സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നുവെന്ന് പരാതി; ലോഗോ മാറ്റി തടിയൂരി മിന്ത്ര
text_fieldsന്യൂഡൽഹി: സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നുവെന്ന് പരാതി ഉയർന്നതിനെത്തുടർന്ന് ഓൺലൈൻ വസ്ത്ര വ്യാപാര വെബ്സൈറ്റായ മിന്ത്ര ലോഗോ മാറ്റി.
കമ്പനിയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിനിയും അവേസ്ത ഫൗണ്ടേഷൻ പ്രവർത്തകയുമായ നാസ് പേട്ടലാണ് മുംബൈ സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകിയത്. സ്ത്രീ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന ലോഗോ മാറ്റിയില്ലെങ്കിൽ മിന്ത്രക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു നാസ് പേട്ടലിന്റെ നിലപാട്.
കമ്പനിയുടെ പേരിന്‍റെ ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമായ 'എം' പ്രത്യേക നിറങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗാ. നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുന്നതാണ് ലോഗോയെന്നാണ് പേട്ടൽ ഉയർത്തിയ വിമർശനം.
കഴിഞ്ഞ ഡിസംബറിലായിരുന്നു അവർ പരാതി നൽകിയിരുന്നത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട പൊലീസ് കമ്പനി അധികൃതരോട് ഇ-മെയിലിലൂടെ വിശദീകരണം തേടിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിനിധികളുമായുള്ള ചർച്ചയിൽ ലോഗോ മാറ്റാന്‍ കമ്പനി സമ്മതിച്ചെന്ന് മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷ്ണര്‍ രശ്മി കരന്ദികര്‍ പറഞ്ഞു.
നിലവിൽ വൈബ്സൈറ്റിലുള്ള ലോഗോ മിന്ത്ര മാറ്റിയിട്ടുണ്ട്. മൊബൈൽ ആപ്പ്, പാക്കിങ് മെറ്റീരിയൽ ഉൾപ്പെടെയുള്ള എല്ലാവിധ സേവനങ്ങളിലും മാറ്റം വരുത്താൻ ഒരുമാസത്തെ സമയം കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
2007ൽ ബംഗളൂരു ആസ്ഥാനമായാണ് ഫാഷൻ, ഇ-കൊമേഴ്സ് കമ്പനിയായ മിന്ത്ര സ്ഥാപിക്കപ്പെട്ടത്. 2014 ൽ ഇ-കൊമേഴ്സ് ഭീമൻമാരായ ഫ്ലിപ്കാർട്ട് മിന്ത്രയെ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.