വി.ആർ.എസ്: എസ്.ബി.ഐ തൽക്കാലം പിന്മാറുന്നു
text_fieldsതൃശൂർ: ജീവനക്കാർക്കും ഓഫിസർമാർക്കും പ്രഖ്യാപിച്ച സ്വയം വിരമിക്കൽ പദ്ധതിയിൽനിന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ തൽക്കാലം പിന്മാറുന്നതായി സൂചന. കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
പ്രഖ്യാപനം വന്നപ്പോൾ സ്കെയിൽ -അഞ്ച് റാങ്കിൽപെടുന്ന അസിസ്റ്റൻറ് ജനറൽ മാനേജർമാരടക്കം നിരവധി പേർ വിരമിക്കാൻ സന്നദ്ധരായെന്ന വിവരമാണ് പുതിയ ചെയർമാൻ അടക്കമുള്ളവരെ തൽക്കാലം പിന്തിരിയാൻ പ്രേരിപ്പിച്ചതെന്നറിയുന്നു. പരിചയ സമ്പന്നരായവർ സ്വയം വിരമിച്ചാൽ അത് ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കേന്ദ്ര ധനമന്ത്രാലയം പ്രകടിപ്പിച്ചതായാണ് വിവരം. ഇതോടോപ്പം, എസ്.ബി.ഐയുടെ പുതിയ ചെയർമാൻ ദിനേശ് കുമാർ ഖര ഇത് വി.ആർ.എസിന് പറ്റിയ സമയമല്ലെന്ന നിലപാടിലാണെന്നും പറയുന്നു.
ഈമാസം ഒന്നിന് തുടങ്ങി അടുത്ത ഫെബ്രുവരി 26ന് അവസാനിക്കുന്ന വിധത്തിൽ വി.ആർ.എസ് പദ്ധതി നടപ്പാക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചത്.
കോർപറേറ്റുകൾക്ക് ബാങ്ക് തുടങ്ങാൻ ലൈസൻസ് നൽകാനുള്ള റിസർവ് ബാങ്ക് നീക്കത്തിെൻറ പശ്ചാത്തലത്തിൽ, എസ്.ബി.ഐയിൽനിന്ന് വി.ആർ.എസ് എടുക്കുന്നവർ അത്തരം സ്ഥാപനത്തിലേക്ക് പോയാൽ അത് ബാങ്കിനെ ബാധിക്കുമെന്ന ചിന്തയുമുണ്ട്.
അമ്പത് വയസ്സിന് മുകളിലുള്ളവർക്ക് വി.ആർ.എസ് അനുവദിക്കാനായിരുന്നു നീക്കം. ഇതനുസരിച്ച് 11,565 ഓഫിസർമാരും ക്ലർക്കുമാരും മറ്റുമായി 18,625 പേരും വി.ആർ.എസിന് അർഹരാവും. ബാങ്കിൽ ഓഫിസർമാരും ജീവനക്കാരുമായി ആകെ 2,49,448 പേരാണുള്ളത്.
അർഹതയുള്ളവരിൽ 30 ശതമാനം വി.ആർ.എസ് എടുത്താൽ ചെലവിൽ 2,1750 കോടി കുറവ് വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.