വിരമിച്ചവർക്ക് കരാർ നിയമനവുമായി എസ്.ബി.ഐ
text_fieldsതൃശൂർ: പൊതുമേഖല ബാങ്കുകളിൽനിന്ന് വിരമിച്ച ഓഫിസർമാർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരാർ അടിസ്ഥാനത്തിൽ പുനർ നിയമനം നൽകുന്നു. യോഗ്യതയുള്ള പതിനായിരക്കണക്കിന് യുവതീ യുവാക്കൾ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് 35,000 മുതൽ 60,000 രൂപ വരെ വേതനമുള്ള ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നത്. ഇതിനായി എസ്.ബി.ഐയുടെ സെൻട്രൽ റിക്രൂട്ട്മെന്റ് ആൻഡ് പ്രമോഷൻ വിഭാഗം അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ എഫ്.എൽ.സി (ഫിനാൻഷ്യൽ ലിറ്ററസി സെന്റർ) ഡയറക്ടർ, കൗൺസലർ തസ്തികകളിലേക്കാണ് നിയമനം. എസ്.ബി.ഐയിലോ അതിൽ ലയിപ്പിച്ച പഴയ അസോസിയേറ്റ് ബാങ്കുകളിലോ മറ്റ് പൊതുമേഖല ബാങ്കുകളിലോ റീജണൽ റൂറൽ ബാങ്കുകളിലോ സ്കെയിൽ വൺ ഓഫിസറോ അതിന് മുകളിലോ ഉള്ള തസ്തികകളിൽനിന്ന് വിരമിച്ചവരെയാണ് കൗൺസലറായി നിയമിക്കുന്നത്.
ഡയറക്ടർ സ്ഥാനത്തേക്ക് സ്കെയിൽ മൂന്നിനും അതിന് മുകളിലുമുള്ള തസ്തികകളിൽനിന്ന് വിരമിച്ചവരെ പരിഗണിക്കും. ഇവർ വിരമിച്ച തസ്തികക്ക് അനുസരിച്ച് പ്രതിമാസം 60,000 രൂപ വരെ വേതനം നൽകും. തുടക്കത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. ഇത് 65 വയസ്സ് തികയുന്ന വരെ നീട്ടാം. ഈ മാസം 30നകം ഓൺലൈനായി അപേക്ഷിക്കാനാണ് നിർദേശം. 207 കൗൺസലർമാരെയും നാല് ഡയറക്ടർമാരെയും നിയമിക്കുന്നുണ്ട്. തിരുവനന്തപുരം സർക്കിളിൽ 26 കൗൺസലർമാരെയാണ് നിയമിക്കുന്നത്.
ഇതിന് പുറമെ എ.ടി.എമ്മുമായി ബന്ധപ്പെട്ട ജോലികൾക്ക് 503 ചാനൽ മാനേജർ ഫെസിലിറ്റേറ്റർമാരെയും 130 ചാനൽ മാനേജർ സൂപർവൈസർമാരെയും എട്ട് സപ്പോർട്ട് ഓഫിസർമാരെയും കരാർ അടിസ്ഥാനത്തിൽ എസ്.ബി.ഐ നിയമിക്കുന്നുണ്ട്. 60-63 പ്രായപരിധിയിൽ ഉള്ളവരെയാണ് നിയമിക്കുന്നത്. ഫെസിലിറ്റേറ്റർ, സപ്പോർട്ട് ഓഫിസർ തസ്തികകളിൽ 41,000 രൂപയും മാനേജർക്ക് 36,000 രൂപയും പ്രതിമാസം വേതനം നൽകും.നിയമന നടപടികൾ പുരോഗിക്കുകയാണെങ്കിലും യുവജന സംഘടനകൾ അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. ഇതിനു മുമ്പ് ചില പ്രത്യേക കാമ്പസുകളിൽനിന്നുള്ളവർക്ക് മാത്രമായി റിക്രൂട്ട്മെന്റ്, ഗർഭിണികൾക്ക് നിയമന വിലക്ക് തുടങ്ങിയ നീക്കങ്ങൾ എസ്.ബി.ഐയിൽനിന്ന് ഉണ്ടായപ്പോൾ ശക്തമായി പ്രതിഷേധവും എതിർപ്പും ഉയർന്നത് ബാങ്കിനകത്തെ സംഘടനകളിൽനിന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.