ഫ്രഷ് ടു ഹോമിൽ 860 കോടി വിദേശ നിക്ഷേപം
text_fieldsകൊച്ചി: മലയാളി സംരംഭമായ ഫ്രഷ് ടു ഹോം ഡോട്ട് കോം, സീരിസ് സി ഫണ്ടിങ്ങിൽ (മൂന്നാം റൗണ്ട്) രാജ്യത്തിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച് ചരിത്രം കുറിച്ചു. അമേരിക്കയിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും 860 കോടിയുടെ (121 ദശലക്ഷം യു എസ് ഡോളർ) നിക്ഷേപമാണ് കമ്പനിയുടെ സീരിസ് സി ഫണ്ടിങ്ങിൽ എത്തിയത്. ദുബൈ സർക്കാറിെൻറ ഇൻവെസ്റ്റ്മെൻറ് കോർപറേഷൻ ഓഫ് ദുബൈ (ഐ.സി.ഡി), ഇൻവെസ്റ്റ് കോർപ്, അസൻറ് ക്യാപിറ്റൽ തുടങ്ങിയ പ്രമുഖ കമ്പനികളും ഈ റൗണ്ടിൽ നിക്ഷേപം നടത്തി. കൂടാതെ സീരിസ് ബി ഫണ്ടിങ്ങിലെ ലീഡിങ് കമ്പനി അേയൺ പില്ലർ ഈ റൗണ്ടിൽ വീണ്ടും 135 കോടിയും നിക്ഷേപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഗെയിം കമ്പനികളിലൊന്നായ സിംഗ ഡോട്ട് കോമിെൻറ ഇന്ത്യൻ സി.ഇ.ഒയും ഐ.ടി വിദഗ്ധനുമായ ഷാൻ കടവിലും കൊച്ചിയിലെ മത്സ്യകയറ്റുമതി വ്യവസായിയും സീ ടു ഹോം സ്ഥാപകനുമായ മാത്യു ജോസഫും മറ്റ് അഞ്ച് പേരും ചേർന്ന് 2015ലാണ് ഫ്രഷ് ടു ഹോം സ്ഥാപിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്കും സാങ്കേതിക മികവിനും സഹായിക്കുന്ന ഫ്രഷ്ടു ഹോമിൽതന്നെ ആദ്യ ഓഹരി പങ്കാളിത്തം എടുത്തത് തങ്ങളുടെ വിദേശ നയത്തിൽ ഇന്ത്യയോടുള്ള താൽപര്യത്തെ കാണിക്കുന്നു എന്ന് യു.എസ് െഡവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ (ഡി.എഫ്.സി) സി.ഇ.ഒ ആദം ബോളർ പറഞ്ഞു. ബംഗളൂരു, ഡൽഹി, മുംബൈ, പുണെ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഉൾപ്പെടെ കേരളത്തിലെ മറ്റ് 20 നഗരങ്ങളിലുമാണ് ഫ്രഷ് ടു ഹോം പ്രവർത്തനം. യു.എ.ഇയിലെ എല്ലാ എമിറേറ്റിലും കമ്പനി സേവനം ലഭ്യമാണ്. ഇന്ത്യയിൽ 20 ലക്ഷം രജിസ്റ്റേർഡ് ഉപഭോക്താക്കളുള്ള ഫ്രഷ് ടു ഹോം രാജ്യത്തെ മുൻനിര ഓൺലൈൻ ഫ്രഷ് മാർക്കറ്റ് ആണെന്ന് മാത്യു ജോസഫും ഷാൻ കടവിലും പറഞ്ഞു. ടെക്നോളജി പ്ലാറ്റ്ഫോമിലൂടെ മീൻ ലേലത്തെ മാറ്റിയത് കമ്പനിയുടെ വളർച്ചയിലും നിക്ഷേപകരെ ആകർഷിക്കുന്നതിലും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സി.ടി.ഒ ജയേഷ് ജോസ് പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമായി കമ്പനിക്ക് ആറ് ഫാക്ടറികളാണുള്ളത്. പഴവും പച്ചക്കറിയും പാലും അനുബന്ധ ഉൽപന്നങ്ങളും കൂടി വിപണനം ആരംഭിച്ചിട്ടുണ്ട്.
ഫ്രഷ് ടു ഹോമിെൻറ പ്ലാറ്റ്ഫോമിൽ വിറ്റുവരവ് 600 കോടി എത്തി. 2021ൽ 1500 കോടി വിറ്റുവരവാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.