കേരള സൗരോർജ വിപണിയിൽ സജീവമാകാൻ അദാനി ഗ്രൂപ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ സൗര വൈദ്യുതോൽപാദന രംഗത്ത് സജീവമാകാൻ അദാനി ഗ്രൂപ് പദ്ധതി. ഗാർഹിക സൗരോർജ ഉൽപാദനം വിപുലമാക്കുന്നതിന് വിപുല പദ്ധതി നടപ്പാക്കുമെന്ന് അദാനി സോളാർ നാഷനൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ് സോളാർ പാനലിന്റെ കേരളത്തിലെ പ്രധാന വിതരണക്കാരായ അൽമിയ ഗ്രൂപ്പുമായി കരാർ ഒപ്പുവെച്ചു.
കേരളത്തിൽ ഇതുവരെ 1000 മെഗാവാട്ട് സൗരോർജ പദ്ധതികളാണ് വിവിധ കമ്പനികൾ വഴി നടപ്പാക്കിയിട്ടുള്ളത്. അതിൽ 225 മെഗാവാട്ട് മാത്രമാണ് പുരപ്പുറ സൗരോർജ പദ്ധതി. ഇതിന്റെ 50 ശതമാനം അദാനി ഗ്രൂപ്പിന്‍റെ സോളാർ പദ്ധതിയാണ്. ഇതുവഴി നടപ്പാക്കിയ 225 മെഗാവാട്ട് പദ്ധതിക്ക് പുറമെ അടുത്ത ഒരു വർഷത്തിനകം അദാനി സോളാറിന്റെ കീഴിൽ 200 മെഗാവാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
2023ൽ മാത്രം 70 മെഗാവാട്ടിന്റെ സൗരോർജ പാനലുകൾ കേരളത്തിൽ സ്ഥാപിക്കാനായി. കേരളത്തിൽ സോളാർ വൈദ്യുതോൽപാദനത്തിന് വലിയ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വിപുല പദ്ധതികൾ ആവിഷ്കരിച്ചത്. വിഴിഞ്ഞം തുറമുഖത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനുവേണ്ട പദ്ധതികളിൽ സൗരോർജത്തിന്റെ ഉപയോഗവും സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി ആസ്ഥാനമായ അൽമിയ എൻജിനീയറിങ് മാനേജിങ് ഡയറക്ടർ അൽ നിഷാൻ ഷാഹുൽ, അദാനി സോളാർ ഗ്രൂപ് റീജനൽ ഹെഡ് ഓഫ് സെയിൽസ് ആൻഡ് മാർക്കറ്റിങ് പ്രശാന്ത് ബൈന്ദൂർ, സൗത്ത് ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് റീജനൽ മാനേജർ രവി മദന, അൽമിയ ഗ്രൂപ് ഡയറക്ടർ അബ്ദുൽ റഹ്മാൻ ഐ, ജനറൽ മാനേജർ അജിത് മാത്യു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.