റീ ബ്രാൻഡിങ്ങുമായി എയർ ഇന്ത്യ; നിറവും ലോഗോയും യൂനിഫോമും മാറും
text_fieldsന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സമ്പൂർണമായി റീബ്രാൻഡ് ചെയ്തു. നിറവും ലോഗോയും യൂനിഫോമും ഉൾപ്പടെ മാറും. ചുവപ്പ്, സ്വർണം, പർപ്പിൾ നിറങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ ലോഗോ പുറത്തിറക്കി. എയർക്രാഫ്റ്റ് ഉദ്യോഗസ്ഥർക്ക് പുതിയ യൂനിഫോമും കൊണ്ടുവന്നിട്ടുണ്ട്. ‘ദ വിസ്ത’ എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വിമാനങ്ങളിലെ നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബർ മുതലാവും പുതിയ ലുക്കിൽ വിമാനങ്ങൾ സർവീസ് തുടങ്ങുക. എയർ ഇന്ത്യയുടെ എ350 വിമാനങ്ങളിലാണ് പുതിയ ലോഗോ ആദ്യം അവതരിപ്പിക്കുക.
സ്വർണ നിറത്തിലുള്ള ഫ്രെയിമിനകത്താണ് എയർ ഇന്ത്യ എന്ന് ചുവന്ന, ബോൾഡ് അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത്. പുതിയ ഡിസൈനിൽ എയർ ഇന്ത്യയുടെ ഐതിഹാസിക ചിഹ്നമായ മഹാരാജയെ ഒഴിവാക്കിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. എന്നാൽ മഹാരാജയെയും ചില മാറ്റങ്ങളോടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
‘ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാനാണ് ശ്രമം. ആഗോള തലത്തിൽ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം’-എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ പറഞ്ഞു.
അടുത്ത 9 മുതൽ 12 വരെ മാസത്തിൽ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയിലും വിദേശത്തും മികച്ച സേവനങ്ങൾ നൽകുമെന്നും കമ്പനി ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യയുടെ മുൻനിര വിമാന കമ്പനി എന്ന നിലയിൽ സമഗ്ര മാറ്റം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ ലോഗോയും യൂനിഫോമും അവതരിപ്പിച്ചത്. ജൂണിൽ, 7000 കോടി ഡോളർ ചെലവഴിച്ച്, 470 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ എയർബസുമായും ബോയിങ്ങുമായും എയർ ഇന്ത്യ ഒപ്പുവെച്ചിരുന്നു. നവംബറിൽ ഈ വിമാനങ്ങൾ ഏറ്റുവാങ്ങും.
കമ്പനിയിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി 43 വൈഡ് ബോഡി വിമാനങ്ങളുടെ ഇന്റീരിയർ പൂർണ്ണമായും നവീകരിക്കാനുള്ള പദ്ധതിയും എയർ ഇന്ത്യ ആവിഷ്കരിച്ചിട്ടുണ്ട്. 400 ദശലക്ഷം ഡോളറാണ് ഇതിനായി ചെലവഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.