കാതോട് ചേർന്ന് കാൽ നൂറ്റാണ്ട്; പുതുകുതിപ്പിൽ ബി.എസ്.എൻ.എൽ
text_fieldsമരണമണി വിധിച്ചവർക്കു മുന്നിൽ അതിജീവനത്തിന്‍റെ പുതിയ സിഗ്നൽ വേഗങ്ങളും പ്രതീക്ഷകളുടെ ശൃംഖലകളും തീർക്കുകയാണ് ബി.എസ്.എൻ.എൽ കേരള സർക്കിൾ. കഴിഞ്ഞ അഞ്ചു വർഷം നഷ്ടത്തിലായിരുന്നു. വി.ആർ.എസ് സൃഷ്ടിച്ച മന്ദത ഒരുഭാഗത്ത്, മറുഭാഗത്താകട്ടെ, സ്വകാര്യസേവന ദാതാക്കളുടെ അതിവേഗ കടന്നുകയറ്റവും. പരിമിതികളുടെ പെരുമഴക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷക്കാലത്തെ കണക്കുകൾ പ്രതീക്ഷകളുടെ പരിധിവരകളെ മാറ്റിയെഴുതുകയാണ്.
2023-24 കാലയളവിലെ ലാഭം 63 കോടിയാണ്. 1859 കോടിയാണ് ഇക്കാലയളവിലെ ആകെ വരുമാനം. ഈ സാമ്പത്തിക വർഷം 2300 കോടിയാണ് ലക്ഷ്യമിടുന്നത്. 1656 കോടിയാണ് ഈ സാമ്പത്തിക വർഷത്തെ നിക്ഷേപം. ലക്ഷദ്വീപിലേത് ഒഴികെയാണിത്. സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ നിരക്കുയർത്തിയത് ബി.എസ്.എൻ.എല്ലിന് തുണയായി.
ഒരു വരിക്കാരൻ നഷ്ടപ്പെടുമ്പോൾ മൂന്നുപേർ പുതുതായി എത്തുന്നുവെന്നതാണ് നിലവിലെ ചിത്രം. ജൂലൈയിൽ മാത്രം 1.35 ലക്ഷം ഉപഭോക്താക്കളാണ് ബി.എസ്.എൻ.എല്ലിലേക്കെത്തിയത്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ മറ്റ് കണക്ഷനുകൾ ഒഴിവാക്കി പോർട്ട് ചെയ്ത് ബി.എസ്.എൻ.എല്ലിലേക്ക് മാറിയത് 1.7 ലക്ഷം പേരാണ്. ദേശീയ തലത്തിൽ ഇക്കാലയളവിൽ 29 ലക്ഷം പേരാണ് ബി.എസ്.എൻ.എല്ലിന് വരിക്കാരായി ലഭിച്ചത്.
മറ്റ് കമ്പനികൾ 4ജിയും 5ജിയിലേക്കും മാറി ചെലവേറിയ താരിഫുകൾ പ്രഖ്യാപിച്ചപ്പോൾ 2ജി കൂടി നിലനിർത്തി, അതിനൊത്ത നിരക്കുമായി വലിയവിഭാഗത്തിന് ബി.എസ്.എൻ.എൽ ആശ്രയമാകുകയാണ്. 2ജി മുതൽ 5ജി വരെയുള്ള സേവനങ്ങൾ നിലവിൽ ബി.എസ്.എൻ.എൽ നൽകുന്നുണ്ട്.
കേരള സർക്കിൾ 25 ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് രംഗത്തടക്കം നവീന സംരംഭങ്ങൾ അവതരിപ്പിച്ച് മാർക്കറ്റിൽ ശക്തമായ സാന്നിധ്യമാകാനാണ് ബി.എസ്.എൻ.എൽ നീക്കം.
4 ജിയിലെ പേരുദോഷം മാറുന്നു
4 ജി ഇൻറർനെറ്റിന്‍റെ പേരിലായിരുന്നു കാലങ്ങളായി ബി.എസ്.എൻ.എൽ പഴികേട്ടിരുന്നത്. എന്നാൽ, ആ പേരുദോഷം തീർക്കാനുള്ള തയാറെടുപ്പിലാണ് കേരള സർക്കിൾ. ഇതിനകം തന്നെ 4 ജി നീക്കങ്ങൾ തകൃതിയായി തുടങ്ങിയിട്ടുമുണ്ട്. ചെറിയ മാറ്റങ്ങൾ വരുത്തിയാൽ 5 ജിയിലേക്ക് മാറാൻ കഴിയുംവിധമുള്ള സാങ്കേതിക വിദ്യയോടെയാണ് ബി.എസ്.എൻ.എൽ 4 ജി നെറ്റ് വർക്കിൽ അവതരിപ്പിക്കുന്നത്.
4 ജി സംരംഭങ്ങൾക്ക് 1041 കോടിയാണ് ഈ സാമ്പത്തിക വർഷം ചെലവിടുക. 2500 ടവറുകൾ ഇതിനകം 4 ജിയിലേക്ക് മാറിക്കഴിഞ്ഞു. എല്ലാ മാസവും 800-1000 വീതം ടവറുകൾ ഇത്തരത്തിൽ പരിഷ്കരിക്കുന്നു. 2025 മാർച്ചോടെ 7500 ടവറുകൾ പൂർണമായും 4 ജിയിലേക്ക് മാറും. ഇതിനു പുറമെ, പുതുതായി 900 ടവറുകളും. മറ്റ് നെറ്റ് വർക്കുകളൊന്നുമില്ലാത്ത അട്ടപ്പാടിയും വയനാടുമടക്കം ആദിവാസി മേഖലകൾ ഉൾപ്പെടുന്ന 315 സ്പോട്ടുകളിൽ ബി.എസ്.എൻ.എൽ സ്വന്തം ടവറുകൾ സ്ഥാപിച്ച് 4 ജി എത്തിക്കും. 312 കോടിയാണ് ഇതിന് ചെലവ്. ഇതിനകം 150 എണ്ണം പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ വരുന്ന മാർച്ചോടെ യാഥാർഥ്യമാകും. 700 മെഗാഹെട്സ്, 2100 മെഗാഹെട്സ്, 2500 മെഗാഹെട്സ് എന്നിങ്ങനെ മൂന്ന് സ്പെക്ട്രത്തിലാണ് സാധാരണ 4 ജി നൽകുന്നത്. ഇതിൽ ചെലവേറിയതും കവറേജും സിഗ്നൽ ശേഷി ഏറെയുള്ളതുമായ 700 മെഗാഹെട്സിലാണ് ബി.എസ്.എൻ.എൽ 4 ജി ലഭ്യമാക്കുന്നത്.
അതിർത്തി തിരിച്ച് 5 ജി, പുത്തൻ സംരംഭം
സി-ഡാക്കുമായി (സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഫോർ അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്) ചേർന്ന് ബി.എസ്.എൻ.എൽ ആരംഭിച്ച നൂതന സാങ്കേതിക സംരംഭമാണ് 5 ജി കാപ്റ്റിവ് നോൺ പബ്ലിക് നെറ്റ് വർക്ക്. ഒരു നിശ്ചിത പരിധിയുള്ള കാമ്പസുകളിലോ വ്യവസായ മേഖലയിലോ ഫാക്ടറിയിലോ മാത്രമായി 5 ജി നെറ്റ് വർക്ക് ലഭ്യമാക്കുന്ന സംവിധാനമാണിത്. കമ്പ്യൂട്ടറുകളും സി.സി ടി.വി കാമറകളും സെൻസറുകളുമടക്കം ഇന്‍റർനെറ്റ് ആവശ്യമായ എല്ലാ ഐ.ടി അനുബന്ധ ഉപകരണങ്ങൾക്കും ഡേറ്റ ലഭ്യമാക്കുന്ന നെറ്റ് വർക്കാണിത്. നിർദിഷ്ട പരിധിയിൽ മാത്രമേ ഇന്‍റർനെറ്റ് ലഭ്യമാകൂവെന്നതിനാൽ നെറ്റ് വർക്ക് സുരക്ഷിതവുമായിരിക്കും. മൊബൈൽ ഫോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കാപ്റ്റിവ് നോൺ പബ്ലിക് നെറ്റ് വർക്കും പ്രവർത്തിക്കുക. പൈലറ്റ് പദ്ധതിയെന്ന നിലയിൽ ബി.എസ്.എൻ.എൽ കേരള സർക്കിൾ മധ്യപ്രദേശിൽ നടപ്പാക്കി. കേരളത്തിൽ കെ.എസ്.ഇ.ബി, വി.എസ്.എസ്.സി, ഐസർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.
ലക്ഷദ്വീപിനെ ബന്ധിപ്പിച്ചത് 1800 കിലോമീറ്റർ ഫൈബറിട്ട്
1800 കിലോമീറ്റർ കടലിനടിയിലൂടെ ഓപ്റ്റിക്കൽ ഫൈബർ കേബ്ൾ സ്ഥാപിച്ചാണ് ലക്ഷദ്വീപിൽ ഇന്‍റർനെറ്റ് ലഭ്യമാക്കിയത്. 1080 കോടിയാണ് ഇതിന് ചെലവിട്ടത്. ലക്ഷദ്വീപിലെ 11 ദ്വീപുകളെയും ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള ജനസംഖ്യയിലെ 60 ശതമാനത്തിനും ഇന്‍റർനെറ്റ് എത്തിക്കാൻ കഴിഞ്ഞു എന്നതാണ് നേട്ടമായി ബി.എസ്.എൻ.എൽ കരുതുന്നത്. ഒരു വർഷം കൊണ്ട് 6500 എഫ്.ടി.ടി.എച്ച് കണക്ഷനുകൾ ഇവിടെ നൽകാനായി.
വീട്ടിലെ വൈ-ഫൈ പുറത്തും കിട്ടും
വീട്ടിൽ വൈ-ഫൈ കണക്ഷനെടുത്താല്‍ പുറത്തുപോകുമ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ വൈ-ഫൈ ആയി ലഭിക്കുന്ന സംവിധാനമാണ് ‘സര്‍വത്ര’. വീട്ടിൽ എഫ്.ടി.ടി.എച്ച് കണക്ഷനുകളുള്ളവർക്കാണ് ഈ സൗകര്യം. വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ബി.എസ്.എന്‍.എല്ലിന്റെ മറ്റൊരു എഫ്.ടി.ടി.എച്ച് കണക്ഷനുള്ള സ്ഥലത്ത് ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. വീടുവിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ മറ്റ് എഫ്.ടി.ടി.എച്ച് കണക്ഷനുകളില്‍ നിന്നുള്ള കണക്ടിവിറ്റി സ്വമേധയാ ഉപയോഗിക്കാനാകും. ഇതിന് പ്രത്യേക പാസ്‌വേഡോ ലോഗിൻ വിവരങ്ങളോ ആവശ്യവുമില്ല. ‘വെര്‍ച്വല്‍ ടവര്‍’ എന്ന സങ്കൽപത്തിലാണ് പദ്ധതി രൂപകൽപന ചെയ്തത്. സ്വന്തം താരിഫ് അക്കൗണ്ട് പ്രകാരമാകും ബില്ലിങ്.
എഫ്.ടി.ടി.എച്ചുകളിൽ വൻ കുതിച്ചുചാട്ടം
ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ബി.എസ്.എൻ.എല്ലിന് ഏഴു ലക്ഷം എഫ്.ടി.ടി.എച്ച് കണക്ഷനുകളാണ് കേരളത്തിലുള്ളത്. ഇത് 10 ലക്ഷമാക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ കേരളത്തിലെ എഫ്.ടി.ടി.എച്ച് ബിസിനസിന്‍റെ 25 ശതമാനം കൈയാളുന്നത് ബി.എസ്.എൻ.എല്ലാണ്. 95 ശതമാനം പഞ്ചായത്ത് വാർഡുകളിലും സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. 248 വൈ-ഫൈ ഹോട്സ്പോട്ടുകൾ നിലവിൽ ബി.എസ്.എൻ.എൽ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിൽ ഒരു ലക്ഷം പേർ വരെ ഉപഭോക്താക്കളായുണ്ടെന്നാണ് കണക്ക്. 24,600 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയും കേരളത്തിൽ ബി.എസ്.എൻ.എൽ സ്ഥാപിച്ചിട്ടുണ്ട്.
25 വർഷം; ചുവടുവെപ്പുകൾ ഇങ്ങനെ
● 2000: കേരള സർക്കിൾ ആരംഭിച്ചു.
● 2002: 2 ജി സേവനം തുടങ്ങി.
● 2003: എം.പി.എൽ.എസ് ഫയൽ കൈമാറ്റ സംവിധാനത്തിന് തുടക്കിട്ടു.
● 2004: ലാൻഡ് ഫോൺ കണക്ഷനൊപ്പം ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് നൽകിത്തുടങ്ങി
● 2009: 3 ജി സേവനം ആരംഭിച്ചു
● 2010: വയർലെസ് വൈമാക്സിന് തുടക്കമിട്ടു
● 2010: എഫ്.ടി.ടി.എച്ചിന് തുടക്കം
● 2023: 4 ജി ഇൻറർനെറ്റ്
കേരള സർക്കിൾ: ഒറ്റനോട്ടത്തിൽ
ലാൻഡ് ലൈൻ : 1.41 ലക്ഷം
ബ്രോഡ്ബാൻഡ് : 17,000
എഫ്.ടി.ടി.എച്ച് : 6.71 ലക്ഷം
മൊബൈൽ പ്രീപെയ്ഡ് : 84.26 ലക്ഷം
മൊബൈൽ പോസ്റ്റ്പെയ്ഡ് : 2.78 ലക്ഷം
ജീവനക്കാരുടെ എണ്ണം
വി.ആർ.എസിന് മുമ്പ് 9316
വി.ആർ.എസ് എടുത്തവർ 4628
നിലവിലെ ജീവനക്കാർ 3238
ഫ്രാഞ്ചൈസികൾ 88
റീടെയിലേഴ്സ് 29,618
എഫ്.ടി.ടി.എച്ച് ഫ്രാഞ്ചൈസികൾ 2543
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.