പണം പിൻവലിക്കാൻ ഒ.ടി.പി: ഉപഭോക്താക്കളെ പരീക്ഷിച്ച് എസ്.ബി.ഐ
text_fieldsതൃശൂർ: പതിനായിരം രൂപക്ക് മുകളിലുള്ള തുക എസ്.ബി.ഐ എ.ടി.എമ്മിലൂടെ പിൻവലിക്കാൻ ഏർപ്പെടുത്തിയ ഒ.ടി.പി (വൺ ടൈം പാസ്വേഡ്) സംവിധാനം വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് പരീക്ഷണമാവുന്നു. സാങ്കേതിക പ്രശ്നങ്ങൾ കാരണം നിശ്ചിത സമയത്തിനകം ഒ.ടി.പി ലഭിക്കാതെ ഇടപാട് തടസ്സപ്പെടുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് രാജ്യവ്യാപകമായി എസ്.ബി.ഐക്ക് ലഭിക്കുന്നത്.
പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. എ.ടി.എം വഴിയുള്ള തട്ടിപ്പ് തടയാനാണ് ഒ.ടി.പി ഏർപ്പെടുത്തിയത്. 10,000 രൂപക്ക് മുകളിൽ എ.ടി.എമ്മിൽനിന്ന് എടുക്കാൻ രാത്രി എട്ടു മുതൽ രാവിലെ എട്ടുവരെ ഒ.ടി.പി ഏർപ്പെടുത്തിയത് കഴിഞ്ഞ ജനുവരിയിലാണ്. അടുത്ത പടിയായാണ് കഴിഞ്ഞമാസം 18 മുതൽ ഇത് 24 മണിക്കൂറും ബാധകമാക്കിയത്.
10,000 രൂപക്ക് മുകളിലുള്ള സംഖ്യ എ.ടി.എമ്മിൽ ടൈപ്പ് ചെയ്താൽ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി വരും. ഇത് നിശ്ചിതസമയത്തിനകം എ.ടി.എമ്മിൽ ടൈപ് ചെയ്താലേ പണം ലഭിക്കുകയുള്ളൂ. എന്നാൽ, സംഖ്യ രേഖപ്പെടുത്തി നിശ്ചിത സമയത്തിനകം ഒ.ടി.പി ലഭിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോൾ വ്യാപകമാവുന്നത്. സുരക്ഷിതത്വത്തിനായി ഏർപ്പെടുത്തിയ ഒ.ടി.പി സംവിധാനത്തിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് എസ്.ബി.ഐ എ.ടി.എം ചാനൽ വൃത്തങ്ങൾ 'മാധ്യമ'ത്തോട് പറഞ്ഞു.
യോനോ ലൈറ്റിൽ ക്യു.ആർ കോഡുമായി എസ്.ബി.ഐ
തൃശൂർ: എ.ടി.എമ്മിലൂടെ പണം പിൻവലിക്കാൻ എസ്.ബി.ഐ പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. യോനോ ലൈറ്റ് ആപിലെ ക്യു.ആർ (ക്വിക് റെസ്പോൺസ്) കോഡ് എ.ടി.എമ്മിലെ ക്യൂ.ആർ കോഡിൽ റീഡ് ചെയ്താണ് ഇടപാട് സാധ്യമാക്കുക.
യോനോ ലൈറ്റ് ആപിൽ പിൻവലിക്കേണ്ട തുക രേഖപ്പെടുത്തിയാൽ ക്യു.ആർ കോഡ് തെളിയും. എ.ടി.എമ്മിലും ക്യു.ആർ കോഡുണ്ടാകും. മൊബൈലിലെ കോഡ് എ.ടി.എമ്മിലെ കോഡിൽ കാണിച്ചാൽ പണം പുറത്തുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.