കോവിഡിൽ വരുമാനം ഇടിഞ്ഞ് വിമാനത്താവളങ്ങൾ
text_fieldsകോവിഡ് നിയന്ത്രണങ്ങൾമൂലം സർവിസുകൾ വെട്ടിക്കുറച്ചതോടെ വരുമാനത്തിൽ വൻ ഇടിവ് നേരിട്ട് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് (സിയാൽ) പ്രതിമാസ വരുമാനത്തിൽ ഏതാണ്ട് 85 ശതമാനത്തിെൻറ ഇടിവാണുണ്ടായത്.
കോവിഡിനു മുമ്പ് പ്രതിമാസം ശരാശരി 50 കോടിയായിരുന്നു സിയാലിെൻറ വരുമാനം. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഇത് എട്ട് കോടിയായി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രോഗബാധ തടയാൻ സർവിസുകൾ വലിയ തോതിൽ വെട്ടിക്കുറച്ചതാണ് തിരിച്ചടിയായത്. പ്രതിദിനം 142 വിമാനങ്ങൾ സർവിസ് നടത്തിയിരുന്ന വിമാനത്താവളത്തിൽ ഇപ്പോൾ 30 വിമാനങ്ങൾമാത്രമാണ് സർവിസ് നടത്തുന്നത്. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കാണിത്.
യാത്രക്കാരുടെ എണ്ണം ഒരു കോടിയിൽനിന്ന് ഏതാണ്ട് പകുതിയായി കുറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. 140 മുതൽ 180 പേർക്ക് പോകാവുന്ന വിമാനത്തിൽ സാമൂഹിക അകലം പാലിക്കുന്നതിെൻറ ഭാഗമായി 60 ആയി കുറച്ചിരിക്കുകയാണ്.
സോളാർ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാണ് സിയാൽ. വരുമാനം കുറഞ്ഞതോടെ അറ്റകുറ്റപ്പണികൾ നടത്താനും പ്രയാസപ്പെടുകയാണെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ ക്രമീകരണത്തിനും മറ്റുമായി പ്രതിമാസം 30-32 കോടി ചെലവാകുന്നുണ്ടെന്ന് സിയാൽ ഡയറക്ടർ എ.സി.കെ നായർ പറഞ്ഞു.
ലോക്ഡൗണിൽ പൂർണമായും അടച്ചിരുന്ന വിമാനത്താവളം നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെയാണ് തുറക്കാനായത്. ഇപ്പോൾ പ്രതിമാസം എട്ട്-ഒമ്പത് കോടിയിലെത്തിയിരുന്നു വരുമാനം. രണ്ടാം തരംഗം വന്നതോടെ വീണ്ടും ഇടിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മറ്റ് വിമാനത്താവളങ്ങളും സമാന പ്രതിസന്ധി നേരിടുന്നുണ്ട്. തിരുവനന്തപുരം, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലും വരുമാനം ഏതാണ്ട് മുക്കാൽ ശതമാനവും കുറഞ്ഞിരിക്കുകയാണ്. പ്രതിദിന ചെലവുകൾ കണ്ടെത്താനാവാതെ താൽകാലിക ജോലിക്കാരെ പിരിച്ചുവിടുന്നതുൾപ്പെടെ ചെലവ് ചുരുക്കുന്ന ക്രമീകരണങ്ങളാണ് പലരും ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.