ഒ.ടി.പി തട്ടിപ്പ്: ഉടൻ അറിയിച്ചാൽ പണം വീണ്ടെടുക്കാമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: ഒ.ടി.പി തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടവർ ആദ്യ മണിക്കൂറുകൾക്കുള്ളിൽതന്നെ പൊലീസിനെ അറിയിക്കുകയാണെങ്കിൽ നഷ്ടപ്പെട്ട പണം തിരികെ വീണ്ടെടുക്കാമെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. ഇതിനായി പൊലീസ് കമീഷണർ ഒാഫിസിൽ പ്രവർത്തിക്കുന്ന സൈബർസെല്ലിൽ പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇത്തരത്തിൽ കഴിഞ്ഞദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് നാല് ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ടിൽ മടക്കിലഭിച്ചതായും കമീഷണർ അറിയിച്ചു.
ഒ.ടി.പി തട്ടിപ്പുമായി ബന്ധപ്പെട്ട് ജനം ജാഗ്രത പാലിക്കണമെന്ന് കമീഷണർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നും ഇത്തരത്തിലുള്ള നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. പണം നഷ്ടപ്പെട്ടു എന്നറിഞ്ഞ ഉടൻ ബാങ്ക് ഉപഭോക്താക്കൾ പണം കൈമാറ്റം ചെയ്തു എന്നറിയിക്കുന്ന എസ്.എം.എസ് സന്ദേശം ഉൾപ്പെടെ വിവരം പൊലീസ് കമീഷണർ ഒാഫിസിൽ പ്രവർത്തിക്കുന്ന സൈബർ സെല്ലിലെ 0471-2329107, 9497975998 എന്നീ നമ്പറുകളിലോ സൈബർ പൊലീസ് സ്റ്റേഷനിലോ 0471-2322090 എന്ന നമ്പറിലോ ബന്ധപ്പെട്ട് അറിയിക്കണം.
പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്.എം.എസ് സന്ദേശം യാതൊരു കാരണവശാലും മൊബൈലിൽനിന്ന് ഡിലീറ്റ് ചെയ്യാൻ പാടില്ല. ഒ.ടി.പി നമ്പർ നൽകി പണം നഷ്ടപ്പെട്ടാൽ കുറഞ്ഞത് രണ്ടുമണിക്കൂറിനുള്ളിൽ വിവരം അറിയിച്ചാൽ മാത്രമേ പണം നഷ്ടപ്പെടാതെ തിരികെ ലഭിക്കാൻ സാധ്യതയുള്ളൂ. വിവരം ലഭിച്ചാലുടൻ പൊലീസ് ബാങ്കിങ് വാലറ്റുകളെ അറിയിക്കും. ബാങ്കിങ് അധികൃതർ ഉടനടിതന്നെ പണം കൈമാറ്റം ചെയ്യാതെ തടഞ്ഞുവെക്കും. പണം നഷ്ടപ്പെട്ട് അരമണിക്കൂർ മുതൽ രണ്ടുമണിക്കൂർവരെ പണം വാലെറ്റിൽ ഉെണ്ടങ്കിൽ മാത്രമേ ഇത്തരത്തിൽ പണം ലഭിക്കുകയുള്ളൂ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.