വായ്പ പലിശ നിരക്കിൽ മാറ്റമില്ലെന്ന് ആർ.ബി.ഐ; റിപ്പോ 6.5 ശതമാനമായി തുടരും
text_fieldsമുംബൈ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ വായ്പാ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. പണനയ അവലോകന യോഗത്തിന് ശേഷം ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പണനയ സമിതിയുടെ കഴിഞ്ഞ ഒമ്പത് യോഗങ്ങളിലും റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തന്നെ നിലനിർത്താനാണ് തീരുമാനിച്ചിരുന്നത്. വളര്‍ച്ചാ ലക്ഷ്യങ്ങളും പണപ്പെരുപ്പവും സന്തുലിതമായി നിലനിര്‍ത്താനുള്ള നടപടിയുടെ ഭാഗമായാണിത്. 2023 ഫെബ്രുവരിയിലാണ് 6.50 ശതമാനം എന്ന റിപ്പോ നിരക്ക് ആർ.ബി.ഐ നിശ്ചയിച്ചത്.
ഉപഭോഗത്തിലും നിക്ഷേപത്തിലും വർധനവ് രേഖപ്പെടുത്തി. 2024-25ലെ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച 7.2 ശതമാനമാണ്. ഇത് രണ്ടാം പാദത്തിൽ 7 ശതമാനവും മൂന്നാം പാദത്തിൽ 7.4 ശതമാനവും നാലാം പാദത്തിൽ 7.4 ശതമാനവുമാണ് പ്രതീക്ഷിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ജി.ഡി.പി വളർച്ച 7.3 ശതമാനമായിരിക്കും.
2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ജി.ഡി.പി വളർച്ച 6.7 ശതമാനമാണ്. ജി.ഡി.പിയിലെ നിക്ഷേപ പങ്കാളിത്തം 2012-13 കാലയളവിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) നിരക്ക് 6.25 ശതമാനവും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (എം.എസ്.എഫ്), ബാങ്ക് നിരക്ക് എന്നിവ 6.75 ശതമാനമായും തുടരുന്നു. വളർച്ചാ ലക്ഷ്യത്തോടൊപ്പം പണപ്പെരുപ്പത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും പണനയ സമിതി തീരുമാനിച്ചു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടപ്പുവര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണ് ഇന്നത്തേത്. പുറത്തു നിന്നുള്ള മൂന്നംഗങ്ങളെ നിയമിച്ച ശേഷം ചേർന്ന പണനയ സമിതിയുടെ ആദ്യ യോഗം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.