20,000 കോടി രൂപയുടെ തുടർ ഓഹരി വിൽപന റദ്ദാക്കി അദാനി; തുക നിക്ഷേപകർക്ക് തിരികെ നൽകും
text_fieldsന്യൂഡൽഹി: 20,000 കോടി രൂപയുടെ തുടർ ഓഹരി വിൽപന (എഫ്.പി.ഒ) അദാനി ഗ്രൂപ് റദ്ദാക്കി. അദാനി എന്റർപ്രൈസസ് ലിമിറ്റഡിനായി 20,000 കോടി രൂപ സമാഹരിച്ച് ഒരു ദിവസം പിന്നിടവെയാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ എഫ്.പി.ഒ റദ്ദാക്കിയത്. സമാഹരിച്ച തുക നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് ഗൗതം അദാനി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഓഹരി വിപണിയിലെ തിരിച്ചടികളുടെ സാഹചര്യത്തിൽ ധാർമികമായി ശരിയല്ലാത്തതിനാലാണ് എഫ്.പി.ഒ റദ്ദാക്കുന്നതെന്ന് അദാനി വ്യക്തമാക്കി.
ഓഹരി വിലയിൽ അദാനി ഗ്രൂപ് വൻ കൃത്രിമം നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് തുടർ ഓഹരി വിൽപനയുമായി മുന്നോട്ടുപോയത്. ആദ്യ ദിവസങ്ങളിൽ ആരും താൽപര്യം കാണിച്ചില്ലെങ്കിലും അവസാന ദിവസമായ ചൊവ്വാഴ്ച വൻകിട നിക്ഷേപകരുടെ സഹായത്തോടെ അദാനി 20,000 കോടി സമാഹരിച്ചു. ചെറുകിട നിക്ഷേപകരടക്കം വിട്ടുനിന്നപ്പോൾ വൻകിടക്കാരാണ് അദാനിക്ക് എഫ്.പി.ഒ പൂർത്തിയാക്കാൻ സഹായിച്ചത്.
അതേസമയം, അദാനി ഗ്രൂപ് കമ്പനികൾക്കെതിരെ ഉയർന്ന കള്ളപ്പണ, തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചും ഓഹരി വിലത്തകർച്ചയെക്കുറിച്ചും പ്രതികരിക്കാൻ തയാറാകാതെ കേന്ദ്രസർക്കാർ. ഏതെങ്കിലും ഒരു കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങളോട് സർക്കാർ പ്രതികരിക്കില്ലെന്ന് ബജറ്റിന് ശേഷം മാധ്യമങ്ങളെ കണ്ട സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേഥ് പറഞ്ഞു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനും വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.
സമ്പന്നരുടെ പട്ടിക: 15ാം സ്ഥാനത്തേക്ക് തെറിച്ച് അദാനി
ന്യൂഡൽഹി: ‘ഫോബ്സി’ന്റെ ലോക അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തിൽനിന്ന് തെറിച്ച് ഗൗതം അദാനി. പത്താം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇപ്പോൾ 15ാമതായി. പകരം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പത്താംസ്ഥാനത്തേക്കുവന്നു. നിലവിൽ അദാനിയുടെ മൊത്തം ആസ്തി 7510 കോടി യു.എസ് ഡോളർ (6.14 ലക്ഷം കോടി രൂപ) ആണ്. 8430 കോടി യു.എസ് ഡോളറിന്റെ (6.90 ലക്ഷം കോടി രൂപ) ആസ്തിയുമായി മുകേഷ് അംബാനി അദാനിയെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനവാനായ ഇന്ത്യക്കാരനായി. മുകേഷിന്റെ ആസ്തിയിൽ 0.19 ശതമാനം വർധനയുണ്ടായപ്പോൾ അദാനിയുടെ ആസ്തിയിൽ 4.62 ശതമാനം കുറവുണ്ടായി. നേരത്തേ ലോകത്തെ മൂന്ന് അതിസമ്പന്നരിൽ ഒരാളായിരുന്നു അദാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.