സംസ്ഥാനത്തെ 41 പൊതുമേഖല സ്ഥാപനത്തിന് 5570.55 കോടിയുടെ ബജറ്റ്
text_fieldsകൊച്ചി: സംസ്ഥാനത്തെ 41 പൊതുമേഖല സ്ഥാപനങ്ങൾക്കുംകൂടി 5570.55 കോടിയുടെ വിറ്റുവരവും 503.57 കോടിയുടെ പ്രവര്‍ത്തനലാഭവും ലക്ഷ്യമിട്ട് ബജറ്റ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനലാഭം നേടിയ 21 സ്ഥാപനത്തിന്റെ ലാഭശതമാനം ഗണ്യമായി വർധിപ്പിക്കുന്നതിനൊപ്പം ഒമ്പത് സ്ഥാപനത്തെ പുതുതായി ലാഭത്തിലാക്കാനും പദ്ധതിയിട്ടു. സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ബജറ്റിൽ മുന്‍ഗണന നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 41 പൊതുമേഖല സ്ഥാപനത്തിന്റെ വിറ്റുവരവ് 4053.80 കോടിയും പ്രവര്‍ത്തനലാഭം 391.66 കോടിയുമാണ്. 2020-21 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 732.43 കോടിയുടെയും പ്രവര്‍ത്തനലാഭത്തില്‍ 280.36 കോടിയുടെയും വർധന ഉണ്ടായി. കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ്, കെല്‍ട്രോണ്‍, കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ സര്‍വകാല റെക്കോഡ് വിറ്റുവരവും പ്രവര്‍ത്തനലാഭവും കൈവരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സും ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടസും എക്കാലത്തെയും മികച്ച വിറ്റുവരവ് നേടി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമേഖല സ്ഥാപനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമേഖലസ്ഥാപനങ്ങളെ കെമിക്കല്‍, ഇലക്ട്രിക്കല്‍, എൻജിനീയറിങ്, ഇലക്ട്രോണിക്സ്, സെറാമിക്സ്, ടെക്സ്റ്റൈല്‍, ട്രെഡീഷനല്‍ വുഡ് ആൻഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിങ്ങനെ ഏഴു വിഭാഗമായി തിരിച്ചു. ഓരോ സ്ഥാപനത്തിന്റെയും നവീകരണം, ഉല്പന്നങ്ങളുടെ വൈവിധ്യവത്കരണം എന്നിവക്ക് പ്രാമുഖ്യം നല്കി മാസ്റ്റര്‍പ്ലാനിന്റെ രൂപരേഖ തയാറാക്കിയിട്ടുണ്ട്.
എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലുമായി 2659.30 കോടിയുടെ 175 ഹ്രസ്വകാല പദ്ധതിയും 2833.32 കോടിയുടെ 131 മധ്യകാല പദ്ധതിയും 3974.73 കോടിയുടെ 99 ദീര്‍ഘകാല പദ്ധതിയുമാണ് മാസ്റ്റര്‍പ്ലാന്‍ പ്രകാരം തയാറാക്കിയത്. അതായത്, മാസ്റ്റര്‍പ്ലാനില്‍ 9467.35 കോടിയുടെ 405 പദ്ധതിയാണ് മൊത്തത്തില്‍ ഉള്‍പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.