വായ്പ തിരിച്ചടവിന് മൂന്ന് മാസം മോറട്ടോറിയം
text_fieldsമുംബൈ: കോവിഡ് ബാധയിൽ ഞെരുങ്ങുന്ന സാമ്പത്തിക രംഗത്തെ ഉണർത്താൻ ആശ്വാസ നടപടികളുമായി ആർ.ബി.ഐ. എല്ലാ ബാങ്കുകളിലെയും പ്രതിമാസ വായ്പ തിരിച്ചടവിന് (ഇ.എം.ഐ) മൂന്നുമാസം മൊറട്ടോറിയം പ്രഖ്യാപിച്ചതാണ് സുപ്രധാന തീരുമാനം. കാർഷിക വായ്പകൾക്കും വീട്, കാർ അടക്കം വാഹന വായ്പകൾക്കും ക്രെഡിറ്റ് കാർഡ് കുടിശ്ശികക്കും മൊറട്ടോറിയം ബാധകമാണ്.
കോവിഡ് പ്രതിസന്ധിക്കാലത്ത് കേന്ദ്രബാങ്കിെൻറ നടപടി ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
റിപോ 4.4 ശതമാനം
ബാങ്കുകളുടെ പണലഭ്യത കൂട്ടി വിപണിയെ ചലിപ്പിക്കാനുള്ള നിരവധി നിർദേശങ്ങളും ബാങ്ക് പുറപ്പെടുവിച്ചു. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപോ ഗണ്യമായി കുറച്ചു. 0.75 ശതമാനം റിപോ കുറച്ചത് ഭാവിയിൽ വായ്പ പലിശനിരക്ക് കാര്യമായി കുറയാൻ വഴിയൊരുക്കും. 5.5 ശതമാനത്തിൽനിന്ന് 4.4 ശതമാനത്തിലേക്കാണ് റിപോ കുറയുക.
വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന നിക്ഷേപത്തിനുള്ള പലിശയായ റിവേഴ്സ് റിപോ നിരക്കിൽ 90 പോയൻറ് കുറവുവരുത്തി. കരുതൽ ധന അനുപാതം (സി.ആർ.ആർ) നാല് ശതമാനത്തിൽനിന്ന് മൂന്നു ശതമാനമായും കുറച്ചു. പണലഭ്യത കൂട്ടാനുള്ള എല്ലാ നടപടികളും ചേർത്തുവെച്ചാൽ ബാങ്കുകൾക്ക് ആകെ 3.74 ലക്ഷം കോടി ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇതാണ് വിപണിക്ക് മുതൽക്കൂട്ടാവുക.
ഇവർക്ക് ബാധകം
വാണിജ്യ ബാങ്കുകൾ, ഗ്രാമീണ-ചെറുകിട-സഹകരണ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, വീട്ടുവായ്പ-മൈക്രോഫിനാൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് 2020 മാർച്ച് ഒന്നുവരെ എടുത്ത വായ്പകൾക്കാണ് തിരിച്ചടവ് കാലാവധി ദീർഘിപ്പിച്ചത്.
പുതുതായി തുടങ്ങിയ കമ്പനികളെയടക്കം പരിഗണിച്ച് അവരുടെ പ്രവർത്തന മൂലധന വായ്പകൾക്കും തിരിച്ചടവ് നീട്ടിനൽകിയിട്ടുണ്ട്. ആർ.ബി.ഐ നിരക്ക് കുറച്ചതിെൻറ നേട്ടം ഏപ്രിൽ ഒന്നുമുതൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുമെന്ന് എസ്.ബി.ഐ അറിയിച്ചു.
കടുത്ത പരീക്ഷണഘട്ടം എല്ലായ്പോഴും ഉണ്ടാകില്ലെന്നും എന്നാൽ, ശക്തമായ തീരുമാനങ്ങളും അത്തരം നടപടി എടുക്കുന്ന സ്ഥാപനങ്ങളുമാണ് പ്രതിസന്ധികളെ അതിജീവിക്കുകയെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. യുദ്ധസമാന സാഹചര്യമായി പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടി. പണപ്പെരുപ്പം അടുത്ത ഏതാനും മാസങ്ങൾക്കകം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വായ്പ നൽകിയ ബാങ്കുകളാണ് മൊറട്ടോറിയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്ന സൂചനയും ഗവർണർ നൽകി.
ഈ മാസം 31 മുതൽ ഏപ്രിൽ മൂന്നുവരെ നടക്കാനിരുന്ന കേന്ദ്രബാങ്കിെൻറ ധനനയ സമിതി യോഗമാണ് പ്രത്യേക സാഹചര്യം പരിഗണിച്ച് നേരത്തേ ചേർന്നത്.
മോറട്ടോറിയം
വായ്പ തിരിച്ചടവ് ദീർഘിപ്പിച്ച് നൽകുന്ന കാലയളവാണ് മോറട്ടോറിയം. സാധാരണഗതിയിൽ തിരിച്ചടവ് മുടങ്ങിയാൽ വ്യക്തിയുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കും. എന്നാൽ, മൊറട്ടോറിയം കാലയളവ് അതിൽപെടില്ല. വായ്പയുമായി ബന്ധപ്പെട്ട മറ്റു ചാർജുകളും വ്യവസ്ഥകളും ഇൗ കാലയളവിൽ ഉപഭോക്താവിൽ ബാധകമാക്കില്ല.
മൊറട്ടോറിയം കാലാവധിക്കുശേഷവും കൊടുത്തുതീർക്കാനുള്ള തുകയിൻമേൽ സാധാരണ പലിശയാണ് ഈടാക്കുക. 2020 മാർച്ച് ഒന്നുമുതൽ 2020 മേയ് 31വരെ കാലയളവിലാണ് ഇപ്പോഴത്തെ മൊറട്ടോറിയം ബാധകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.