വായ്പയെടുക്കാനാണോ? അറിഞ്ഞിരിക്കാം സിബിൽ സ്കോർ
text_fieldsവീടുവെക്കാനും പഠന ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമെല്ലാം എപ്പോഴും പണം ആവശ്യം വന്നാൽ ഉപകാരപ്പെടുക വ്യക്തിഗത വായ്പകളാണ്. നേരെ അേപക്ഷ പൂരിപ്പിച്ച് ബാങ്കിലെത്തിയാൽ ആരും പണമെടുത്ത് കൈയിൽ തരില്ല. അപേക്ഷിച്ച വ്യക്തിയുടെ ഒട്ടുമിക്ക സാമ്പത്തിക ഇടപാടുകളും പരിശോധിച്ച ശേഷമായിരിക്കും വായ്പ അനുവദിക്കുക. ഇതുപറയുേമ്പാൾ ആർക്കും സംശയം തോന്നും, എനിക്കും കുടുംബത്തിനും മാത്രം അറിയാവുന്ന സാമ്പത്തിക ഇടപാടുകൾ എങ്ങനെ ബാങ്ക് അറിയും? അല്ലെങ്കിൽ എനിക്ക് പണം തിരിച്ചടക്കാനുള്ള കഴിവുണ്ടോ എന്ന് എങ്ങനെ ബാങ്ക് മനസിലാക്കും?. ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ മനസിലാക്കി കൃത്യമായ മാർക്ക് നൽകിയ ശേഷം മാത്രമേ വായ്പ അനുവദിക്കൂ. അതിന് ബാങ്കുകൾ പ്രധാനമായും ആശ്രയിക്കുന്ന ഒന്നാണ് സിബിൽ സ്കോർ (CIBIL Score). ഇതനുസരിച്ചായിരിക്കും വായ്പ നൽകണോ വേണ്ടയോ എന്ന് ബാങ്കുകൾ തീരുമാനിക്കുക.
എന്താണ് സിബിൽ സ്കോർ?
അപേക്ഷകർക്ക് വായ്പ തിരിച്ചടക്കാൻ കഴിയുമോ എന്ന് (ക്രെഡിറ്റ് വർത്തിനസ്) വിശ്വാസത്തിെൻറ അടിസ്ഥാനത്തിൽ നിർണയിക്കുന്ന സൂചികയാണ് സിബിൽ സ്കോർ. ട്രാൻസ് യൂനിയൻ സിബിൽ എന്ന കമ്പനിയാണ് സ്കോർ നൽകുക.
ബാങ്കുകൾ, മറ്റ് ധനകാര്യസ്ഥാപനങ്ങൾ എന്നിവർ അംഗമായിരിക്കുന്ന സാമ്പത്തിക വിശകലന സ്ഥാപനമാണ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് (CIBIL). ഈ സ്ഥാപനം ഓരോ വ്യക്തിയുടെയും വായ്പാചരിത്രം കൃത്യമായി ശേഖരിച്ച് സൂക്ഷിക്കുന്നു. ഇതനുസരിച്ച് സിബിൽ ട്രാൻസ് യൂനിയൻ സ്കോർ, ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്നീ രണ്ട് രേഖകൾ ലഭ്യമാക്കുന്നു. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അപേക്ഷകന് വായ്പ നൽകണമോ വേണ്ടയോ എന്ന് ധനകാര്യസ്ഥാപനത്തിന് തീരുമാനിക്കാം.
നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച ശേഷം മൂന്ന് ഡിജിറ്റ് നമ്പറിൽ 300നും 900ത്തിനും ഇടയിലായിരിക്കും സിബിൽ സ്കോർ നിർണയിക്കുക. 900ത്തിന് അടുത്ത സ്കോർ ആണെങ്കിൽ അവ മികച്ച സ്കോറായിരിക്കും. 750ന് മുകളിൽ ആണെങ്കിൽ മാത്രമേ ആ വ്യക്തിക്ക് നല്ല സ്കോറാണെന്ന് അവകാശപ്പെടാനാകൂ. 300നോട് അടുത്താണെങ്കിൽ മോശമായി കണക്കാക്കും.
ഉയർന്ന സിബിൽ സ്കോറുള്ള വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ ചരിത്രമെല്ലാം മികച്ചതായിരിക്കും. അയാൾ കൃത്യമായി വായ്പ തിരിച്ചടക്കുകയും കാലതാമസം വരുത്താതിരിക്കും ചെയ്തിട്ടുണ്ടാകും. കൂടാതെ അധികം കടബാധ്യതയുള്ള വ്യക്തിയും ആകില്ല. അതിനാൽ വായ്പ നൽകുന്നവർക്ക് അധികം റിസ്ക് ഉണ്ടാകില്ല. എന്നാൽ മോശം ക്രഡിറ്റ് സ്കോറുള്ള വ്യക്തിയാണെങ്കിൽ വായ്പ തിരിച്ചടക്കുന്ന കാര്യം പ്രയാസമാകും. വായ്പ നൽകുന്നവർക്ക് പണം തിരികെ ലഭിക്കാൻ സാധ്യതയും കുറയും.
സിബിൽ സ്‌കോറിനെ എന്തെല്ലാം സ്വാധീനിക്കും?
തിരിച്ചടവ്
വായ്പ എടുക്കുന്നവർ തീർച്ചയായും ഇക്കാര്യം ഓർത്തുവെച്ചോളൂ. വായ്പ തുക കൃത്യമായി തിരിച്ചടക്കുന്നതും മുടങ്ങാതെ ഇ.എം.ഐ അടക്കുന്നതും ക്രെഡിറ്റ് കാർഡ് കടം അടക്കുന്നതുമെല്ലാം നിങ്ങളുടെ സിബിൽ സ്‌കോറിനെ സ്വാധീനിക്കും. ഒന്നോ രണ്ടോ തവണ തിരിച്ചടവിൽ കാലതാമസം നേരിട്ടാലൊന്നും ഇതിനെ ബാധിക്കില്ല. എന്നാൽ ദീർഘകാലമായി ഇവ മുടങ്ങി കിടക്കുകയും കടം കുന്നുകൂടുകയും ചെയ്യുന്നത് നിങ്ങളുടെ െക്രഡിറ്റ് സ്‌കോറിനെ സ്വാധീനിക്കും.
കടത്തിൽ ശ്രദ്ധവേണം
നിങ്ങളുടെ നിലവിലെ വായ്പകളുടെയും െക്രഡിറ്റ് കാർഡുകളുടെയും എണ്ണം കണക്കാക്കിയായിരിക്കും ഇവ നിശ്ചയിക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗമെല്ലാം പരമാവധി 30 ശതമാനത്തിൽ താഴെയായിരിക്കണം. ഒരു ക്രഡിറ്റ് കാർഡിെൻറ പരമാവധി തുക ഒരു ലക്ഷമാെണങ്കിൽ അവ പരമാവധി ഉപയോഗിച്ചശേഷം മറ്റു ക്രെഡിറ്റ് കാർഡിലേക്ക് പോകാതിരിക്കുക. എല്ലാ ക്രഡിറ്റ് കാർഡുകളും കുറച്ച് മാത്രം ഉപയോഗിക്കുക. കുറഞ്ഞ ക്രെഡിറ്റ് ഉപയോഗമുള്ളവർക്ക് മികച്ച സിബിൽ സ്കോർ ലഭ്യമാകും.
ക്രെഡിറ്റ് മിക്സ്
ഇന്ത്യയിൽ െക്രഡിറ്റിനെ പൊതുവായി രണ്ടായി തിരിക്കാം. സുരക്ഷിത കടവും അല്ലാത്തതും. സുരക്ഷിത കടം എന്നാൽ ഭവനവായ്പ, വാഹനവായ്പ, സെക്യൂർഡ് ക്രെഡിറ്റ് കാർഡ് തുടങ്ങിയവയാണ്. സുരക്ഷിതമല്ലാത്ത കടം വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളുമാണ്. കൂടുതൽ സുരക്ഷിതമല്ലാത്ത കടം ഉണ്ടാവുകയാണെങ്കിൽ വായ്പ നൽകുന്നവർക്ക് നഷ്ടം നേരിടാൻ ഇടയാക്കും. അതിനാൽ വായ്പകളിൽ സുരക്ഷിതമായതും അല്ലാത്തതും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ ശ്രമിക്കണം. ഏതെങ്കിലും ഒരു വായ്പ കൂടുതൽ വന്നാൽ അവ സിബിൽ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ഗാരണ്ടി നില്‍ക്കുന്ന അക്കൗണ്ടിലെ തിരിച്ചടവ് കാലതാമസം പോലും നിങ്ങളുടെ സ്‌കോറിനെ സ്വാധീനിക്കും.
വായ്പ ചരിത്രം
ഇതിനുമുമ്പ് നിങ്ങൾ എടുത്ത വായ്പയും അതിെൻറ ഉപേയാഗവും സംബന്ധിച്ച് കൃത്യമായ കണക്കുകൾ ബാങ്കുകളുടെ കൈവശമുണ്ടാകും. ഉപഭോക്താക്കളുടെ വായ്പ തിരിച്ചടക്കുന്നതിലെ കൃത്യത വളരെ പ്രധാനപ്പെട്ടതാണ്. അതാണ് സിബിൽ സ്കോറിെൻറ അടിസ്ഥാനം. അതുകൊണ്ട് ബാങ്ക് ലോണാണെങ്കിലും ക്രെഡിറ്റ് കാർഡിെൻറ ഉപയോഗമായാലും പരിമിതിയും പരിധിയും മനസ്സിലാക്കണം. അതോടൊപ്പം എടുത്ത വായ്പ വിവേകപൂർവം ഉപയോഗിക്കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിൽ മുൻകാല വായ്പകളെ അടിസ്ഥാനമാക്കിയായിരിക്കും സിബിൽ സ്കോർ നിർണയിക്കുക.
ഭവനവായ്പ, വാഹനവായ്പ, സ്വര്‍ണപ്പണയവായ്പ, വിദ്യാഭ്യാസവായ്പ, കാര്‍ഷികവായ്പ, വ്യക്തിഗത വായ്പ എന്നിങ്ങനെ നിരവധി സംവിധാനങ്ങളുണ്ട്. വിവിധ സ്ഥാപനങ്ങളില്‍പ്പോയി വ്യത്യസ്തമായ വായ്പകള്‍ എടുത്താലും ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയത്തില്‍ ഉൾപ്പെടും. ഈ രംഗത്തുള്ള ഏറ്റവും സുതാര്യമായ സൂചികയാണ് സിബില്‍ സ്‌കോര്‍. ക്രെഡിറ്റ് സ്‌കോറിനെ ഉയർത്താനായിരിക്കണം ഓരോരുത്തരും ശ്രമിക്കേണ്ടത്. സാമ്പത്തിക അച്ചടക്കമായിരിക്കണം അതിൽ പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.