ക്രിപ്റ്റോകറൻസിയും അതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധം; നിരോധനവുമായി ചൈന
text_fieldsക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധമാണെന്നും അത് നിരോധിക്കണമെന്നുമുള്ള നിർദേശവുമായി ചൈനീസ് സെൻട്രൽ ബാങ്ക് രംഗത്ത്. ബിറ്റ്കോയിനും ടെതറും ഉൾപ്പെടെ എല്ലാ ക്രിപ്‌റ്റോകറൻസികളും ഫിയറ്റ് കറൻസികളല്ലെന്നും അവ വിപണിയിൽ പ്രചരിക്കാൻ പാടില്ലെന്നും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന പ്രസ്താവിച്ചു. ഗാർഹിക താമസക്കാർക്ക് ഓഫ്‌ഷോർ എക്സ്ചേഞ്ചുകൾ നൽകുന്ന സേവനങ്ങൾ ഉൾപ്പെടെ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിയമവിരുദ്ധമായ സാമ്പത്തിക പ്രവർത്തനങ്ങളാണെന്നും ബാങ്ക് കൂട്ടിച്ചേർത്തു.
''വെർച്വൽ കറൻസിയുമായി ബന്ധപ്പെട്ട ബിസിനസ്സ് പ്രവർത്തനങ്ങൾ നിയമവിരുദ്ധമായ സാമ്പത്തിക പ്രവർത്തനങ്ങളാണ്, അത് ചെയ്യുന്നവർക്കതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കും'' -പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (PBOC) വെള്ളിയാഴ്ച പുറത്തുവിട്ട ഓൺലൈൻ പ്രസ്താവനയിൽ വ്യക്തമാക്കി. ക്രിപ്റ്റോ ട്രേഡിങ്, ടോക്കണുകൾ വിൽക്കൽ, വെർച്വൽ കറൻസി ഇടപാടുകൾ, നിയമവിരുദ്ധമായ ധനസമാഹരണം തുടങ്ങി ക്രിപ്‌റ്റോകറൻസികൾ ഉള്‍പ്പെടുന്ന എല്ലാ സാമ്പത്തിക പ്രവർത്തനങ്ങൾക്കും നിരോധനമുണ്ട്.
ഉൗഹക്കച്ചവടവും കള്ളപ്പണം വെളുപ്പിക്കലും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികളുടെ ആഗോള മൂല്യത്തിൽ കഴിഞ്ഞ വർഷം വലിയ തോതിൽ ചാഞ്ചാട്ടമുണ്ടായിരുന്നു. അതേസമയം, പുതിയ പ്രഖ്യാപനത്തെ തുടർന്ന് ബിറ്റ്കോയിൻ 5.5 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.
സമീപ വർഷങ്ങളിൽ ബിറ്റ്കോയിനിന്റെയും മറ്റ് വെർച്വൽ കറൻസികളുടെയും വ്യാപാരം "വ്യാപകമാവുകയും അത് രാജ്യത്തിെൻറ സാമ്പത്തിക ക്രമം തടസ്സപ്പെടുത്തുകയും ചെയ്തതായും ബാങ്ക് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധമായ ധനസമാഹരണം, തട്ടിപ്പ്, പിരമിഡ് പദ്ധതികൾ, മറ്റ് നിയമവിരുദ്ധ - ക്രിമിനൽ പ്രവർത്തനങ്ങൾക്കും അത് കാരണമാകുന്നതായും "ആളുകളുടെ സ്വത്തിെൻറ സുരക്ഷയെ ഗുരുതരമായി അപകടപ്പെടുത്തുന്നതായും" അധികൃതർ ചൂണ്ടിക്കാട്ടി.
2019 മുതൽ തന്നെ ചൈനയിൽ ക്രിപ്റ്റോ നിർമ്മാണവും ട്രേഡിംഗും നിയമവിരുദ്ധമാണ്. എന്നാൽ, ഈ വർഷം സർക്കാർ അതിൽ കൂടുതൽ കടുംപിടുത്തവുമായി എത്തുകയും അവയുമായി ബന്ധപ്പെട്ട ഇടപാടുകൾ നിർത്തിവയ്ക്കാൻ ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകുകയും രാജ്യത്തെ ബിറ്റ്കോയിൻ മൈനേഴ്സിെൻറ വലിയ നെറ്റ്വർക് അടയ്ക്കുകയും ചെയ്തിരുന്നു. എന്തായാലും പുതിയ സംഭവങ്ങൾ ക്രിപ്റ്റോ കറൻസികൾക്കുള്ള വാതിൽ ചൈന എന്നെന്നേക്കുമായി കൊട്ടിയടച്ചു എന്ന സൂചനയാണ് നൽകുന്നത്.
എന്താണ് ക്രിപ്റ്റോ കറൻസികൾ
ഡിജിറ്റൽ പണമാണ് ക്രിപ്‌റ്റോ കറൻസികൾ, അതായത് കാണാനോ സ്പർശിക്കാനോ കഴിയാത്ത പണം, ഇവയ്ക്ക് മൂല്യമുണ്ട് എങ്കിലും ബാങ്ക് പോലുള്ള ഒരു കേന്ദ്രീകൃത അതോറിറ്റി ക്രിപ്റ്റോ കറൻസികൾക്ക് ഇല്ല. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ നെറ്റ്വർക്കിനെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുണക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.