സൗദി ആഗോളകേന്ദ്രമാവുക ലക്ഷ്യം; ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് കിരീടാവകാശി
text_fieldsജിദ്ദ: സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കണമെന്ന ലക്ഷ്യത്തോടെ പുതിയ മാസ്റ്റർ പ്ലാൻ പുറത്തിറക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയും ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്.
സൗദിയിലെ ലോജിസ്റ്റിക്സ് മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണം, പ്രമുഖ നിക്ഷേപ കേന്ദ്രമായും ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായും രാജ്യത്തിെൻറ സ്ഥാനം ശക്തിപ്പെടുത്തൽ എന്നിവയാണ് ലക്ഷ്യം.
ലോജിസ്റ്റിക്സ് മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള ദേശീയ തന്ത്രത്തിെൻറ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ലോജിസ്റ്റിക് കേന്ദ്രങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ ആരംഭിക്കുന്നത്. സാമ്പത്തിക വളർച്ചയെ ഇത് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര വ്യാപാര, വിതരണ ശൃംഖലകളുമായി സൗദിയുടെ പ്രാദേശിക ശൃംഖലകളെ ബന്ധിപ്പിക്കൽ ഇതിലൂടെ സാധ്യമാകും.
ഈ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളെ (ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക) ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സവിശേഷത സൗദി അറേബ്യക്കുണ്ട്. അതുകൊണ്ടുതന്നെ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ സൗദിയുടെ സ്ഥാനം ഇതിലൂടെ ഉറപ്പിക്കപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.
മാസ്റ്റർ പ്ലാനിൽ 10 കോടി ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള 59 കേന്ദ്രങ്ങൾ ഉൾപ്പെടുന്നുണ്ട്. റിയാദ്, മക്ക എന്നിവിടങ്ങളിൽ 12ഉം കിഴക്കൻ പ്രവിശ്യയിൽ 17ഉം മറ്റ് പ്രദേശങ്ങളിലെല്ലാം കൂടി 18ഉം കേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നത്. 2030ഓടെ എല്ലാ കേന്ദ്രങ്ങളും പ്രവർത്തസജ്ജമാകും. ഇത്തരത്തിൽ 21 കേന്ദ്രങ്ങളിൽ ഇപ്പോൾ പ്രവൃത്തി നടക്കുകയാണ്.
ഉയർന്ന കാര്യക്ഷമതയോടെ സൗദി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഈ കേന്ദ്രങ്ങൾ പ്രാദേശിക വ്യവസായങ്ങളെ പ്രാപ്തമാക്കും. രാജ്യത്തെ വിവിധ പ്രദേശങ്ങൾ, നഗരങ്ങൾ, ഗവർണറേറ്റുകൾ എന്നിവക്കുള്ളിലെ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം വളരെ വേഗത്തിൽ സുഗമമാക്കുന്നതിന് ഇ-കോമേഴ്സിനെ പിന്തുണക്കുമെന്നും കിരീടാവകാശി പറഞ്ഞു.
രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറയും വികസനത്തിെൻറയും പ്രധാന തൂണുകളിലൊന്നാണ് ലോജിസ്റ്റിക് മേഖല. ഈ മേഖല വികസിപ്പിക്കുന്നതിലും അതിെൻറ സാമ്പത്തികവും വികസനപരവുമായ സംഭാവനകൾ വിപുലീകരിക്കുന്നതിലും വലിയ മാറ്റം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾക്കും പ്രധാന സംഭവവികാസങ്ങൾക്കുമാണ് നിലവിൽ സൗദി അറേബ്യ സാക്ഷ്യംവഹിക്കുന്നത്.
ലോജിസ്റ്റിക് സേവന വ്യവസായം വികസിപ്പിക്കാനും കയറ്റുമതി തന്ത്രം മെച്ചപ്പെടുത്താനും നിക്ഷേപ അവസരങ്ങൾ വിപുലീകരിക്കാനും സ്വകാര്യ മേഖലയുമായി പങ്കാളിത്തം സ്ഥാപിക്കാനും ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം വിവിധ പദ്ധതികൾ നടപ്പാക്കിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.