യു.എസ്, യു.കെ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തി
text_fieldsവാഷിങ്ടൺ/ലണ്ടൻ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് യു.എസ്, യു.കെ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തി. തുടര്‍ച്ചയായി ഏഴാം തവണയാണ് യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് കൂട്ടിയത്. മുക്കാല്‍ ശതമാനമായിരുന്നു നേരത്തേ വർധനയെങ്കിൽ ഇത്തവണ അരശതമാനത്തില്‍ ഒതുക്കി. ഇതോടെ പലിശ 4.25-4.50 നിലവാരത്തിലെത്തി. ഇത് 15 വര്‍ഷത്തെ (2007നുശേഷമുള്ള) ഉയര്‍ന്ന നിരക്കാണ്.
യു.എസ് ഫെഡറൽ ബുധനാഴ്ച 50 ബേസിസ് പോയന്റ് (0.50 ശതമാനം) പലിശനിരക്ക് വർധിപ്പിക്കുകയും പണപ്പെരുപ്പം നിയന്ത്രിച്ച് സമ്പദ്ഘടനയെ പിടിച്ചുയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന സൂചനയും നൽകി. നേരത്തേ നാലുതവണ 75 ബേസിസ് പോയന്റായിരുന്നു (0.75 ശതമാനം) വർധന. പണപ്പെരുപ്പം രണ്ടു ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. അടുത്ത സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം അര ശതമാനം താഴ്ത്തി. ഫെഡ് നിരക്കില്‍ 2023ല്‍ മുക്കാല്‍ ശതമാനത്തിന്റെ വര്‍ധനകൂടി പ്രതീക്ഷിക്കുന്നുണ്ട്. അടുത്തവര്‍ഷം നിരക്ക് 5.1 ശതമാനമാകുമെന്നാണ് അനുമാനം.
യു.കെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 50 ബേസിസ് പോയന്റ് ആണ് വർധിപ്പിച്ചത്. ഇതോടെ മൂന്ന് ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി ഉയർന്നു. 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായി. തുടർച്ചയായി ഒമ്പതാം തവണയാണ് പലിശ നിരക്ക് കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.