പഞ്ചാബ് നാഷനൽ ബാങ്കിൽ വീണ്ടും വായ്പ തട്ടിപ്പ്; നടന്നത് 2060 കോടിയുടെ തട്ടിപ്പ്
text_fieldsന്യൂഡൽഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷനൽ ബാങ്കിൽ വീണ്ടും വായ്പ തട്ടിപ്പ്. ഐ.എൽ ആൻഡ് എഫ്.എസ് തമിഴ്നാട് പവർ എന്ന സ്ഥാപനമാണ് 2060 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയത്. ഡൽഹി കോർപറേറ്റ് ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. പഞ്ചാബ് നാഷനൽ ബാങ്ക് തന്നെയാണ് ഇക്കാര്യങ്ങൾ ആർ.ബി.ഐയെ അറിയിച്ചത്.
ഇവരുടെ വായ്പ നിഷ്ക്രിയ ആസ്തിയായി (എൻ.പി.എ) പ്രഖ്യാപിച്ചതായും പി.എൻ.ബി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നീരവ് മോദി 824 കോടിയുടെ തട്ടിപ്പ് നടത്തിയതിനു പിന്നാലെയാണ് പി.എൻ.ബിയിൽനിന്നു വീണ്ടും വായ്പ തട്ടിപ്പ് വാർത്ത പുറത്തുവരുന്നത്. ഐ.എൽ ആൻഡ് എഫ്.എസ് തമിഴ്നാട് പവർ എന്ന സ്ഥാപനം പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലും വായ്പ തട്ടിപ്പ് നടത്തിയിരുന്നു. 148 കോടിയുടെ ഇവരുടെ വായ്പ ഫെബ്രുവരി 15ന് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിരുന്നു.
തമിഴ്‌നാട്ടിലെ കടലൂരിൽ താപവൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതിനായി ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവിസസ് ലിമിറ്റഡ് അതിന്റെ ഊർജ പ്ലാറ്റ്‌ഫോമിനു കീഴിൽ സ്ഥാപിച്ച പ്രത്യേക കമ്പനിയാണ് ഐ.എൽ ആൻഡ് എഫ്.എസ് തമിഴ്നാട് പവർ. വായ്പ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ കമ്പനിയുടെ നിഷ്ക്രിയ ആസ്തി കണ്ടെത്താൻ ബാങ്കുകൾക്ക് ആർ.ബി.ഐ കർശന നിർദേശം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.