കോവിഡ് കാലത്തെ പണ നയ പ്രതീക്ഷകൾ
text_fieldsറിസർവ് ബാങ്ക് പണ നയ അവലോകന സമിതി യോഗം ഈയാഴ്ച വീണ്ടും ചേരുകയാണ്. ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന യോഗത്തിലെ തീരുമാനങ്ങൾ ആറിന് പുറത്തുവരും.
കോവിഡിനെ തുടർന്ന് രാജ്യം അടച്ചുപൂട്ടലിൽ ആയശേഷമുള്ള മൂന്നാമത്തെ പണനയ അവലോകനയോഗമാണിത്.ഈ സാമ്പത്തികവർഷം തുടങ്ങിയശേഷം റിസർവ് ബാങ്ക് പലിശനിരക്കിൽ 1.15 ശതമാനത്തിെൻറ കുറവ് വരുത്തിയിട്ടുണ്ട്.
പക്ഷേ ഇത്തവണ പണയ അവലോകനയോഗത്തിൽ പലിശ നിരക്കിൽ കുറവ് പ്രതീക്ഷിക്കേണ്ട എന്നാണ് പുറത്തുവരുന്ന വാർത്തകൾ. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇനി നിരക്കിളവ് ആശാസ്യമല്ല എന്നാണ് ബാങ്കിങ് രംഗെത്ത വിലയിരുത്തൽ.
അതേസമയം, വായ്പ പുനഃസംഘടനയുടെ കാര്യത്തിൽ ചില പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. രാജ്യത്ത് നിലവിലുള്ള വായ്പ മൊറട്ടോറിയം ആഗസ്റ്റ് 31ന് അവസാനിക്കുകയാണ്. സാമ്പത്തികരംഗം പൂർവസ്ഥിതി പ്രാപിച്ചിട്ടില്ലാത്തതിനാൽ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന ആവശ്യം വിവിധ തലങ്ങളിൽനിന്ന് ഉയരുന്നുണ്ട്.
എന്നാൽ ബാങ്കുകളുടെ നിലനിൽപ് കൂടി പരിഗണിച്ച് വേണം തീരുമാനം എടുക്കാൻ എന്ന ബദൽ നിർദേശവും ഉയരുന്നുണ്ട്. ഈ സാമ്പത്തികവർഷം തുടങ്ങുന്നതിനുമുമ്പ് ബാങ്കുകളുടെ കിട്ടാക്കടം 8.5 ശതമാനമായിരുന്നു. ഇപ്പോൾ 12 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ട്.
ഭാവിയിൽ 15 ശതമാനം വരെ ഉയർന്നേക്കാം. ഈ സാഹചര്യത്തിൽ വായ്പ തിരിച്ചടവ് കാലാവധി നീട്ടുകയാണെങ്കിൽ കേന്ദ്ര സർക്കാറിൽ നിന്നുള്ള കൈത്താങ്ങ് ബാങ്കുകളുടെ നിലനിൽപ്പിന് ആവശ്യമാണ് എന്നാണ് നിർദേശം. ഏതായാലും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വായ്പ പുനഃസംഘടന, വായ്പ മൊറട്ടോറിയം കാലാവധി നീട്ടുമോ എന്നറിയാൻ കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.