കരുതിയിരിക്കാം പണം പോകാതിരിക്കാൻ
text_fieldsഎറണാകുളത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവിനുണ്ടായ അനുഭവം ഇങ്ങനെ; പ്രമുഖ ബാങ്കിൽ സാലറി അക്കൗണ്ടുണ്ടായിരുന്നു. ശമ്പളം അതിലേക്ക് കൃത്യമായി വരുകയും ചെയ്തിരുന്നു. പക്ഷേ, ഏതാനും മാസത്തെ കമീഷൻ ആനുകൂല്യം അക്കൗണ്ടൻറ് ഇട്ടത് യുവാവിെൻറതന്നെ മറ്റൊരു അക്കൗണ്ടിൽ. വർഷങ്ങൾക്ക് മുമ്പ് മറ്റെന്തോ ആവശ്യത്തിന് അക്കൗണ്ടൻറിന് നൽകിയിരുന്നതാണ് ഇൗ അക്കൗണ്ട് നമ്പറും ബാങ്കിെൻറ പേരും മറ്റും. പക്ഷേ, ഇങ്ങനെ ഒരു അക്കൗണ്ടുള്ള വിവരം യുവാവ്തന്നെ മറന്നിരുന്നു. ഏതായാലും കമീഷനായി ഇട്ട അയ്യായിരം രൂപയിൽ 4650 രൂപയും ഒറ്റയടിക്ക് പിൻവലിച്ചു, യുവാവല്ല; ബാങ്ക്. ചെന്ന് അന്വേഷിച്ചപ്പോൾ ബാങ്കിന് പറയാൻ നൂറുകൂട്ടം ന്യായങ്ങൾ.
വർഷങ്ങളായി മിനിമം ബാലൻസ് സൂക്ഷിക്കാതിരുന്നതിെൻറ പിഴ. അയക്കാത്ത എസ്.എം.എസിെൻറ ചാർജ്... അങ്ങനെ പലതും. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരെൻറ എണ്ണിച്ചുട്ട അപ്പംപോലുള്ള ശമ്പളത്തിനുപുറമേ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കമീഷനാണ് ഒറ്റയടിക്ക് പോയത്. മക്കളുടെ സ്കൂൾ യൂനിഫോമിനും കുടക്കും ബാഗിനുമെല്ലാം കാത്തുവെച്ച പ്രതീക്ഷ. കണ്ടതിനും കേട്ടതിനുമെല്ലാം ബാങ്കുകൾ സർവിസ് ചാർജ് ഇൗടാക്കുന്ന ഇക്കാലത്ത് ആർക്കും സംഭവിക്കാവുന്നതാണ് ഇത്. ഇൗ അബദ്ധം സംഭവിക്കാതിരിക്കണമെങ്കിൽ ചില കാര്യങ്ങളിൽ കരുതൽ വേണം.
അനാവശ്യ അക്കൗണ്ടുകൾ വേണ്ട
നേരത്തേ ബാങ്കുകൾക്ക് സേവിങ്സ് അക്കൗണ്ട് ചേർക്കുന്നതിനും ടാർഗറ്റ് ഉണ്ടായിരുന്നു. എല്ലാവർക്കും അക്കൗണ്ട് എന്നത് കേന്ദ്രസർക്കാർ നയമായി സ്വീകരിച്ച സാഹചര്യത്തിലായിരുന്നു ഇത്. അതിനാൽതന്നെ, ഏതെങ്കിലും വായ്പ അപേക്ഷയുമായി ബാങ്കിൽ എത്തുന്നവരോട് ശാഖാ മാനേജർ ആദ്യം നിർദേശിച്ചിരുന്നത് ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങാനായിരുന്നു.
ലയിച്ച് വലുതാകുന്നതിനുമുമ്പ് എസ്.ബി.െഎ മിനിമംതുക വേണ്ടാത്ത സീറോ ബാലൻസ് അക്കൗണ്ടുകളുടെ കാമ്പയിൻതന്നെ നടത്തിയിരുന്നു. അതിനാൽ, ഭവനവായ്പ അപേക്ഷകൾ, സ്വർണ പണയം തുടങ്ങി എന്തിനായാലും ബാങ്കിനെ സമീപിച്ചാൽ, ആദ്യം അക്കൗണ്ട് തുടങ്ങണമായിരുന്നു. രേഖകളുടെ അപര്യാപ്തത മൂലം ഭവനവായ്പ നിഷേധിക്കപ്പെട്ടവരുടെ അക്കൗണ്ടും സ്വർണവായ്പ തിരിച്ചെടുത്തവരുടെ അക്കൗണ്ടുമെല്ലാം ഇങ്ങനെ അനാഥമായി കിടക്കുന്നുണ്ട്. പലർക്കും തങ്ങളുടെ പേരിൽ വിവിധബാങ്കുകളിൽ വെറുതെ അക്കൗണ്ടുണ്ടെന്ന് പറയുന്നതും പഴ്സ് നിറയെ എ.ടി.എം കാർഡുണ്ടെന്ന് പറയുന്നതും ഹരമാണുതാനും. ഇൗ അക്കൗണ്ടുകളിലെല്ലാം ഇപ്പോൾ മിനിമം ബാലൻസ് നിബന്ധന ബാധകമാണ്. കേരളത്തിലെ നഗരപ്രദേശങ്ങളിലെ ശാഖകളിലാണെങ്കിൽ കുറഞ്ഞത് മൂവായിരം രൂപയും ഗ്രാമപ്രദേശങ്ങളിൽ ആയിരം രൂപയും.
ഇത്രയും തുകയില്ലെങ്കിൽ മാസം 50 രൂപവരെ പിഴയീടാക്കും. കൂടാതെ, എസ്.എം.എസ് സന്ദേശത്തിെൻറ പേരിൽ വർഷം 60 രൂപ, എ.ടി.എം കാർഡിന് വർഷം 125 രൂപ എന്നിങ്ങനെ വേറെയും ഇൗടാക്കും. ഒരാവശ്യവുമില്ലാതെ സൂക്ഷിക്കുന്ന അക്കൗണ്ടിൽ നിന്നാണ് ഇങ്ങനെ ബാങ്കിനെ പരിപോഷിപ്പിക്കുന്നത് എന്നോർക്കണം. അതിനാൽ, ആദ്യം ചെയ്യേണ്ടത്, ഏതൊക്കെ അക്കൗണ്ടുകളാണ് അത്യാവശ്യമെന്ന് പരിശോധിക്കുക. അവ മാത്രം നിലനിർത്തുക. ബാക്കിയുള്ളവ അടിയന്തരമായി അവസാനിപ്പിക്കുക. നിലനിർത്തുന്നവയിൽത്തന്നെ ഇടക്കിടെ ഇടപാടുകൾ നടത്തുക. പതിനായിരം രൂപ നിേക്ഷപമുള്ള അക്കൗണ്ടാണെങ്കിലും മൂന്നുവർഷം ഒരിടപാടും നടന്നില്ലെങ്കിൽ പല ബാങ്കുകളും ‘ഇനാക്ടിവ് അക്കൗണ്ട്’ വിഭാഗത്തിൽപെടുത്തി പിഴയീടാക്കുന്നുണ്ട്.
ഇടപാടുകളിലും വേണം ജാഗ്രത
നേരത്തേ ബാങ്ക് വഴിയുള്ള പണമിടപാടിന് മിക്കവരും ആശ്രയിച്ചിരുന്നത് ചെക്ക്, ഡ്രാഫ്റ്റ് എന്നിവയായിരുന്നു. ലക്ഷം രൂപവരെയുള്ള ചെക്ക് ഇടപാടിന് നൂറ് രൂപയും പതിനായിരം രൂപവരെയുള്ള ഡ്രാഫ്റ്റ് ഇടപാടിന് 52 രൂപയും ബാങ്കുകൾ ചാർജ് ഇൗടാക്കിയിരുന്നു. ഒാൺലൈൻ ബാങ്കിങ് വ്യാപകമായതോടെ ഇടപാടുകളുടെ രൂപംമാറി. ഇപ്പോൾ പ്രതിമാസ വായ്പതിരിച്ചടവുകൾക്ക് സ്റ്റാൻഡിങ് ഇൻസ്ട്രക്ഷനാണ് രീതി.
ചെക്ക് മടങ്ങുന്നതിെൻറ പൊല്ലാപ്പുകൾ ഇല്ലല്ലോ എന്ന് ആശ്വസിക്കാൻ വരെട്ട. ലോൺ അക്കൗണ്ടിലേക്കും മറ്റും പണമീടാക്കാൻ സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ നൽകിയ അക്കൗണ്ടുകളിൽ നിശ്ചിത തീയതിയിൽ ആവശ്യത്തിന് പണമില്ലെങ്കിൽ 250 രൂപവരെ പിഴ ചുമത്തുന്ന ബാങ്കുകളുണ്ട്. വ്യക്തികൾ തമ്മിൽ പണമിടപാട് നടത്താനും ഇപ്പോൾ ചെക്കുകൾക്ക് പകരം ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുന്നത്. നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്), റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻറ് (ആർ.ടി.ജി.എസ്) തുടങ്ങിയ പ്ലാറ്റ് ഫോമുകളാണ് ഉപേയാഗിക്കുന്നത്. ഇതിൽ ഉടൻ പണം കൈമാറുന്ന സംവിധാനവും അൽപസമയമെടുത്ത് കൈമാറുന്ന സംവിധാനവുമുണ്ട്.
ഒാരോന്നിനും നൽകേണ്ടിവരുന്ന സർവിസ് ചാർജ് നിരക്കിലും വ്യത്യാസമുണ്ട്. പല സർവിസ് ചാർജുകൾ തമ്മിൽ ഇരട്ടിയിലധികം വ്യത്യാസമുണ്ട്. കൈമാറ്റത്തിെൻറ ആവശ്യകതയും അതിനുള്ള സർവിസ് ചാർജും മറ്റും കൗണ്ടറിൽ നിന്ന് ചോദിച്ചറിഞ്ഞുവേണം, പണംകൈമാറ്റ സ്ലിപ്പിൽ, ഏത് പ്ലാറ്റ് ഫോം എന്ന കോളത്തിനുനേരെ മാർക്കുചെയ്യാൻ. ഒരേ അക്കൗണ്ടിലേക്ക് ആവശ്യമായ തുക ഒന്നിച്ച് ഇടാനും ശ്രദ്ധിക്കണം.
നിശ്ചിത തവണയിൽ കൂടുതലുള്ള നിഷേപത്തിനും സർവിസ് ചാർജുണ്ട്. ഇടക്കിടെ അക്കൗണ്ട് സ്റ്റേറ്റ്മെൻറ് എടുക്കുന്ന ശീലവും പണം ചോർത്തും. ഒാരോ പ്രാവശ്യവും അക്കൗണ്ട് സ്റ്റേറ്റ്മെൻറ് നൽകുന്നതിന് 20 മുതൽ 50 രൂപവരെ ഇൗടാക്കുന്ന ബാങ്കുകളുണ്ട്. അക്കൗണ്ടിൽ നിന്ന് നേരിട്ട് പോകുന്നതിനാൽ ഉപഭോക്താവ് അറിയാറില്ലെന്ന് മാത്രം. കഴിയുന്നതും പാസ്ബുക്ക് പതിപ്പിക്കുന്നത് ശീലമാക്കലാണ് ബുദ്ധി. ദിവസംതോറും പുതിയ സർവിസ് ചാർജ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ബാങ്കുകൾ. പോകുന്നത് പത്തും 25ഉം രൂപയല്ലേ എന്ന് സമാധാനിച്ചിട്ട് കാര്യമില്ല. കൈക്കുടന്നയിലെ വെള്ളം ചോർന്നുപോകുന്നതുപോലെ നാം അറിയാതെ അക്കൗണ്ടിലെ പണം ചെറിയ തുകകളായി ഒലിച്ചിറങ്ങിപ്പോകും.
സൂക്ഷിക്കണം; എ.ടി.എം കാർഡിനെയും
ഏത് എ.ടി.എം കൗണ്ടർ കണ്ടാലും ചുമ്മാ കയറി അക്കൗണ്ട് ബാലൻസ് നോക്കുന്ന ചിലരുണ്ട്. മറ്റ് ചിലരാകെട്ട, ഒാരോ ദിവസത്തെയും വട്ടച്ചെലവിനുള്ള പണം മാത്രം അന്നന്ന് എ.ടി.എമ്മിൽ കയറി എടുക്കും. ഇതെല്ലാം പണം ചോരുന്ന വഴികളാണ്. അക്കൗണ്ടുള്ള ബാങ്കിെൻറതന്നെ എ.ടി.എമ്മിൽ കാർഡ് ഉപയോഗിക്കുന്നതിനു പോലും നിയന്ത്രണമുണ്ട്. മിക്ക ബാങ്കുകളും സ്വന്തം എ.ടി.എം മാസത്തിൽ അഞ്ചുതവണയാണ് സൗജന്യമായി ഉപയോഗിക്കാൻ അനുവദിക്കുന്നത്. ആറാം തവണ മുതൽ പത്ത് രൂപ വീതം ഇൗടാക്കും.
ഇതരബാങ്കുകളുടെ എ.ടി.എം ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒാരോ പ്രാവശ്യവും സർവിസ് ചാർജും നികുതിയും ഉൾപ്പെടെ 23 രൂപവരെ ഇൗടാക്കുന്നുണ്ട്. പണം പിൻവലിക്കുന്നതിന് മാത്രമല്ല, ബാലൻസ് അറിയൽ, മിനി സ്റ്റേറ്റ്മെൻറ് എടുക്കൽ തുടങ്ങിയ നോൺ ഫിനാൻഷ്യൽ എ.ടി.എം സേവനങ്ങൾക്കും ഇത്തരത്തിൽ സർവിസ്ചാർജ് ഇൗടാക്കും. ശമ്പള അക്കൗണ്ടുള്ളവർക്ക് മാത്രമാണ് ചില ഇളവുകളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.