ഐ.ഡി.ബി.ഐ ഏറ്റെടുക്കാൻ, സി.എസ്.ബി ബാങ്കിൽ ദുരിതം വിതച്ച ഫെയർഫാക്സ്
text_fieldsതൃശൂർ: തൃശൂർ ആസ്ഥാനമായ പഴയ തലമുറ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കിൽ (മുമ്പ് കാത്തലിക് സിറിയൻ ബാങ്ക്) നേരിട്ടുള്ള വിദേശനിക്ഷേപം നടത്തി നേട്ടംകൊയ്ത വിദേശസ്ഥാപനമായ ഫെയർഫാക്സ്, പൊതുമേഖലയിലുള്ള ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുക്കാൻ അനുയോജ്യരാണെന്ന് റിസർവ് ബാങ്ക്. കേന്ദ്ര സർക്കാറും എൽ.ഐ.സിയും ചേർന്ന് ഓഹരി ഉടമാവകാശം കൈയാളുന്ന ഐ.ഡി.ബി.ഐയുടെ ഓഹരി വിൽക്കാനുള്ള കേന്ദ്രതീരുമാനത്തിന്റെ ഭാഗമായാണ് അപേക്ഷകരെത്തിയത്.
ഫെയർഫാക്സിനു പുറമെ കൊട്ടക് മഹീന്ദ്ര ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി എന്നിവയെയും ‘ഫിറ്റ്’ ഗണത്തിൽ ആർ.ബി.ഐ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫെയർഫാക്സിനെ പരിഗണിക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനെതിരെ സി.എസ്.ബി ബാങ്കിൽ ഫെയർഫാക്സ് വരുത്തിവെച്ച വിനകൾ ചൂണ്ടിക്കാട്ടി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേന്ദ്ര ധനകാര്യ സേവന സെക്രട്ടറിക്ക് കത്ത് നൽകി.
2018ലാണ് രാജ്യത്തെ ബാങ്കിങ് ചരിത്രത്തിലാദ്യമായി ഒരു വിദേശ സ്ഥാപനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ ഒരു ബാങ്ക് സ്വന്തമാക്കിയത്. കനേഡിയൻ വംശജനായ പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സിന്റെ ഇന്ത്യൻ ഹോൾഡിങ് കമ്പനിയായ ‘ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ് മൊറീഷ്യസ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡാ’ണ് മാനേജ്മെന്റ് അധികാരം കൈയാളി കാത്തലിക് സിറിയൻ ബാങ്കിലെത്തുകയും ‘സി.എസ്.ബി’ എന്ന പേരുമാറ്റം ഉൾപ്പെടെ ഭരണം തുടങ്ങുകയും ചെയ്തത്.
അതിനുശേഷം ബാങ്കിന്റെ ഇടപാടുകാർ മുതൽ ഓഫിസർമാർ വരെയുള്ളവർ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. ചെറുകിട, വിദ്യാഭ്യാസ വായ്പകൾ ഇല്ലാതാക്കി വായ്പാരീതി മാറ്റി. അക്കൗണ്ട് തുടങ്ങുമ്പോൾ 10,000 രൂപയെങ്കിലും വേണമെന്ന് വ്യവസ്ഥ വെച്ചു. വായ്പയിൽ ഏറിയ പങ്കും സ്വർണപ്പണയത്തിന് നീക്കിവെച്ച് അക്ഷരാർഥത്തിൽ ‘പണ്ടം പണയ’ സ്ഥാപനമാക്കി.
പിരിച്ചുവിടലും സ്ഥലംമാറ്റവും പതിവാക്കി. എതിർപ്പുള്ളവരോട് കോടതിയിൽ പോകാനാണ് നിർദേശം. 10 വർഷമായി ശമ്പളപരിഷ്കരണമില്ലാത്ത രാജ്യത്തെ ഏക ബാങ്കാണ്. 11, 12 ത്രികക്ഷി ശമ്പള കരാറുകൾ നടപ്പാക്കിയിട്ടില്ല. ‘കോസ്റ്റ് ടു കമ്പനി’ വ്യവസ്ഥയിൽ ധാരാളം നിയമനം നടത്തുന്നുണ്ടെങ്കിലും ഇവർക്ക് 16,000-17,000 രൂപയാണ് ശമ്പളം.
ജോലിയിലെ പ്രശ്നങ്ങൾ കാരണം രണ്ടു വർഷംപോലും ഇവരാരും തുടരാത്തതിനാൽ ആനുകൂല്യങ്ങൾ നൽകേണ്ടിവരുന്നില്ല. ‘മേന്മയില്ലെ’ന്ന കാരണം പറഞ്ഞ് ധാരാളം ഓഫിസർമാരെ ഒഴിവാക്കി. വിരമിക്കൽ പ്രായം 60ൽനിന്ന് 58 ആക്കി. 50 ആക്കാൻ ശ്രമം നടന്നെങ്കിലും കോടതി ഇടപെടൽ കാരണം നടന്നില്ല. കാരണം കാണിക്കൽ നോട്ടീസ്, കുറ്റപത്രം എന്നിവ കിട്ടാത്ത ആരും ബാങ്കിലില്ല.
കഴിഞ്ഞ സാമ്പത്തികവർഷം 547 കോടി രൂപ അറ്റാദായം ഉണ്ടാക്കിയെങ്കിലും ജീവനക്കാർക്ക് ഗുണമില്ല. അതേസമയം, ഉന്നത തലങ്ങളിലുള്ളവർക്ക് ഇൻഷുറൻസ് വിൽപന പോലുള്ള ജോലികളിലെ നേട്ടം പറഞ്ഞ് വിദേശ യാത്രകളടക്കമുള്ള ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നു. സി.എസ്.ബിയിൽ ഫെയർഫാക്സ് ചെയ്ത കാര്യങ്ങൾ പരിശോധിക്കാതെ ഐ.ഡി.ബി.ഐ പോലൊരു പൊതുമേഖല ബാങ്കിന്റെ ഉടമാവകാശത്തിന് ആ സ്ഥാപനത്തെ പരിഗണിക്കരുതെന്നാണ് ബെഫി ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.