കേരളത്തിന്‍റെ ഭക്ഷ്യോൽപന്ന കയറ്റുമതി 2,874 കോടി
text_fieldsകേരളത്തിൽനിന്നുള്ള ഭക്ഷ്യോൽപന്ന കയറ്റുമതി വർധിക്കുകയാണ്. പച്ചക്കറിയായും പഴങ്ങളായും മാംസമായും പാലുൽപന്നങ്ങളായും അരിയായും ഓരോ വർഷവും ടൺകണക്കിന് ഉൽപന്നങ്ങൾ കടൽ കടക്കുന്നു. ഇങ്ങനെ കയറ്റിയയക്കുന്ന ഉൽപന്നങ്ങളുടെ അളവും അതുവഴിയുള്ള വരുമാനവും കൂടിവരുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അതോറിറ്റി (അപേഡ) ആണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. കൊച്ചി തുറമുഖവും കൊച്ചി, കരിപ്പൂർ, വിമാനത്താവളങ്ങളും വഴിയാണ് കേരളത്തിൽനിന്ന് പ്രധാനമായും ഭക്ഷ്യോൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. 2021-22 സാമ്പത്തിക വർഷം ഈ നാല് കേന്ദ്രങ്ങൾ വഴി 3,555.32 കോടിയുടെ 2,76,876.83 മെട്രിക് ടൺ കയറ്റുമതിയാണ് നടന്നത്. 2022-23ൽ ഇത് 3,77,596.58 മെട്രിക് ടണായി ഉയർന്നു. 3860.30 കോടിയായിരുന്നു വരുമാനം. എന്നാൽ, നടപ്പ് സാമ്പത്തികവർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള ആദ്യത്തെ എട്ട് മാസത്തിൽ തന്നെ കയറ്റുമതി 3,56,494.64 മെട്രിക് ടണിലെത്തി. 2,874.07 കോടിയുടെ കയറ്റുമതിയാണ് ഈ കാലയളവിൽ നടന്നത്. ശേഷിക്കുന്ന നാലു മാസത്തെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ കയറ്റുമതിയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
മുന്നിൽ കൊച്ചി തുറമുഖം
സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത് കൊച്ചി തുറമുഖം വഴിയാണ്. കൊച്ചി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ കൊച്ചി തുറമുഖം വഴി മാത്രം 2303.20 കോടിയുടെ 3,16,447.46 മെട്രിക് ടൺ ഉൽപന്നങ്ങൾ കയറ്റിയയച്ചു. കൊച്ചി വിമാനത്താവളം വഴി 18,071.06 മെട്രിക് ടണും കരിപ്പൂർ വഴി 8,834.98 മെട്രിക് ടണും തിരുവനന്തപുരം വഴി 8,023.67 മെട്രിക് ടണുമാണ് ഈ കാലയളവിലെ കയറ്റുമതി. കണ്ണൂർ വിമാനത്താവളം വഴി 1,833.35 മെട്രിക് ടൺ ഉൽപന്നങ്ങൾ കയറ്റിയയച്ചു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖല വഴി 249.37 കോടിയുടെ 3,275.11 മെട്രിക് ടണും കിൻഫ്രയുടെ പ്രത്യേക സാമ്പത്തിക മേഖല വഴി 0.09 കോടിയുടെ 9.01 മെട്രിക് ടണും ഉൽപന്നങ്ങളുടെ കയറ്റുമതി ഇതേ കാലയളവിൽ നടന്നു.
കടൽ കടക്കുന്നതേറെയും പച്ചക്കറി
കയറ്റുമതിയിൽ മുന്നിൽ പച്ചക്കറിയാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ 195.02 കോടിയുടെ 25,919.28 മെട്രിക് ടൺ പച്ചക്കറി കയറ്റിയയച്ചു. ഇതിന് പുറമെ 11,057.80 മെട്രിക് ടൺ സംസ്കരിച്ച പച്ചക്കറിയും 71.92 പഴങ്ങളും പച്ചക്കറി വിത്തുകളും ഇതേ കാലയളവിൽ കയറ്റുമതി ചെയ്തിട്ടുണ്ട്. സംസ്കരിച്ച പഴങ്ങൾ, ജ്യൂസ്, നട്സ് എന്നിവയും പാലുൽപന്നങ്ങളുമാണ് കൂടുതലായി കയറ്റുമതി ചെയ്യുന്ന മറ്റ് ഉൽപന്നങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.