ടിൽനിർദിഷ്ട പണം ഇല്ലാത്തതിനാൽ ഇപ്പോൾ താങ്കൾ ശ്രമിച്ച ഇടപാട് പരാജയപ്പെട്ടു' എന്നായിരുന്നു സന്ദേശം. ഉടനടി സുനിൽ നോയിഡ പൊലീസിലെ സൈബർ സെല്ലിൽ പരാതി നൽകുകയും ബാങ്ക് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
ഹാക്കർമാരുടെ കെണിയിൽ സുനിൽ വീണത് ട്വീറ്റ് വഴി
ഗ്രേറ്റർ നോയിഡയിലെ വാണിജ്യ മേഖലയായ ആൽഫയിലാണ് സുനിൽ കുമാർ ജോലി ചെയ്യുന്നത്. ജൂൺ രണ്ടിന് 22,000 രൂപ ബന്ധുവിന് അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്തു. എന്നാൽ, അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്തപ്പോൾ അക്കങ്ങൾ തെറ്റിപ്പോയി. തുക മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ് പോയത്.
സുനിൽ ഉടൻ തന്നെ ഇതേ കുറിച്ച് തന്റെ ബാങ്കിനെ അറിയിച്ചെങ്കിലും സഹായം ലഭിച്ചില്ല. തുടർന്ന് അദ്ദേഹം സംഭവം വിശദീകരിച്ച് ട്വിറ്ററിൽ ഒരു കുറിപ്പിട്ടു. പ്രസ്തുത ട്വീറ്റിൽ ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിനെ ടാഗ് ചെയ്ത് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ഇയാളുടെ ട്വീറ്റ് ശ്രദ്ധയിൽപെട്ട സൈബർ തട്ടിപ്പുകാർ സടകുടഞ്ഞെഴുന്നേറ്റു. ബാങ്കള ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് സംഘം ഉടനടി സുനിലിനെ ബന്ധപ്പെട്ടു. ഒരു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും പ്രശ്നം പരിഹരിക്കാമെന്നും ഇവർ പറഞ്ഞു. അതുപോലെ സുനിൽ ചെയ്തതോടെ അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവുകയായിരുന്നു. തട്ടിപ്പുകാർ ആദ്യം 2,000 രൂപ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് 10,000 രൂപ പിൻവലിക്കാൻ നോക്കിയത്. എന്നാൽ, ബാങ്ക് അക്കൗണ്ടിൽ ഒരു പൈസ കുറവായതിനാൽ സുനിലിന് സന്ദേശം ലഭിക്കുകയും നോയിഡ പൊലീസിലെ സൈബർ സെല്ലിൽ പരാതി നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.