'സ്വാഗതം മലയാളമണ്ണിലേക്ക്' കാമ്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
text_fieldsകൊച്ചി: വേനലവധിക്ക് സ്വദേശത്തെത്തുന്ന പ്രവാസി മലയാളികളെ വരവേൽക്കാൻ 'സ്വാഗതം മലയാളമണ്ണിലേക്ക്' ക്യാമ്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമകളായി സൂക്ഷിക്കാനാകുന്ന കേരള ഡയറി, വിവിധ ഇടങ്ങളിൽ ഉപയോഗിക്കാവുന്ന ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയടങ്ങിയ കിറ്റാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത്.
കൊച്ചി വിമാനത്താവളവുമായി സഹകരിച്ചാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ, പ്രവാസ ജീവിതം നയിക്കുന്ന മലയാളിയുടെ മൂല്യമേറിയ നല്ലോർമകൾക്ക് അർത്ഥവും വ്യാപ്തിയും നൽകാനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ശ്രമിക്കുന്നത്.
നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ ജീവിതത്തെ ആദരിക്കുകയാണ് ബാങ്ക് ചെയ്യുന്നതെന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്യവേ സൗത്ത് ഇന്ത്യൻ ബാങ്ക് റീട്ടെയിൽ ബാങ്കിങ് ഡിപ്പാർട്മെന്റ് ചീഫ് ജനറൽ മാനേജർ സഞ്ജയ് കുമാർ സിൻഹ പറഞ്ഞു. "എത്ര ദൂരെയാണെങ്കിലും തീവ്രമായ ഗൃഹാതുരത്വം നമ്മുടെയെല്ലാം ഓർമകളിൽ തളംകെട്ടി കിടക്കാറുണ്ട്. മികച്ച ജീവിതസാഹചര്യം തേടി പുറപ്പെടുന്ന ഓരോരുത്തരുടെയും ഇത്തരം നല്ല ഓർമകളെ, ഒരു ധനകാര്യ സ്ഥാപനമെന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക്, ഉയർത്തിപ്പിടിക്കാനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നത്. പ്രവാസികളുടെ എല്ലാവിധ ബാങ്കിങ് ആവശ്യങ്ങൾക്കും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുഴുവൻ സമയ സേവനം ലഭ്യമായിരിക്കും" -അദ്ദേഹം കൂട്ടിച്ചേർത്തു.
സിയാലിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ എ. സോണി, ജോ. ജനറൽ മാനേജരും എറണാകുളം റീജണൽ ഹെഡുമായ എം. മധു, ഇരിഞ്ഞാലക്കുട റീജണൽ ഹെഡ് റാണി സക്കറിയാസ്, കാസ ഹെഡ് സുമോദ് ഭാസ്കരൻ, മാർക്കറ്റിങ് ഹെഡ് കെ.പി. രമേഷ് എന്നിവർ പങ്കെടുത്തു.
സൗത്ത് ഇന്ത്യൻ ബാങ്ക് 'സ്വാഗതം മലയാളമണ്ണിലേക്ക്' കാമ്പയിൻ റീട്ടെയിൽ ബാങ്കിങ് ഡിപ്പാർട്മെന്റ് ചീഫ് ജനറൽ മാനേജർ സഞ്ജയ് കുമാർ സിൻഹ, സീനിയർ ജനറൽ മാനേജർ എ. സോണിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ജോയിന്റ് ജനറൽ മാനേജർ മധു എം, ഇരിഞ്ഞാലക്കുട റീജണൽ ഹെഡ് റാണി സക്കറിയാസ്, കാസ ഹെഡ് സുമോദ് ഭാസ്കരൻ, മാർക്കറ്റിങ് ഹെഡ് കെ.പി. രമേഷ് എന്നിവർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.