അഹ്മദാബാദ് ലുലു മാൾ ഉടൻ; ആദ്യഘട്ടത്തിൽ 2000 കോടിയുടെ മുതൽ മുടക്ക്
text_fieldsഅഹ്മദാബാദ്: കേരളം, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കുശേഷം ഗുജറാത്തിലും പ്രവർത്തനം ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി കഴിഞ്ഞ ദിവസം അഹ്മദാബാദിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ആദ്യഘട്ടത്തിൽ അഹ്മദാബാദിൽ 2000 കോടി മുതൽ മുടക്കിൽ ലുലു മാൾ തുടങ്ങാനാണ് ഗ്രൂപ് ഉദ്ദേശിക്കുന്നത്. ഇതിന് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി പുരോഗമിച്ചുവരുകയാണെന്ന് യൂസുഫലി മുഖ്യമന്ത്രിയെ അറിയിച്ചു. ഷോപ്പിങ് മാൾ നിർമാണം ഈ വർഷം തന്നെ തുടങ്ങും. ഗുജറാത്ത് സർക്കാറിന്‍റെ എല്ലാവിധ സഹായ സഹകരണങ്ങളും മുഖ്യമന്ത്രി ഉറപ്പുനൽകി. രണ്ടാംഘട്ടത്തിൽ ഗുജറാത്തിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.
ലോകോത്തര നിലവാരത്തിൽ 20 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് മാൾ ഉയരുന്നത്. 2,00,000 ചതുരശ്രയടി വിസ്തീർണത്തിൽ ലുലു ഹൈപർ മാർക്കറ്റ്, മുന്നൂറിൽപരം ദേശീയ -അന്തർദേശീയ വിവിധോദ്ദേശ്യ ബ്രാൻഡുകൾ, 2500 പേർക്ക് ഇരിക്കാവുന്ന വിശാല ഫുഡ് കോർട്ട്, 16 സ്ക്രീൻ സിനിമ, കുട്ടികൾക്കായി വിനോദ കേന്ദ്രം, വിശാലമായ മൾട്ടി ലെവൽ പാർക്കിങ് എന്നിവ മാളിന്‍റെ സവിശേഷതകളായിരിക്കും.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ. കൈലാസനാഥൻ, ലുലു ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് റാം, ലുലു ഇന്ത്യ ചീഫ് ഓപറേഷൻസ് ഓഫിസർ രജിത് രാധാകൃഷ്ണൻ നായർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.