മിനിമം ബാലൻസ്, എസ്.എം.എസ്, എ.ടി.എം; അഞ്ച് വർഷത്തിനിടെ ബാങ്കുകൾ കവർന്നത് 35000 കോടി
text_fieldsതിരുവനന്തപുരം: മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും നിശ്ചയിച്ച പരിധി കഴിഞ്ഞുള്ള എ.ടി.എം ഉപയോഗത്തിനുമടക്കം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ ബാങ്കുകൾ ഉപഭോക്താക്കളുടെ ‘പോക്കറ്റടിച്ച്’ നേടിയത് 35,000 കോടി രൂപ. പണമിടപാടുകൾ നടന്നെന്ന വിവരമറിയിക്കാൻ വേണ്ടി എസ്.എം.എസ് അയച്ച വകയിൽ മാത്രം ‘കവർന്നതാ’കട്ടെ 6254 കോടിയാണ്. സേവനങ്ങളിൽനിന്ന് ബാങ്കുകൾ പിന്മാറുന്നെന്ന് മാത്രമല്ല, മത്സരിച്ച് പിഴ സ്വഭാവത്തിൽ ഉപഭോക്താക്കളിൽനിന്ന് പണം പിഴിയുക കൂടിയാണെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അടിവരയിടുന്നു. എസ്.എം.എസ് അയച്ച വകയിൽ 18 രൂപയും 20 രൂപയും വെച്ച് അക്കൗണ്ടിൽനിന്ന് പണം പിടിച്ചെന്ന സന്ദേശമെത്താറുണ്ടെങ്കിലും അധികമാരും കാര്യമാക്കാറില്ല. ഈ തുകയാണ് കോടികളുടെ വരുമാനമായി ബാങ്കുകളുടെ അക്കൗണ്ടിലെത്തുന്നത്.
മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കാത്തതിന് പൊതുമേഖല ബാങ്കുകളും അഞ്ച് സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയത് 21,000 കോടിയാണ്. സേവിങ് ബാങ്ക്സ് ഉടമകൾ അക്കൗണ്ടിൽ നിലനിർത്തേണ്ട ഏറ്റവും കുറഞ്ഞ തുക (മിനിമം ബാലൻസ് ) നഗര-ഗ്രാമങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും. ഇത്തരത്തിൽ നിശ്ചിത പരിധിക്ക് താഴേക്ക് പോയതിനുള്ള ‘പിഴയായി’ ഈടാക്കിയതാണ് 21000 കോടി. മെട്രോസിറ്റികളിൽ 3000 മുതൽ 1000 വരെയും നഗരമേഖലയിൽ 2000 മുതൽ 5000 വരെയും ഗ്രാമങ്ങളിൽ 500 മുതൽ 1000 രൂപവരെയുമാണ് മിനിമം ബാലൻസ് പരിധി. ഈ പരിധിയിൽനിന്ന് താഴേക്ക് പോയാൽ 400 മുതൽ 500 രൂപവരെ ബാങ്കുകൾ പിഴയായി ഈടാക്കുന്നുണ്ട്. ചില സ്വകാര്യ ബാങ്കുകളാകട്ടെ മിനിമം ബാലൻസ് പരിധിക്ക് താഴേക്കുക്കുള്ള ഓരോ ഇടപാടുകൾക്കും 100 രൂപയോളം പിഴയും ചുമത്തുന്നുണ്ട്.
എ.ടി.എമ്മുകളിൽനിന്ന് പണം സൗജന്യമായി പിൻവലിക്കാൻ അനുവദിച്ചുള്ള പരിധി കടന്നതിന്റെ പേരിൽ ഈടാക്കിയത് 8000 കോടിയാണ്. എ.ടി.എമ്മുകൾ ഏർപ്പെടുത്തിയതോടെ പണം പിൻവലിക്കൽ ഉത്തരവാദിത്തങ്ങളിൽനിന്ന് ബാങ്കുകൾ പിന്മാറിയെന്ന് മാത്രമല്ല, എ.ടി.എമ്മുകളുടെ പേരിൽ കടുത്ത പിഴിയൽകൂടി ആരംഭിച്ചിരിക്കുന്നു. ബാലന്‍സ് പരിശോധന അടക്കം ഇടപാടായി കണക്കാക്കുകയാണ്. ഇന്ധനം നിറയ്ക്കുന്നതിന് കാര്‍ഡ് വഴി പണം നല്കിയാല് 0.75 ശതമാനം കിഴിവ് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആരുമറിയാതെ അതവസാനിപ്പിച്ചു.
ബാങ്കുകളെല്ലാം കോര്‍ ബാങ്കിങ് സംവിധാനത്തിലാണെങ്കില്‍ പോലും അക്കൗണ്ടുള്ള ശാഖകളിലല്ലാതെ മറ്റെവിടെയെങ്കിലും പണം നിക്ഷേപിച്ചാലും സർവിസ് ചാർജ് ഈടാക്കുകയാണ്. പ്രൊസസ് ചാർജ് എന്ന പേരിൽ സ്വർണപ്പണയത്തിനടക്കം 600ഉം 700 ഉം സർവിസ് ചാർജ് ഈടാക്കുകയാണ്. ഇതും പോരാഞ്ഞ് ജനകീയ സംവിധാനമായ യു.പി.എ ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.