അദാനി: തങ്ങൾ എന്തു പറഞ്ഞാലും ഓഹരിവിപണിയെ ബാധിക്കും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി എന്തു പറഞ്ഞാലും അത് ഓഹരിവിപണിയെ ബാധിക്കുമെന്നും വികാരത്തിനനുസരിച്ചാണ് വിപണി നീങ്ങുകയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. അതിനാൽ തങ്ങൾക്കും ജാഗ്രതയുണ്ടെന്നും അദാനിക്ക് നഷ്ടമുണ്ടാക്കിയ ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ പരിഗണിച്ച് കോടതി പറഞ്ഞു.
അദാനി ഗ്രൂപ്പിനെതിരായ ‘ഹിൻഡൻബർഗ്’ അന്വേഷണ റിപ്പോർട്ട് റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള സമിതി അന്വേഷിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. അഭിഭാഷകരായ വിശാൽ തിവാരി, എം.എൽ ശർമ്മ എന്നിവരാണ് ഹരജി നൽകിയത്.
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിലെ നിക്ഷേപകർക്ക് പണം നഷ്ടമാവുന്നത് തടയാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു. ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയോടായിരുന്നു സുപ്രീംകോടതി ചോദ്യം. അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് സെബി കോടതിക്ക് മറുപടി നൽകി.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സെബിക്കായി കോടതിയിൽ ഹാജരായത്. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തിനും സെബിക്കും കോടതി നിർദേശം നൽകി. ഇതിനായി ഒരു വിദഗ്ധസമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കോടതി പരിഗണിച്ചത്.
‘ഹിൻഡൻബർഗ്’ റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയും വൻ നഷ്ടത്തിന് കാരണമാവുകയും ചെയ്തെന്ന് തിവാരി പറഞ്ഞു. കോർപറേറ്റുകൾക്ക് 500 കോടിയിൽ കൂടുതലുള്ള വായ്പ അനുവദിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതിയുണ്ടാക്കുന്നതിന് നിർദേശം നൽകണമെന്നും തിവാരിയുടെ പൊതുതാൽപര്യ ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.