കഴിഞ്ഞ വര്‍ഷവും മികച്ച നേട്ടം കൈവരിച്ച് അജ്മാന്
text_fieldsകോവിഡ് മഹാമാരി ലോകത്തെ ഒന്നാകെ പ്രതിസന്ധിയില്‍ തളച്ചാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്. ഈ പ്രതിസന്ധി കാലഘട്ടത്തിലും വാണിജ്യ മേഖലയില്‍ പുത്തനുണര്‍വ്വ് സൃഷ്ടിക്കാന്‍ അജ്മാന് കഴിഞ്ഞു. അടിസ്ഥാന വികസന മേഖലയില്‍ പുതിയ നിരവധി പദ്ധതികള്‍ ഇവിടെ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി. ലോക്ഡൗൺ കാലത്ത് നാടും നഗരവും അടഞ്ഞു കിടന്ന സാഹചര്യം ഉപയോഗപ്പെടുത്തിയാണ് അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ചതിലും വേഗത്തില്‍ നടത്തിയത്.
ഈ കാലഘട്ടത്തില്‍ നിരവധി പാലങ്ങളും ഫ്ലൈ ഓവറുകളും റോഡുകളും ഡ്രെയിനേജ് സംവിധാനങ്ങളും നിലവില്‍ വന്നു. അടിസ്ഥാന വികസനത്തില്‍ കൈവരിച്ച നേട്ടം മൂലം നിക്ഷേപകരും താമസക്കാരും അധികമായി അജ്മാനിലേക്ക് എത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നടപ്പുവർഷം സാമ്പത്തിക വികസന വകുപ്പ് നൽകിയ ലൈസൻസുകളുടെ എണ്ണത്തിന്റെ വളർച്ചാ നിരക്ക് 41 ശതമാനത്തിലെത്തി.
സ്ഥാപനങ്ങളുടെ എണ്ണം 27,913 ആയി ഉയര്‍ന്നു. ഇടത്തരം ചെറുകിട പദ്ധതികളുടെ ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വത്തിന് പുതിയ സംവിധാനങ്ങള്‍ തുറക്കുന്നതിനും പുറമെ, വ്യവസായ മേഖലയെ പിന്തുണയ്ക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വ്യാവസായിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിലും വെബ്സൈറ്റിലൂടെ നൽകുന്ന സേവനങ്ങളിൽ ഉപഭോക്തൃ സംതൃപ്തി സൂചികയുടെ അനുപാതം കൈവരിക്കുന്നതിലും വകുപ്പിന്റെ ശ്രമങ്ങൾ ഏറെ വിജയം കണ്ടു.
ഇത് നിക്ഷേപകർക്ക് സമയവും പ്രയത്നവും ലാഭിക്കുന്നതിനും സംതൃപ്തി പ്രദാനം ചെയ്യുന്നതിനും കാരണമായി. എമിറേറ്റിലെ ഫാക്ടറികളുടെ എണ്ണം ആയിരത്തിനു മുകളില്‍ എത്തി. എമിറേറ്റിന്റെ ജി.ഡി.പിയുടെ 20 ശതമാനം വ്യവസായ മേഖലയില്‍ നിന്നാണ്. കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനായി അബൂദബിയുമായി സഹകരണ കരാറും ഈയിടെ ഒപ്പുവച്ചു. മികച്ച വാണിജ്യ, വ്യാവസായിക സൗഹൃദ സൗകര്യവും സംവിധാനങ്ങളും ഒരുക്കുന്നതില്‍ അജ്മാന് ഏറെ മുന്നോട്ട് പോയി. താമസ കേന്ദ്രങ്ങളോടനുബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഈ കാലയളവില്‍ അജ്മാന് എമിറേറ്റ് മികച്ച നിലവാരത്തിലെത്തി. മറ്റു എമിറേറ്റുകളില്‍ നിന്ന് നിക്ഷേപകരെപ്പോലെ തന്നെ താമസക്കാരെയും ആകര്‍ഷിക്കാന്‍ ഇതിലൂടെ അജ്മാന് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.