'യോനോ' ഉപഭോക്താക്കളുടെ ഒ.ടി.പി ചോദിക്കാൻ ജീവനക്കാർക്ക് എസ്.ബി.െഎ നിർദേശം
text_fieldsതൃശൂർ: ബാങ്ക് ഇടപാടുകളിലെ ഓൺലൈൻ തട്ടിപ്പിനെതിരെ അധികൃതർ നിരന്തരം ജാഗ്രത നിർദേശം നൽകുന്നതിനിടയിൽ വിചിത്ര നടപടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
തങ്ങൾക്ക് അടുപ്പമുള്ള ഇടപാടുകാരുടെ 'യോനോ കാഷ്' ഇടപാടിെൻറ ഒ.ടി.പി (വൺ ടൈം പാസ്വേഡ്) നമ്പർ ചോദിച്ച് വാങ്ങി പണം എടുക്കാൻ എസ്.ബി.ഐ കേരള സർക്കിൾ ജീവനക്കാരോട് ആവശ്യപ്പെട്ടു.
യോനോ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ എസ്.ബി.ഐ സർക്കിളുകൾക്കിടയിൽ ഏർപ്പെടുത്തിയ മത്സരത്തിൽ കേരളവും ഹൈദരാബാദിലെ അമരാവതിയുമാണ് അവസാന റൗണ്ടിലുള്ളത്. മത്സരം ബുധനാഴ്ച അവസാനിക്കും. അതിനകം പരമാവധി യോനോ ഇടപാട് നടത്തി മുന്നിലെത്താണ് ഇത്തരമൊരു നിർദേശം ജീവനക്കാർക്ക് നൽകിയത്.
ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർ തങ്ങൾക്ക് കിട്ടിയ ഒ.ടി.പി മറ്റൊരാളുമായി പങ്കുവെക്കുന്നതുകൊണ്ടാണ് പലപ്പോഴും പണം നഷ്ടമാകുന്നതെന്നും ഒരുകാരണവശാലും അത് ചെയ്യരുതെന്നും റിസർവ് ബാങ്കും മറ്റു ബാങ്കുകളും ആവർത്തിച്ച് അറിയിപ്പ് നൽകുന്നുണ്ട്. ഇടപാടുകാരുടെ ഒ.ടി.പി ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ബാങ്കുകളും പറയാറുണ്ട്. ഇതെല്ലാം ലംഘിച്ചാണ് മത്സരം ജയിക്കാനുള്ള നീക്കം.
'ഡിയർ ടീം' അഭിസംബോധനയോടെ കേരള റീജനൽ ബിസിനസ് ഒാഫിസിലെ (ആർ.ബി.ഒ) ജീവനക്കാർക്കാണ് എസ്.ബി.ഐ സന്ദേശം അയച്ചത്. യോനോ കാഷിെൻറ ഫൈനൽ ബുധനാഴ്ചയാണെന്ന് ഓർമിപ്പിക്കുന്ന സന്ദേശത്തിൽ 'നമുക്ക് വെല്ലുവിളി നിറഞ്ഞ ലക്ഷ്യമാണ് ലഭിച്ചിരിക്കുന്ന'തെന്ന് വ്യക്തമാക്കുന്നു.
അത് നേടാൻ ഓരോ ആർ.ബി.ഒ സ്റ്റാഫും ബന്ധുക്കളും സുഹൃത്തുക്കളുമായി 10 പേരുടെ ഒ.ടി.പി വാങ്ങി ചൊവ്വാഴ്ച രാത്രി 10നും 11.30നും ഇടക്ക് യോനോ കാഷ് ഇടപാട് നടത്തണം. ഒരു ഉപഭോക്താവിന് ഒരുദിവസം യോനോ കാഷിൽ രണ്ടുതവണ ഇടപാട് നടത്താം. ഇതുവഴി 10 പേരുടേതായി 20 ഇടപാട് നടക്കും.
ബന്ധുവിൽനിന്നോ സുഹൃത്തിൽനിന്നോ വാങ്ങിയ ഒ.ടി.പി മാർക്കറ്റിങ് വിഭാഗത്തിന് നൽകും. അവരാണ് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുക. ബുധനാഴ്ച പകൽ വീണ്ടും ഇവരെ ഉപയോഗിച്ച് ഇടപാട് നടത്താം. റീജനൽ ബിസിനസ് ഓഫിസിൽനിന്ന് 1000 യോനോ കാഷ് ഇടപാട് നടത്തി മേഖലയുടെ 'പതാക ഉയരത്തിൽ പാറിക്കണം' എന്നാണ് സന്ദേശത്തിൽ പറയുന്നത്.
വിചിത്രമായ ഈ നിർദേശം ലഭിച്ച പല ജീവനക്കാരും ഞെട്ടലിലാണ്. ഉപഭോക്താവല്ലാതെ മറ്റാരും അറിയാൻപാടില്ലാത്ത ഒ.ടി.പി അവരിൽനിന്ന് വാങ്ങാൻ എസ്.ബി.ഐ പോലൊരു ബാങ്ക് തങ്ങളുടെ ജീവനക്കാരോട് ആവശ്യപ്പെട്ടത് ഗുരുതര സാഹചര്യമാണെന്നാണ് ജീവനക്കാരിൽ ചിലർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.