ഇന്ത്യയിൽ വരാനിരിക്കുന്നത് ഡിജിറ്റൽ പേയ്മെന്റ് യുദ്ധം; നേരിേട്ടറ്റുമുട്ടാൻ ടാറ്റയും റിലയൻസും
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഇ-കോമേഴ്സ്, ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ നേട്ടമാക്കാനൊരുങ്ങി വൻകിട കമ്പനികൾ. റിലയൻസ്, ടാറ്റ, പേടിഎം, ഫേസ്ബുക്ക്, ഐ.സി.ഐ.സി.ഐ, കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി, വിസ, മാസ്റ്റർകാർഡ് തുടങ്ങിയ കമ്പനികളാണ് ആർ.ബി.ഐ പുതുതായി അവതരിപ്പിച്ച പേയ്മെന്റ് സംവിധാനത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നത്. ന്യൂ അംബർല എന്‍റിറ്റി എന്ന പേയ്മെന്റ് സംവിധാനമാണ് ആർ.ബി.ഐ അവതരിപ്പിച്ചത്.
എന്താണ് ന്യൂ അംബർല എന്‍റിറ്റി ?
റീടെയിൽ പേയ്മെന്റ് രംഗത്ത് ലാഭം ലക്ഷ്യമാക്കിയോ അല്ലാതെയോ പ്രവർത്തിക്കുന്ന കമ്പനികളാണ് എൻ.യു.ഇ (ന്യൂ അംബർല എന്‍റിറ്റി). ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ ആർ.ബി.ഐ കഴിഞ്ഞ ആഗസ്റ്റിൽ തന്നെ പുറത്തിറക്കിയിരുന്നു. എ.ടി.എമ്മുകൾ സ്ഥാപിക്കൽ, പി.ഒ.എസ് പേയ്മെന്റ്, ആധാർ അടിസ്ഥാനമാക്കിയ പേയ്മെന്റ് തുടങ്ങിയവ നടത്താൻ ഇത്തരം കമ്പനികൾക്ക് അധികാരമുണ്ടാവും. ഇതിനൊപ്പം പുതിയ പേയ്മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കുകയുമാവാം.
ആർക്കെല്ലാം എൻ.യു.ഇ തുടങ്ങാം ?
ഇന്ത്യൻ പൗരൻമാരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്കാണ് എൻ.യു.ഇ തുടങ്ങാനുള്ള അവസരമുണ്ടാവുക. ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇത്തരം സ്ഥാപനങ്ങളിൽ ഒരാൾക്ക് 40 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈവശം വെക്കാൻ അധികാരമുണ്ടാവില്ല. അതുകൊണ്ട് എൻ.യു.ഇ എന്‍റിറ്റികളുടെ ഉടമകളായി മൂന്ന് പേരെങ്കിലും ഉണ്ടാവും. ഇത്തരം സ്ഥാപനങ്ങൾക്ക് വിദേശനിക്ഷേപം സ്വീകരിക്കാനും അനുമതിയുണ്ടാവും. മൂലധനമായി മിനിമം 500 കോടി വേണമെന്ന നിബന്ധനയുമുണ്ട്.
എന്തുകൊണ്ട് എൻ.യു.ഇകളോട് ഇത്ര താൽപര്യം?
ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനവും ഇ-കൊമേഴ്സും അതിവേഗത്തിലാണ് വളരുന്നത്. അത് നേട്ടമാക്കുക തന്നെയാണ് കമ്പനികളുടെ ലക്ഷ്യം. നിലവിൽ നാല് കമ്പനികളാണ് ഇത്തരം സ്ഥാപനങ്ങൾക്കായി രംഗത്തുള്ളത്. ആമസോൺ, വിസ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, രണ്ട് സ്റ്റാർട്ട് അപ് കമ്പനികൾ, ബിൽഡെസ്ക് ഉൾപ്പെട്ട കൺസോർഷ്യമാണ് ഒന്നാമത്തേത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ കൺസോർഷ്യം. ഫേസ്ബുക്കും ഗൂഗ്ളും ഇതിൽ പങ്കാളികളാണ്. മൂന്നാമത്തേത് പേടിഎമ്മിന്‍റെ നേതൃത്വത്തിലാണ്. ഒലയും മറ്റ് ചില കമ്പനികളുമാണ് ഇതിലുള്ളത്. ടാറ്റ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് നാലാമത്തെ സ്ഥാപനം. മാസ്റ്റർകാർഡ്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി തുടങ്ങിയ കമ്പനികളാണ് നാലാമത്തെ സ്ഥാപനത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.