ആഭ്യന്തര വിമാന സർവീസുകളിൽ വൈ-ഫൈ സേവനവുമായി എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ വൈ-ഫൈ സേവനവുമായി എയർ ഇന്ത്യ. തെരഞ്ഞെടുത്ത റൂട്ടുകളിലാണ് എയർ ഇന്ത്യ സേവനം തുടങ്ങുന്നത്. എയർബസ് എ350, ബോയിങ് 787-9, എയർബസ് എ321 നിയോ മോഡലുകളിലാണ് ആദ്യഘട്ടത്തിൽ വൈ-ഫൈ സേവനം ലഭ്യമാവുക. ടിക്കറ്റിന്റെ പി.എൻ.ആർ നമ്പറും അവസാന പേരും നൽകിയാണ് വൈ-ഫൈ സേവനം ഉപയോഗിക്കേണ്ടതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കണക്ടിവിറ്റി എന്നത് വിമാന കമ്പനിയെ സംബന്ധിക്കുന്നടുത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതിനാലാണ് എയർ ഇന്ത്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് കസ്റ്റമർ എക്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പറഞ്ഞു.
ഉപഭോക്താക്കൾക്ക് പുതിയ ഒരു അനുഭവം പ്രദാനം ചെയ്യാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എയർ ഇന്ത്യയുടെ പുതിയ ഉദ്യമത്തെ ഉപഭോക്താക്കളും അഭിനന്ദിക്കുമെന്നാണ് വിചാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവയിലെല്ലാം ഇന്റർനെറ്റ് സേവനം ലഭ്യമാവും.
ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഇന്റർനെറ്റ് ലഭിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. ന്യൂയോർക്ക്, ലണ്ടൻ, പാരീസ് തുടങ്ങിയ അന്താരാഷ്ട റൂട്ടുകളിൽ പരീക്ഷിച്ച് വിജയിച്ചതിന് പിന്നാലെയാണ് ഇന്റർനെറ്റ് സേവനം ആഭ്യന്തര റൂട്ടുകളിലേക്കും എയർ ഇന്ത്യ വ്യാപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.