പണപ്പെരുപ്പം കൂടും; നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്
text_fieldsമുംബൈ: രാജ്യത്ത് സാമ്പത്തികമാന്ദ്യം പിടിമുറുക്കിയത് ശരിവെച്ച് റിസർവ് ബാങ്കും. നടപ്പുവർഷം സാമ്പത്തിക വളർച്ച ഇടിയുമെന്നും പണപ്പെരുപ്പം കൂടുമെന്നും റിസർവ് ബാങ്കിെൻറ ദ്വൈമാസ പണനയ അവലോകനത്തിൽ വ്യക്തമാക്കുന്നു. ഉൽപാദന-നിർമാണ-തൊഴിൽ മേഖലകളിൽ മാന്ദ്യം നിലനിൽക്കെയാണ് സർക്കാറിന് പ്രഹരമായി കേന്ദ്രബാങ്കിെൻറ റിപ്പോർട്ടും സാമ്പത്തികസൂചികകൾ കീഴ്പ്പോട്ടാണെന്ന് ചൂണ്ടിക്കാട്ടുന്നത്. ചരക്കു സേവന നികുതി(ജി.എസ്.ടി) നടപ്പാക്കിയത് സാമ്പത്തികമേഖലക്ക് തിരിച്ചടിയായെന്നും ഇത് ബിസിനസ് നിക്ഷേപങ്ങൾ വൈകിപ്പിക്കാൻ ഇടയാക്കുമെന്നും ആർ.ബി.െഎ പറയുന്നു.
വ്യാപാരം ആയാസരഹിതമാകാൻ ജി.എസ്.ടി വ്യവസ്ഥകൾ കേന്ദ്രം ലളിതവത്കരിക്കുമെന്ന പ്രതീക്ഷയും കേന്ദ്ര ബാങ്ക് പ്രകടിപ്പിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ ആർ.ബി.െഎ 7.3 ശതമാനം സാമ്പത്തിക വളർച്ച പ്രവചിച്ചതാണ് ഇപ്പോൾ 6.7 ശതമാനത്തിലേക്ക് കുറച്ചത്. പണപ്പെരുപ്പം സാമ്പത്തിക വർഷത്തിെൻറ രണ്ടാം പകുതിയിൽ 4.2-4.6 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. ആഗസ്റ്റിൽ ചില്ലറവില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 3.36 ശതമാനമായിരുന്നു. പണപ്പെരുപ്പം ഉയരുന്നത് സാധനവില വർധിക്കാൻ ഇടയാക്കും.
അതേസമയം, അടിസ്ഥാന നിരക്കുകളിൽ ഒരു മാറ്റവും വരുത്താൻ റിസർവ് ബാങ്ക് തയാറായില്ല. ബാങ്കുകളുടെ നിക്ഷേപത്തിന് കേന്ദ്ര ബാങ്ക് നൽകുന്ന പലിശനിരക്കായ റിപോ ആറു ശതമാനത്തിൽതന്നെ തുടരും. റിവേഴ്സ് റിപോയും നിലവിലെ 5.75 ശതമാനത്തിൽ തുടരും. ഇതുമൂലം ബാങ്കുകളുടെ വായ്പാപലിശ നിരക്കുകളിൽ മാറ്റമുണ്ടാകില്ല.
കഴിഞ്ഞ 20 പാദങ്ങളിൽ തുടർച്ചയായി വ്യവസായ വളർച്ച ഇടിഞ്ഞിരിക്കുകയാണ്. കൃഷി അനുബന്ധ മേഖലകളിലും ഒാരോ പാദത്തിലും വളർച്ച കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വളർത്തുമൃഗങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ, വനവിഭവങ്ങൾ, മത്സ്യം എന്നിവയുടെ ലഭ്യതക്കുറവ് കാർഷിക മേഖലയുടെ വളർച്ച മന്ദീഭവിപ്പിച്ചു. മൺസൂൺ വ്യാപകമാകാതിരുന്നതും ഖരിഫ് വിളവെടുപ്പിലെ അനിശ്ചിതത്വവും കാർഷികരംഗത്തിെൻറ ഉണർവിനെ ബാധിച്ചു.
ആർ.ബി.െഎ പണനയം പ്രഖ്യാപിക്കുന്നതിനു മുമ്പായി പെട്രോൾ, ഡീസൽ വിലയുടെ എക്സൈസ് നികുതി കേന്ദ്രം കുറച്ചത് കണക്കിലെടുത്താൽ നിലവിൽ കണക്കാക്കുന്നത്ര പണപ്പെരുപ്പം കൂടില്ലെന്ന വിലയിരുത്തലുമുണ്ട്. സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിൽ വാണിജ്യരംഗം കുറച്ച് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ആർ.ബി.െഎ വിലയിരുത്തുന്നു. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കും അടുത്തിടെ ഇന്ത്യയുടെ വളർച്ചനിരക്ക് നേരേത്ത അവർ കണക്കുകൂട്ടിയ 7.4ൽനിന്ന് ഏഴായി കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.