ഗർഭിണികൾക്ക് എസ്.ബി.ഐയിൽ വീണ്ടും 'നിയമന വിലക്ക്'
text_fieldsതൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ) ഗർഭിണികൾക്ക് 'നിയമന വിലക്ക്' വീണ്ടും. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ശേഷം 2009ൽ പിൻവലിച്ച വിലക്കാണ് പുനഃസ്ഥാപിച്ചത്.
ഇതുസംബന്ധിച്ച സർക്കുലർ ബാങ്കിന്റെ എല്ലാ ലോക്കൽ ഹെഡ് ഓഫിസുകളിലും സർക്കിൾ ഓഫിസുകളിലും ലഭിച്ചു. എസ്.ബി.ഐയിൽ നിയമനത്തിന് പരിഗണിക്കുന്ന വനിത ഗർഭിണിയാണെങ്കിൽ, അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ നിയമനത്തിന് 'താൽക്കാലിക അയോഗ്യത'യായി കണക്കാക്കുമെന്ന് ഇതിൽ പറയുന്നു. ഇവർ പ്രസവം കഴിഞ്ഞ് നാല് മാസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
അതായത്, ഗർഭിണികൾക്ക് മൂന്ന് മാസം കഴിഞ്ഞാൽ നിയമനം നിഷേധിക്കുന്നെന്ന് മാത്രമല്ല പ്രസവശേഷം ആറ് മാസം വരെ നവജാത ശിശുവിനെ പരിപാലിക്കാനുള്ള സ്വാഭാവിക സമയം അനുവദിക്കുന്നുമില്ല. ഡിസംബർ 21ന് ചേർന്ന യോഗമാണ് നിലവിലെ വ്യവസ്ഥകൾ മാറ്റിയുള്ള ഈ തീരുമാനമെടുത്തതെന്ന് ഉത്തരവിൽ പറയുന്നു.
ഗർഭിണികൾക്ക് നിയമനത്തിനും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കർശന നിയന്ത്രണങ്ങൾ നിലനിന്ന എസ്.ബി.ഐയിൽ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2009ലാണ് മാറ്റം വന്നത്. നിയമനത്തിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കപ്പെടുന്ന വനിതകൾ അവർ ഗർഭിണിയാണോയെന്നതടക്കമുള്ള വിശദാംശങ്ങൾ മാത്രമല്ല ആർത്തവചക്രം സംബന്ധിച്ചും രേഖാമൂലം വിവരങ്ങൾ നൽകാൻ നേരത്തേ നിർബന്ധിതരായിരുന്നു.
ഇതിൽ മാറ്റം വരുത്തിയാണ് 2009ൽ, ഗർഭകാലം ആറ് മാസം വരെയുള്ളവർക്ക് നിയമനം നൽകാമെന്നും ജോലിക്കായെത്തുന്നത് ഗർഭാവസ്ഥക്കും ആരോഗ്യത്തിനും ദോഷമാകില്ലെന്നുമുള്ള ഗൈനക്കോളജിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന വ്യവസ്ഥ വെച്ചത്. ഇതാണ് വീണ്ടും 'വിലക്കി'ലേക്ക് മാറുന്നത്.
മുമ്പ് വിലക്ക് നീക്കാൻ ശക്തമായ ഇടപെടലിന് മുന്നിൽ നിന്നത് അന്ന് സംസ്ഥാന സർക്കാറും വിവിധ സംഘടനകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.