മിനിമം വേതനവും പ്രമോഷനുമില്ല; ദിന നിക്ഷേപ പിരിവുകാർക്ക് അവഗണന
text_fieldsപാലക്കാട്: സഹകരണ മേഖലയിലെ ദിന നിക്ഷേപ പിരിവുകാർക്കിന്നും ദുരിതം. അധികൃതർ പരിഗണിക്കുന്നില്ലെന്നും ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കുന്നില്ലെന്നുമാണ് ആക്ഷേപം. സഹകരണ ബാങ്കുകളിലും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലും നിത്യ നിക്ഷേപ - വായ്പാ പിരിവുകാരായി ജോലി ചെയ്യുന്നവരാണ് അവഗണന നേരിടുന്നത്.
വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തോറും നിത്യേനെയെത്തി ചെറുകിട നിക്ഷേപങ്ങളും വായ്പാ തിരിച്ചടവും ശേഖരിച്ച് സ്ഥാപനങ്ങളിൽ എത്തിക്കുന്നവരാണ് ഈ വിഭാഗം. ഇവരുടെ തൊഴിലിന് നിശ്ചിത സമയമോ കാലമോ അവധിയോ ഇല്ല. ഇടപാടുകാരുടെ സൗകര്യമനുസരിച്ച് പ്രഭാതം മുതൽ രാത്രിയുടെ ആദ്യയാമം വരെയും പൊതു അവധികളിലും ആഘോഷ ദിനങ്ങളിലും ജോലി ചെയ്യേണ്ടിവരുന്നു. പിരിച്ചെത്തിക്കുന്ന നിക്ഷേപത്തിന്റെ രണ്ടു മുതൽ മൂന്നു ശതമാനം വരെയുള്ള കമീഷനാണ് ഇവരുടെ വേതനം.
മറ്റ് ജീവനക്കാർക്കുള്ളതുപോലെ മിനിമം വേതനം, പ്രമോഷൻ, ഇതര ആനുകൂല്യങ്ങൾ എന്നിവയൊന്നുമില്ല. ഈ വിഭാഗത്തിന്റേയും കുടുംബത്തിന്റേയും ക്ഷേമം മുൻനിർത്തി 2001ൽ ക്ഷേമപദ്ധതി, 2005ൽ ദീർഘ സേവനം, മാനുഷിക പരിഗണന എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തൽ, 2015ൽ സ്ഥിര വേതനം, 2020ൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ നിയമനങ്ങളിൽ നാലിലൊന്ന് സംവരണം എന്നിവ ഉറപ്പുവരുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. പരിമിത ആനുകൂല്യമാണ് ഇതെങ്കിലും സംസ്ഥാന, ജില്ല ബാങ്കിലൊഴികെ ഭൂരിപക്ഷം പ്രാഥമിക സംഘങ്ങളിൽ ഇതിപ്പോഴും പൂർണമായി നടപ്പാക്കിയില്ല. സാമ്പത്തിക ബാധ്യത, നിയമത്തിലെ എൺപതാം വകുപ്പ്, ചട്ടം, സംഘങ്ങളുടെ ഫീഡർ കാറ്റഗറി തുടങ്ങി സാങ്കേതികവാദങ്ങൾ ഉന്നയിച്ചാണ് പല ഭരണസമിതികളും ഇത് നിഷേധിക്കുന്നത്. അതേസമയം, ഇതോടൊപ്പം സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ കൺസ്യൂമർഫെഡിലെ കമീഷൻ ജീവനക്കാർക്ക് പിന്നീട് തസ്തിക നിർണയിച്ച് പ്രമോഷനടക്കം അനുവദിച്ചു.
ഇതിനുശേഷം സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങിയ സ്വർണ പരിശോധകരെയും കഴിഞ്ഞ ദിവസം ചട്ടം 186 ഭേദഗതി ചെയ്ത് പ്രമോഷൻ ഉറപ്പാക്കുന്ന തസ്തിക നിർണയിച്ചു നൽകിയതായി ദിന നിക്ഷേപ പിരിവുകാർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലായി 15,000 പേർ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്.
പത്തു മുതൽ 50 വർഷം സേവനമുള്ളവരടക്കം ഇക്കൂട്ടത്തിലുണ്ട്. നല്ലൊരു ശതമാനവും 20 വർഷത്തിലധികമായി ജോലി ചെയ്യുന്നവരും മറ്റു തൊഴിൽ തേടാൻ കഴിയാത്തവരും നേരിട്ട നിയമനങ്ങൾക്കുള്ള പ്രായപരിധി പിന്നിട്ടവരുമാണ്.
കമീഷൻ റിപ്പോർട്ടുകളും ചവറ്റുകൊട്ടയിൽ
പാലക്കാട്: സഹകരണ മേഖലയിലെ നിക്ഷേപ പിരിവുകാരെകുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട 2008ലെ രാധാകൃഷ്ണൻ കമ്മിറ്റിയും 2015ലെ അഡ്വ. സുരേഷ് ബാബു കമീഷനും സമർപ്പിച്ച റിപ്പോർട്ടുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ദയനീയാവസ്ഥ തുറന്നുകാട്ടുന്നതായിരുന്നു.
സഹകരണ സ്ഥാപനങ്ങൾ സ്വരൂപിച്ച മൊത്തം നിക്ഷേപത്തിന്റെ 25 ശതമാനവും നിക്ഷേപ പിരിവുകാർ മുഖേന വെന്നത്തുന്നതാണെന്നും ഇതര ജീവനക്കാരുടെ വേതനം കാലാകാലങ്ങളിൽ വർധിപ്പിച്ച് നൽകുമ്പോഴും ഈ വിഭാഗം അവഗണിക്കപ്പെടുകയാെണന്നും കമീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. സമാന പരാമർശമാണ് അഡ്വ. സുരേഷ് ബാബു കമീഷനും നടത്തിയത്. ക്ഷേമപദ്ധതി ഉെണ്ടങ്കിലും പലയിടത്തും ഇത് നടപ്പാക്കിയിട്ടില്ല. നടപ്പാക്കിയിടത്ത് തന്നെ സ്ഥാപനങ്ങൾ അടവിൽ വീഴ്ച വരുത്തുന്നു. ഇത് മൂലം മാരകരോഗമോ ജോലിക്കിടെ അപകടമോ ഉണ്ടായാൽ നിക്ഷേപ പിരിവുകാർക്ക് ലഭിക്കേണ്ട ചികിത്സ ആനുകൂല്യം, പിരിവുകാർ മരിച്ചാൽ ആശ്രിതർക്ക് കിട്ടേണ്ട ആനുകൂല്യം എന്നിവ നിഷേധിക്കപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.