വിമാനകമ്പനികൾ നിരക്ക് കുറച്ചുതുടങ്ങി; ലക്ഷ്യം യാത്രക്കാരെ ആകർഷിക്കൽ
text_fieldsനെടുമ്പാശ്ശേരി: പരമാവധി യാത്രക്കാരെ സമാഹരിക്കാൻ അഭ്യന്തര വിമാനകമ്പനികൾ പലതും നിരക്കുകൾ കുറച്ചുതുടങ്ങി. കൊറോണ വാക്സിൻ വിതരണം തുടങ്ങിയതിനെത്തുടർന്ന് യാത്ര ചെയ്യുന്നതിനും മറ്റും കൂടുതൽപേർ ഇപ്പോൾ തയാറാകുന്ന സാഹചര്യത്തിലാണിത്. ഘട്ടംഘട്ടമായി സർവിസുകളുടെ എണ്ണം വർധിപ്പിക്കാനാണ് വിമാനകമ്പനികളുടെ തീരുമാനം.
ഇൻഡിഗോ 877 രൂപക്ക് വിമാനയാത്ര സാധ്യമാകുന്ന പദ്ധതി പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവർക്കാണ് യാത്ര തരപ്പെടുക. ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 30നും ഇടയിലാണ് ഇതനുസരിച്ച് യാത്ര ചെയ്യാൻകഴിയുക.
വിദേശ വിമാനകമ്പനികൾ ഇതുവരെയും സർവിസുകൾ ആരംഭിച്ചിട്ടില്ല. വന്ദേഭാരത് പ്രകാരമുളള ചില സർവിസുകൾ മാത്രമാണുള്ളത്. പല രാജ്യങ്ങളും രാജ്യാന്തര സർവിസുകൾ ആരംഭിച്ച സാഹചര്യത്തിൽ അടുത്ത മാസം മുതൽ ഇന്ത്യയിൽ നിന്നുളള രാജ്യാന്തര സർവിസുകളും ആരംഭിക്കാനിടയുണ്ട്. അഭ്യന്തര യാത്രക്കാരുടെ എണ്ണം ഇപ്പോൾ നിത്യേന കൂടുന്നുണ്ടെന്നാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണക്കുമുമ്പ് നിത്യേന 15000ത്തിലേറെ ആഭ്യന്തര യാത്രക്കാരുണ്ടായിരുന്നു.
ഇപ്പോൾ അത് 10,000 വരെയായിട്ടുണ്ട്. കുടുംബമായി വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയാൽ മാത്രമേ കൂടുതൽ ബുക്കിങ് ഉണ്ടാകൂവെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ പല ആഭ്യന്തര വിമാനങ്ങളിലും പകുതിയോളം യാത്രക്കാർ മാത്രമാണുളളത്. അതുകൊണ്ടുതന്നെ പല സർവിസുകളും വലിയ നഷ്ടത്തിലാണ്. ഓരോ ദിവസവും നിരക്ക് കുറച്ചുള്ള സീറ്റുകൾ നിശ്ചിത എണ്ണം മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.