വ്യാപാരവും യുദ്ധം!
text_fieldsയുദ്ധങ്ങളിലൂടെ രൂപപ്പെട്ടുവന്ന രാജ്യമാണ് അമേരിക്ക. സ്വന്തം മണ്ണിലും പുറം മണ്ണിലും അത് യുദ്ധം ചെയ്തു, യുദ്ധം സൃഷ്ടിച്ചു. സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ തുടങ്ങി അമേരിക്ക ആഗോള സൂപ്പർ പവറായി മാറിയത് യുദ്ധങ്ങളിലൂടെയാണ്. ഭൂമിയുടെ വിവിധ കോണുകളിലുള്ള സംഘർഷങ്ങൾ അവസരങ്ങളാക്കിയും ഈ രാജ്യം വളർന്നു. അതേസമയം, ഈ കൈയൂക്ക് അമേരിക്കകത്തും പുറത്തുമായി വലിയ മുറിവുകൾ തീർത്തിട്ടുമുണ്ട്. ഇതിനു സമാനമാണ്, യു.എസിന്റെ സുപ്രധാന സാമ്പത്തിക തന്ത്രങ്ങളിലൊന്നായ വ്യാപാര യുദ്ധങ്ങളും. മിത്രങ്ങൾക്കെതിരെയും ശത്രുക്കൾക്കെതിരെയും അവരത് ഒരേപോലെ ഉപയോഗിക്കും. നൂറ്റാണ്ടു മുമ്പുതന്നെ വ്യാപാര/തീരുവ തർക്കങ്ങളും പ്രതികാര തീരുവകളും പ്രയോഗിച്ചു തുടങ്ങിയ യു.എസ്, ചൈനയടക്കമുള്ള വ്യാപാര ഭീമന്മാർ രംഗപ്രവേശം ചെയ്ത പുതിയ നൂറ്റാണ്ടിലും അതേ പാത തുടരുകയാണ്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്കെതിരെ യു.എസ് ചുമത്തിത്തുടങ്ങിയ തിരിച്ചടി തീരുവയും അതുണ്ടാക്കുന്ന പ്രത്യാഘാതവും വിലയിരുത്തുകയാണിവിടെ.
ട്രംപിൽ വിറച്ച് ലോകം
ശാന്തത നിറഞ്ഞ ഒരു കുളത്തിലേക്ക് വലിയൊരു കല്ലെടുത്തിട്ടാലുള്ള അവസ്ഥയാണ് ഇപ്പോൾ ലോകത്തിന്. അതെടുത്തിട്ടതാകട്ടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും. ജനുവരി 20ന് ട്രംപ് അധികാരമേറ്റതുമുതൽ തുടങ്ങിയതാണ് ഈ പ്രക്ഷുബ്ധത. അയൽ രാജ്യങ്ങളെന്നോ സുഹൃദ് രാജ്യങ്ങളെന്നോ എതിരാളികളെന്നോ ഇതിന് വ്യത്യാസമില്ല. യുക്രെയ്ൻ യുദ്ധം, ഗസ്സ യുദ്ധം എന്നിവയിലെ ട്രംപിന്റെ അപ്രതീക്ഷിതവും അവിചാരിതവുമായ നീക്കങ്ങൾ യൂറോപ്പിനെയും അറബ് രാജ്യങ്ങളെയും അമ്പരപ്പിച്ചതിനു പുറമേയാണ് ട്രംപ് തുടക്കമിട്ട വ്യാപാര യുദ്ധം. ലോകത്തെ അസ്വസ്ഥതയിലാഴ്ത്തി ട്രംപ് പുറത്തെടുത്ത ഏറ്റവും മാരകമായ ആയുധമാണ് തീരുവ. വ്യാപാര ബന്ധങ്ങൾക്കപ്പുറം, രാഷ്ട്രീയ, നയതന്ത്ര തലങ്ങളിലേക്ക് ഇതിന്റെ പ്രത്യാഘാതം വ്യാപിച്ചുകഴിഞ്ഞു. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലാണ് ഇന്ന് ലോകം.
വ്യാപാര യുദ്ധമെന്ന സാമ്പത്തിക സംഘർഷം
- രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സംഘർഷമാണ് വ്യാപാര യുദ്ധം. തീരുവയുടെ വേലിക്കെട്ടുകളുയർത്തി ഇതര രാജ്യങ്ങളിൽനിന്ന് സ്വന്തം രാജ്യത്തെ വ്യാപാര, സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം.
- തീരുവക്ക് പുറമേ, ഇറക്കുമതിക്ക് ക്വോട്ട നിശ്ചയിക്കൽ, ആഭ്യന്തര സബ്സിഡി, കറൻസിയുടെ മൂല്യമിടിക്കൽ, ഉപരോധം തുടങ്ങിയവയാണ് വ്യാപാര യുദ്ധത്തിന് രാജ്യങ്ങൾ സ്വീകരിക്കുന്ന മറ്റ് മാർഗങ്ങൾ. ഒരു രാജ്യം ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ മറ്റ് രാജ്യങ്ങളും സമാന നടപടികളുമായി തിരിച്ചടിക്കും. ഇത് ഒരു യുദ്ധസാഹചര്യം സൃഷ്ടിക്കും.
- ഹ്രസ്വകാല, ദീർഘകാല ഫലങ്ങളാണ് വ്യാപാര യുദ്ധം സൃഷ്ടിക്കുക. ഹ്രസ്വകാലത്തേക്ക്, ആഭ്യന്തര വ്യവസായങ്ങളെയും ഉൽപാദകരെയും സംക്ഷിക്കുകയെന്ന ലക്ഷ്യം കൈവരിച്ചേക്കാം. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് വിപരീത ഫലമാണുണ്ടാക്കുക. ജി.ഡി.പി ശോഷിക്കാനും മത്സരക്ഷമത ഇല്ലാതാക്കാനും ഇത് ഇടയാക്കും.
ഇന്ത്യക്കെതിരെ
⊿തങ്ങൾക്കെതിരെ നികുതി ചുമത്തിയാൽ തിരിച്ചും ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇന്ത്യക്കും ഇതിൽനിന്ന് ഇളവില്ല. ഏപ്രിൽ രണ്ടിന് നിലവിൽ വരുമെന്ന് പ്രഖ്യാപിച്ച പരസ്പര നികുതിയുടെ ആഘാതം എത്രത്തോളമായിരിക്കുമെന്ന വിലയിരുത്തലിലാണ് ഇന്ത്യയിപ്പോൾ. അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്ക് നികുതി കുറക്കുന്ന കാര്യം പരിഗണിച്ചുവരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
- ഇന്ത്യയുടെ കയറ്റുമതി അടിസ്ഥാന വ്യവസായങ്ങളെ തീരുവ ഭീഷണി ബാധിക്കും. പ്രധാനമായും ഔഷധ നിർമാണ മേഖല, വാഹന നിർമാണ കമ്പനികൾ, മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ, വസ്ത്ര നിർമാണ മേഖല, രത്ന-ആഭരണ മേഖല എന്നിവയാണ് ഈ രംഗത്തുള്ളത്. ഇന്ത്യയുടെ മരുന്ന് കയറ്റുമതിയുടെ 31.35 ശതമാനവും അമേരിക്കയിലേക്കാണ്.
- ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്നതോടെ അമേരിക്കയിൽ വില ഉയരും. ഇത് ആവശ്യം കുറക്കും. അമേരിക്കൻ ഉപഭോക്താക്കൾക്ക് ചെലവേറുന്നതിനൊപ്പം ഇന്ത്യൻ കമ്പനികൾക്കും കയറ്റുമതിക്കാർക്കും തിരിച്ചടിയുണ്ടാവുകയും ചെയ്യും.
- ഇതിന് ഇന്ത്യ തേടുന്ന പ്രതിവിധികളിലൊന്ന്, യൂറോപ്യൻ യൂനിയൻ, ചൈന, റഷ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുക എന്നതായിരിക്കും.
- ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക 20 ശതമാനം തീരുവ ചുമത്തിയതോടെ അവിടെനിന്നുള്ള ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകുമെന്ന ആശങ്കയുമുണ്ട്. ഇത് രാജ്യത്തെ ഉൽപാദകർക്ക്, പ്രത്യേകിച്ച് ചൈനീസ് ഉൽപന്നങ്ങളുമായി നേരിട്ട് മത്സരിക്കുന്നവർക്ക് തിരിച്ചടിയാകും.
- ഇന്ത്യ ചുമത്തുന്ന തീരുവ
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 7.7 ശതമാനമാണ്. അതേസമയം അമേരിക്ക ചുമത്തുന്ന ശരാശരി തീരുവ 2.8 ശതമാനവും
തീരുവയുദ്ധം ഇങ്ങനെ
- ഫെബ്രുവരി ഒന്നിന് കാനഡ, മെക്സികോ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. കാനഡയിൽനിന്നുള്ള എണ്ണ, പ്രകൃതിവാതകം ഇറക്കുമതിക്ക് 10 ശതമാനമായിരിക്കും തീരുവ. ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും തീരുവ ചുമത്തി. ഫെബ്രുവരി നാലിന് തീരുവ നടപ്പിൽ വരുമെന്നായിരുന്നു പ്രഖ്യാപനം.
- അതിർത്തി കടന്നുള്ള അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിക്കാമെന്ന് കാനഡയും മെക്സികോയും അറിയിച്ചതിനെത്തുടർന്ന് തീരുമാനം ഒരു മാസത്തേക്ക് നീട്ടി. അതേസമയം, ചൈനക്കെതിരായ തീരുവ നാലിന് തന്നെ നിലവിൽ വന്നു.
- മെക്സികോ, കാനഡ എന്നിവക്കെതിരായ 25 ശതമാനം തീരുവ മാർച്ച് നാലിന് നിലവിൽ വന്നു. ചൈനക്കെതിരായ തീരുവ 20 ശതമാനമായി ഉയർത്തുകയും ചെയ്തു.
- എന്നാൽ, കാനഡക്കും മെക്സികോക്കുമെതിരായ നീക്കത്തിൽനിന്ന് ട്രംപ് ഭാഗികമായി പിന്നോട്ടുപോയി. മൂന്ന് മുൻ നിര അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്, ജനറൽ മോട്ടോഴ്സ്, സ്റ്റെല്ലാന്റിസ് എന്നിവയുടെ അഭ്യർഥനയെത്തുടർന്ന് വാഹന ഇറക്കുമതിക്കുള്ള തീരുവ ഒരു മാസത്തേക്ക് നീട്ടാൻ മാർച്ച് അഞ്ചിന് ട്രംപ് ഉത്തരവിട്ടു.
- യു.എസ്-മെക്സികോ-കാനഡ കരാർ (യു.എസ്.എം.സി.എ) എന്ന സ്വതന്ത്ര വ്യാപാരക്കരാർ പ്രകാരമുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് തീരുവ ചുമത്തുന്നത് ഒരു മാസത്തേക്ക് നീട്ടാൻ അടുത്ത ദിവസവും ഉത്തരവിട്ടു.
തിരിച്ചടി നികുതി ഏപ്രിൽ മുതൽ
അമേരിക്കൻ ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്ന ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിക്ക് അതേ അളവിൽ തിരിച്ചും നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടുമുതലാണ് ഇത് നിലവിൽവരുക. മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്നുവെന്നാണ് ട്രംപിന്റെ പരാതി.
എന്താണീ തീരുവ
ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് ഒരു രാജ്യം ഈടാക്കുന്ന നികുതിയാണ് തീരുവ (താരിഫ്). കസ്റ്റംസ് ഡ്യൂട്ടി എന്നും ഇത് അറിയപ്പെടുന്നു. ഉത്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം ആയിരിക്കും ഇത്. ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർ ഈ തീരുവ സർക്കാരിലേക്ക് അടക്കണം. ഉദാഹരണത്തിന്, 100 രൂപ വിലയുള്ള ഒരു ഉത്പന്നത്തിന് 10 ശതമാനം തീരുവ ചുമത്തിയാൽ വില 110 രൂപയാകും. തീരുവയുടെ അധിക ഭാരം ഉപഭോക്താക്കളാണ് വഹിക്കേണ്ടി വരിക. വിമാനത്താവളത്തിലെയോ തുറമുഖത്തെയോ കസ്റ്റംസ് ക്ലിയറൻസ് വേളയിലാണ് തീരുവ ഈടാക്കുന്നത്.
ഫെന്റാനിൽ ഇഫക്ട്
- ഫെന്റാനിൽ മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തുന്നത് തടയുന്നതിൽ മെക്സികോയും കാനഡയും പരാജയപ്പെട്ടു എന്നതാണ് രണ്ടാമത്തെ കുറ്റം. മയക്കുമരുന്ന് കടത്താണ് ചൈനക്കെതിരെയും ചുമത്തിയ കുറ്റം. ഫെന്റാനിൽ നിർമിക്കാനാവശ്യമായ രാസവസ്തുക്കൾ ചൈനയിൽനിന്നാണ് കാനഡയിലേക്കും മെക്സികോയിലേക്കും എത്തുന്നതെന്ന് ട്രംപ് ആരോപിക്കുന്നു. ഇവിടെ നിർമിക്കുന്ന മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തുകയാണ്. ലക്ഷത്തിലധികം പേരാണ് മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം ഓരോ വർഷവും അമേരിക്കയിൽ മരിക്കുന്നത്. 2023ലും 2022ലുമാണ് ഇത് ഏറ്റവും ഉയർന്ന നിലയിലെത്തിയത്. ഈ മരണങ്ങളിൽ ഭൂരിഭാഗവും ഫെന്റാനിൽ ഉപയോഗത്തെത്തുടർന്നാണ്.
- ഇതര രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മിയാണ് തീരുവ യുദ്ധത്തിന് ട്രംപ് ഉയർത്തുന്ന മറ്റൊരു ന്യായം. മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുകയും അമേരിക്കയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുകയും ചെയ്യുന്നത് അമേരിക്കയുടെ വ്യാപാരക്കമ്മി ഉയരാൻ ഇടയാക്കുമെന്ന് ട്രംപ് പറയുന്നു.
സ്റ്റീൽ, അലൂമിനിയം
- ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനും 25 ശതമാനമാണ് അമേരിക്ക തീരുവ ഏർപ്പെടുത്തിയത്. സഖ്യ രാജ്യങ്ങൾക്ക് നേരത്തെ നൽകിയിരുന്ന ഇളവ് പിൻവലിക്കുകയും ചെയ്തു. കാനഡ, ബ്രസീൽ, മെക്സികോ എന്നിവയാണ് രാജ്യത്തേക്ക് സ്റ്റീൽ കയറ്റുമതി ചെയ്യുന്ന ആദ്യ മൂന്ന് രാജ്യങ്ങൾ. അമേരിക്ക ഇറക്കുമതി ചെയ്യുന്ന അലൂമിനിയത്തിന്റെ പകുതിയിലധികവും കാനഡയിൽനിന്നാണ്.
- 2024 സാമ്പത്തിക വർഷം ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത് 7830 കോടി രൂപയുടെ അലൂമിനിയമാണ്. അമേരിക്കയിലേക്ക് ഏറ്റവുമധികം അലൂമിനിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നുമാണ് ഇന്ത്യ. അതിനാൽ, ഈ മേഖലക്ക് തീരുവ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, സ്റ്റീൽ കയറ്റുമതി വളരെ കുറവായതിനാൽ പ്രശ്നമുണ്ടാകില്ല. കഴിഞ്ഞ വർഷം 14.5 കോടി ടൺ സ്റ്റീലാണ് രാജ്യത്ത് ഉൽപാദിപ്പിച്ചത്.
യു.എസിന്റെ മുൻകാല വ്യാപാര യുദ്ധങ്ങൾ
സ്മൂത്ത് ഹാവ്ലി ബിൽ (1930)
എതിർപക്ഷത്ത്: കാനഡ, സ്പെയിൻ,ഇറ്റലി, സ്വിറ്റ്സർലൻഡ്
- 1929ൽ യു.എസ് സെനറ്റ് ഫിനാൻസ് കമ്മിറ്റി അധ്യക്ഷൻ റീഡ് സ്മൂത്ത് തീരുവ വർധനക്ക് തീരുമാനിച്ചു. ഇതേതുടർന്ന് എതിർ രാജ്യങ്ങൾ തിരിച്ചടി തീരുവ ഈടാക്കി. ഇതിന്റെ ഫലമായി തുടർ വർഷങ്ങളിൽ ഇറക്കുമതി 66 ശതമാനവും കയറ്റുമതി 61 ശതമാനവുമായി ഇടിഞ്ഞു. ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെടുന്ന മുപ്പതുകളിലെ സാമ്പത്തിക മാന്ദ്യത്തിന് ഇതാണ് വഴിവെച്ചതെന്ന് അഭിപ്രായമുണ്ട്.
കോഴിപ്പോര്(1963)
എതിർകക്ഷികൾ: ഫ്രാൻസ്, ജർമനി
- ഫാക്ടറി ഫാമിങ്ങിലേക്ക് മാറിയ യു.എസിൽ വ്യാപകമായി ഉൽപാദിപ്പിച്ച കോഴിക്ക് ജർമനിയും ഫ്രാൻസുമെല്ലാം തീരുവ വർധിപ്പിച്ചു. തിരിച്ചടിയായി യൂറോപ്യൻ ഇറക്കുമതിക്ക് യു.എസും തീരുവ കൂട്ടി.
ജപ്പാൻ വണ്ടി(1980)
എതിർകക്ഷി: ജപ്പാൻ
- ജപ്പാനിൽനിന്ന് വാഹന ഇറക്കുമതി യു.എസ് ഓട്ടോ വ്യവസായത്തെ തകർക്കുമെന്ന ഘട്ടമെത്തിയപ്പോൾ ജപ്പാനു മേൽ സമ്മർദം ചെലുത്തി, ‘കയറ്റുമതി സ്വയം നിയന്ത്രണ’ കരാറിൽ ഒപ്പുവെപ്പിച്ചു.
തടിയുദ്ധം(1982)
എതിർകക്ഷി: കാനഡ ലോകത്ത് ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര കരാർ യു.എസും കാനഡയും തമ്മിലാണ്. ഏറ്റവും നല്ല രൂപത്തിൽ പോകാറുള്ള ബന്ധം 1982 അവതാളത്തിലായി.
പാസ്ത പോര്(1985)
എതിർകക്ഷി: യൂറോപ്യൻ ഇക്കണോമിക് കമ്യൂണിറ്റി (ഇ.ഇ.സി)
- റീഗൻ ഭരണകൂടം, യൂറോപ്പിൽ നിന്നുള്ള പാസ്തക്ക് തീരുവ കൂട്ടി. പകരം അമേരിക്കൻ വാൽനട്ടിനും നാരങ്ങക്കും യൂറോപ്പും കൂട്ടി.
വാഴപ്പഴത്തിനു വേണ്ടി (1993)
എതിർകക്ഷി: യൂറോപ്യൻ ഇക്കണോമിക് കമ്യൂണിറ്റി (ഇ.ഇ.സി)
- ലാറ്റിനമേരിക്കയിൽ വാഴപ്പഴം ഉൽപാദനം അമേരിക്കൻ കമ്പനികളുടെ കുത്തകയായിരുന്നു. ആഫ്രിക്കയിലെ യൂറോപ്യൻ കോളനി രാജ്യങ്ങളിൽ ലാറ്റിനമേരിക്കൻ പഴത്തിന് തീരുവ കൂട്ടിയപ്പോൾ യു.എസ് കമ്പനികൾ പരാതിയുമായി രംഗത്തുവന്നു.
ഉരുക്കുയുദ്ധം(2002)
- യു.എസിലെ ഉരുക്കു വ്യവസായത്തെ രക്ഷിക്കാനായി ഇറക്കുമതി ഉരുക്കിന് എട്ടു മുതൽ 30 വരെ ശതമാനം തീരുവ കൂട്ടി. പകരമായി ഫ്ലോറിഡയിൽനിന്നുള്ള ഓറഞ്ചിന് യൂറോപ്യൻ യൂനിയൻ തീരുവ കൂട്ടി.
ആദ്യ ട്രംപിന്റെ തീരുവ (2018)
എതിർകക്ഷികൾ: ഇ.യു, കാനഡ, സ്പെയിൻ, ചൈന, മെക്സിക്കോ
- 800 ചൈനീസ് ഉൽപന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 25 ശതമാനം തീരുവ ചുമത്തി. ഇതിനെതിരെ അതേ നാണയത്തിൽ ചൈനയും തിരിച്ചടിച്ചു. കാനഡയിൽനിന്നുള്ള ഉരുക്കിനും അലൂമിനിയത്തിനും തീരുവ കൂട്ടി. ഇവരെല്ലാം തിരിച്ച് യു.എസ് ഉൽപന്നങ്ങൾക്കും കൂട്ടി.
തിരിച്ചടിച്ച് രാജ്യങ്ങൾ
- അമേരിക്കയിൽനിന്നുള്ള കോഴിയിറച്ചി, ഗോതമ്പ്, ചോളം, പരുത്തി തുടങ്ങിയവയുടെ ഇറക്കുമതിക്ക് ചൈന 15 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചു. സോയാബീൻസ്, പന്നിയിറച്ചി, ബീഫ്, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപന്നങ്ങൾ തുടങ്ങിയവക്ക് 10 ശതമാനം തീരുവയും ചുമത്തി.
ഇതിനുപുറമേ, 15 അമേരിക്കൻ കമ്പനികൾക്ക് കയറ്റുമതി നിയന്ത്രണവും ഏർപ്പെടുത്തി. ചൈനീസ് കമ്പനികൾക്ക് ഈ കമ്പനികൾക്ക് ഉപകരണങ്ങൾ നൽകാൻ കഴിയില്ല.
- 10700 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപന്നങ്ങൾക്ക് മൂന്നാഴ്ചക്കകം 25 ശതമാനം തീരുവ ചുമത്തുമെന്ന് മാർച്ച് നാലിന് കാനഡ പ്രഖ്യാപിച്ചു. ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടർ, കാപ്പി, പാദരക്ഷകൾ, കോസ്മറ്റിക്സ്, മോട്ടോർസൈക്കിൾ, പേപ്പർ ഉൽപന്നങ്ങൾ തുടങ്ങിയവക്കാണ് തീരുവ. തീരുവ ചുമത്തുന്നത് ട്രംപ് നീട്ടിയെങ്കിലും ആദ്യഘട്ട തീരുവ പിൻവലിക്കില്ലെന്ന് കാനഡ.
"അമേരിക്കൻ ഇറക്കുമതി ഉൽപന്നങ്ങൾക്ക് അമിത നികുതി ഈടാക്കുന്നതു കാരണം ഇന്ത്യൻ വിപണിയിൽ ഞങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാൻ സാധിക്കുന്നില്ല. പുതിയ പശ്ചാത്തലത്തിൽ നികുതി കുറക്കാൻ ഇന്ത്യ തയാറാകുന്നുണ്ട്." ഡോണൾഡ് ട്രംപ് (യു.എസ് പ്രസിഡന്റ്)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.