വായ്പ തിരിച്ചടവിന് സാവകാശം, ആരോഗ്യ മേഖലക്ക് 50,000 കോടി
text_fieldsമുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ വായ്പ തിരിച്ചടവിൽ ഇളവുകൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ആരോഗ്യ മേഖലക്ക് 50,000 കോടി വായ്പയും ബാങ്കുകൾ വഴി അനുവദിക്കും. ചെറുകിട -ഇടത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വായ്പകൾക്കാണ് നിബന്ധനകൾക്ക് വിധേയമായി രണ്ടുവർഷം വരെ തിരിച്ചടവ് കാലാവധി നീട്ടി നൽകുന്നത്. പ്രതിമാസ തിരിച്ചടവ് തുകയിൽ ഇളവും ഉപഭോക്താക്കൾക്ക് നേടാം. 25 കോടി വരെ വായ്പയെടുത്തവർക്കാണ് ആനുകൂല്യം എന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
കോവിഡ് ഒന്നാം തരംഗം രൂക്ഷമായപ്പോൾ ആർ.ബി.ഐ വായ്പ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അതിെൻറ തുടർച്ചയാണ് ഇപ്പോഴത്തെ ആനുകൂല്യങ്ങൾ.
വാക്സിൻ നിർമാതാക്കൾക്കും കോവിഡുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങൾക്കും മുൻഗണന വായ്പയായാണ് 50,000 കോടി ബാങ്കുകൾ വഴി നൽകുക. ആശുപത്രികൾ, ഡിസ്പെൻസറികൾ, പാതോളജി ലാബുകൾ, ഓക്സിജൻ- വെൻറിലേറ്റർ നിർമാതാക്കൾ, വിതരണക്കാർ, ഇറക്കുമതിക്കാർ, കോവിഡ് അനുബന്ധ മരുന്ന് നിർമാതാക്കൾ തുടങ്ങിയവരാണ് വായ്പ പരിധിയിൽ വരുന്നത്.
2022 മാർച്ച് 31നകം നിലവിലെ പലിശനിരക്കിൽ എടുക്കാവുന്ന വായ്പകൾക്ക് മൂന്നുവർഷമാണ് തിരിച്ചടവ് കാലാവധി. പുതിയ ജി-സാപ് പദ്ധതിപ്രകാരം ഗവൺമെൻറ് ബോണ്ടുകൾ വാങ്ങുന്നതിനായി 35,000 കോടി രൂപ ആർ.ബി.ഐ മുടക്കുമെന്നും ദാസ് പറഞ്ഞു.
മറ്റ് നിർദേശങ്ങൾ
• ചെറുകിട-ഇടത്തരം-സൂക്ഷ്മ വ്യവസായങ്ങൾക്ക് വായ്പ നൽകാൻ ചെറുകിട നിക്ഷേപ ബാങ്കുകൾക്ക് 10,000 കോടി രൂപ ആർ.ബി.ഐ നൽകും.
• സംസ്ഥാന ഗവൺമെൻറുകൾക്ക് ഓവർഡ്രാഫ്റ്റ് എടുക്കുന്നതിൽ ഇളവ്. തിരിച്ചടവ് കാലയളവ് 36 ദിവസത്തിൽനിന്ന് 50 ദിവസമാക്കും.
• കെ.ൈവ.സി പുതുക്കലിനും കാലാവധി നീട്ടി. 2021 ഡിസംബർ 31വരെ കെ.വൈ.സി പുതുക്കാത്തവർക്കെതിരെ ശിക്ഷാ നടപടി പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.