പണംപോകണ്ടെങ്കിൽ കളംമാറ്റി ചവിട്ടിക്കോളൂ
text_fieldsഅക്കൗണ്ടിൽ സൂക്ഷിക്കാൻ വേണ്ടത്ര പണമില്ലാത്തവർ കളം മാറ്റിച്ചവിട്ടലാണ് നല്ലതെന്നാണ് ഉപദേശം. ഉപദേശിക്കുന്നത് മറ്റാരുമല്ല; രാജ്യത്തെ ഏറ്റവും വലിയ ദേശീയ ബാങ്ക്.
എസ്.ബി.െഎയാണ് ഉപഭോക്താക്കളോട് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാൻ കഴിയില്ലെങ്കിൽ അക്കൗണ്ടിെൻറ സ്വഭാവം മാറ്റാൻ ഉപദേശിക്കുന്നത്. മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ഇൗടാക്കുന്ന പിഴയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് വ്യംഗ്യം. മെട്രോ നഗരങ്ങളിൽ മിനിമം ബാലൻസ് 3000 രൂപയും സെമി മെട്രോ, അർബൻ നഗരങ്ങളിലെ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് 2000 രൂപയും ഗ്രാമീണ മേഖലകളിലെ അക്കൗണ്ടുകളിൽ 1000 രൂപയും മിനിമം ബാലൻസ് വേണമെന്നാണ് ചട്ടം. അത് പാലിക്കാൻ കഴിയാത്തവരിൽനിന്ന് പിഴയീടാക്കിയ വകയിൽ 2400 കോടി രൂപയാണ് എസ്.ബി.െഎക്ക് മാത്രം കിട്ടിയതെന്നാണ് കണക്ക്. മൊത്തം ബാങ്കുകൾക്ക് ലഭിച്ചത് 11500 കോടി രൂപയും.
അഞ്ച് സ്റ്റേറ്റ് ബാങ്കുകൾകൂടി കഴിഞ്ഞ വർഷം ലയിച്ചതോടെ, എസ്.ബി.െഎയിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 42.5 കോടി കവിഞ്ഞിരിക്കുകയാണ്. ഇതിൽ 60 ശതമാനത്തിന് മാത്രമാണ് മിനിമം ബാലൻസ് അക്കൗണ്ട് നിബന്ധന ബാധകമായത്. പെൻഷൻ അക്കൗണ്ടുകൾ, പ്രായപൂർത്തിയാവാത്തവരുടെ പേരിൽ തുടങ്ങിയ അക്കൗണ്ടുകൾ, സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അക്കൗണ്ടുകൾ തുടങ്ങിയവയെ എല്ലാം മിനിമം ബാലൻസ് നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശേഷിച്ച സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാൻ താൽപര്യമില്ലാത്തവർ ബേസിക് സേവിങ് ബാങ്ക് െഡപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടിലേക്ക് മാറുന്നതാകും ഉചിതമെന്നാണ് നിർദ്ദേശം. മിനിമം ബാലൻസ് പാലിക്കാത്തവരിൽനിന്ന് ഇൗടാക്കുന്ന പിഴയിൽ കുറവ് വരുത്താനും സാധ്യതയില്ല.
നിലവിൽ ഇൗടാക്കുന്ന പിഴ ബാങ്കിങ് രംഗത്തെതന്നെ ഏറ്റവും കുറഞ്ഞ പിഴയാണ് എന്നാണ് ഇതിനുള്ള ന്യായീകരണം. നേരേത്ത നിശ്ചയിച്ചിരുന്ന പിഴ തുകയിൽ കഴിഞ്ഞ ഏപ്രിലിൽ കാര്യമായ ഇളവുവരുത്തിയിരുന്നു. ഉപഭോക്താക്കളിൽനിന്നുള്ള അഭിപ്രായം മാനിച്ചാണ് ഇതെന്നും ബാങ്ക് വിശദീകരിച്ചിരുന്നു.
‘ബേസികി’ലേക്ക് മാറാൻ
മിനിമം ബാലന്‍സ് നിബന്ധന ബാധകമല്ലാത്ത ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്. ബി.ഡി) അക്കൗണ്ട് തുടങ്ങാൻ ബാങ്ക് നിർദേശിക്കുന്ന തിരിച്ചറിയൽ രേഖകൾ (കെ.വൈ.സി) നൽകിയാൽ മതിയാകും. മിനിമം ബാലൻസ് നിബന്ധന ബാധകമല്ലെന്ന് മാത്രമല്ല, അക്കൗണ്ടിൽ സൂക്ഷിക്കാവുന്ന ഉയർന്ന തുകക്ക് പരിധിയുമില്ല. വ്യക്തികൾക്ക് ഒറ്റക്കോ േജായൻറ് അക്കൗണ്ടായോ തുടങ്ങാം. അക്കൗണ്ട് തുറക്കുമ്പോള്‍ എ.ടി.എം കം ഡെബിറ്റ് കാർഡായ റൂപേ കാര്‍ഡ് സൗജന്യമായി ലഭിക്കും. ഇതിന് വാര്‍ഷിക ഫീസ് ഇല്ല.
നെഫ്റ്റ്, ആർ.ടി.ജി.എസ് എന്നീ ഇലക്ടോണിക് പേമെൻറ് സംവിധാനങ്ങള്‍ വഴിയുള്ള ഇടപാടുകളും സൗജന്യമാണ്. പക്ഷേ, എ.ടി.എം ഉപയോഗിച്ചും അല്ലാതെയും മാസത്തില്‍ നാലു പ്രാവശ്യം മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂ. ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും ആവശ്യമില്ലാത്ത അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നതിനും ചാര്‍ജ് ഈടാക്കില്ല. ബി.എസ്.ബി.ഡി അക്കൗണ്ട് തുറക്കുന്നയാള്‍ക്ക് അതേ ബാങ്കില്‍ മറ്റൊരു സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടാകരുത്.
നിലവിൽ സേവിങ്‌സ് അക്കൗണ്ട് ഉണ്ടെങ്കില്‍, ബി.എസ്.ബി.ഡി അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളില്‍ സേവിങ്‌സ് അക്കൗണ്ട് ക്ലോസ് ചെയ്യണം. ഒരു ബാങ്കില്‍ ഒന്നിലധികം ബി.എസ്.ബി.ഡി അക്കൗണ്ട് തുറക്കാനും പാടില്ല. അതേസമയം, ടേം -ഫിക്‌സഡ് ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ് എന്നിവ തുടങ്ങാന്‍ തടസ്സമൊന്നുമില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ചെക്ക് വഴിയുള്ള നിക്ഷേപത്തിനും ചാർജ് ഇൗടാക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.