പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്
text_fieldsന്യൂഡൽഹി: പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. മൂന്നു ദിവസം നീണ്ട വായ്പ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ആർ.ബി.ഐ ഗവർണർ.
ഫെബ്രുവരിയിൽ റിപ്പോ നിരക്ക് 115 ബേസിസ് പോയൻറ് കുറച്ചിരുന്നു. വാണിജ്യബാങ്കുകൾ റിസർവ് ബാങ്കിൽനിന്ന് എടുക്കുന്ന വായ്പക്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ. വാണിജ്യബാങ്കുകളുടെ കരുതൽ പണത്തിന് റിസർവ് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ. കോവിഡ് 19നെതിരായ യുദ്ധം രാജ്യത്ത് ഏറ്റവും തീവ്രമായ നിലയിലാണെന്നും സമ്പദ്വ്യവസ്ഥ ചലനാത്മകമായി നിലനിർത്തണമെന്നും ഗവർണർ അറിയിച്ചു.
രാജ്യത്തെ ജി.ഡി.പി നിരക്ക് ചുരുങ്ങിയിരുന്നു. 2021 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷം വരെ ഈ നില തുടരാനാണ് സാധ്യത. ജൂലൈ- സെപ്റ്റംബർ മാസങ്ങളിൽ പണപ്പെരുപ്പ നിരക്ക് ഉയരും. വിതരണ ശൃംഖലയിൽ തടസം നിലനിൽക്കുന്നതിനാൽ പണപ്പെരുപ്പം ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ സാമ്പത്തിക വിനിമയങ്ങൾ ലോക്ഡൗൺ കാലഘട്ടമായ ഏപ്രിൽ-മേയ് മാസങ്ങളിൽ കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ നിരവധി നഗരങ്ങളിൽ ഉൾപ്പെടെ ഇടപാടുകൾ തിരിച്ചുവന്നതോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ശുഭ സുചനകൾ കാണുന്നുണ്ടെന്നും ശക്തികാന്തദാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.