വെണ്ണീർ വെറുമൊരു ചാരമല്ല; ഓൺലൈനിൽ വിലകൂടിയ ഉൽപ്പന്നമാണ്
text_fieldsവെണ്ണീർ വെറുമൊരു ചാരമാണെന്ന് കരുതി ഒഴിവാക്കാൻ വരട്ടെ. ആമസോൺ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഏറെ വിലയുള്ള ഉൽപ്പന്നമാണ് ഇന്നിപ്പോൾ ഈ വെണ്ണീർ.
വിറകടുപ്പുകൾ ധാരാളമുള്ള കാലത്ത് വെണ്ണീർ പലരും കൃഷി ആവശ്യത്തിനായി ഉപയോഗിച്ചിരുന്നു. ഒരേസമയം ഇത് ജൈവവളവും കീടനാശിനിയുമാണ്. പച്ചക്കറികളിൽ പ്രാണി ശല്യം ഒഴിവാക്കാനും വെറ്റിലക്കൊടിക്ക് തണുപ്പ് ലഭിക്കാനും ഇവ ഉപയോഗിക്കുന്നു. തെങ്ങിൻതൈകൾ നടുമ്പോഴും വെണ്ണീർ ഇടാറുണ്ട്.
എന്നാൽ, വിറക് അടുപ്പുകൾ കുറയുകയും ഗ്യാസടക്കമുള്ളവ പകരം വരികയും ചെയ്തതോടെ നഗരങ്ങളിലടക്കം വെണ്ണീർ കണികാണാതായി. ഇതോടെയാണ് ആവശ്യക്കാർക്കായി ഓൺലൈനിൽ ബഹുവർണ നിറത്തിലെ പാക്കറ്റുകളിൽ ഇവ ലഭ്യമാകാൻ തുടങ്ങിയത്. ഒരു കിലോക്ക് 200 രൂപ വരെയാണ് ഇതിന്‍റെ വില.
വെണ്ണീറിന്‍റെ ഗുണമേന്മയും കമ്പനികൾ വ്യക്തമാക്കുന്നുണ്ട്. പച്ചക്കറികളും പഴങ്ങളും പൂക്കളും തഴച്ചുവളരാൻ ആവശ്യമായ ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, ബോറോൺ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നതായി ഇവർ പറയുന്നു. കൂടാതെ മണ്ണിന്‍റെ പി.എച്ച് നിലനിർത്താനും ഉപകരിക്കും.
ഉയർന്ന അളവിൽ പൊടിയിടരുത്, ചെറിയ അളവിൽ ആവർത്തിച്ച് പൊടിയിടുക, അല്ലാത്തപക്ഷം ചെടി കരിയും തുടങ്ങിയ മുന്നറിയിപ്പുകളും ഇതോടൊപ്പം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.