ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: ഇന്ത്യയുടെ അരികയറ്റുമതി പ്രതിസന്ധിയിൽ
text_fieldsന്യൂഡൽഹി: ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിയിൽ ഇടിവ്. ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരിയുടെ കയറ്റുമതിയിലാണ് ഇടിവുണ്ടായത്. ഇതുമൂലം അഭ്യന്തര വിപണിയിൽ ബസ്മതി അരിയുടെ വില അഞ്ച് മുതൽ 10 ശതമാനം വരെ ഇടിഞ്ഞു.
പ്രധാനപ്പെട്ട ഷിപ്പിങ് കമ്പനികളെല്ലാം സൂയസ് കനാൽ ഒഴിവാക്കിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇതുമൂലം ജിദ്ദ, യെമൻ, ബെയ്റൂത്, ഡർബൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അരികയറ്റുമതി പ്രതിസന്ധി നേരിടുകയാണ്. ചെങ്കടലിൽ പ്രതിസന്ധിയുണ്ടാവുന്നതിന് മുമ്പ് യെമനിലേക്ക് അരിയെത്തിക്കുന്നതിനുള്ള നിരക്ക് 850 ഡോളറായിരുന്നു. എന്നാൽ, ഇപ്പോഴത് 2400 ഡോളറായി ഉയർന്നു. ജിദ്ദയിലേക്കുള്ള കണ്ടെയ്നർ ചാർജ് 300 ഡോളറിൽ നിന്നും 1500 ഡോളറായി ഉയർന്നു.
ചരക്ക് കൂലി വർധിച്ചതോടെ കച്ചവടക്കാർ ചരക്കെടുക്കുന്നില്ലെന്ന് ആൾ ഇന്ത്യ റൈസ് എക്സ്പോട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വിജയ് സേതിയ പറഞ്ഞു. പ്രതിവർഷം 4 മുതൽ 4.5 മില്യൺ ടൺ ബസ്മതി അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷവും കയറ്റി അയക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്കാണ്.
അരി കയറ്റുമതിക്കൊപ്പം ചെങ്കടൽ പ്രതിസന്ധി ഇന്ത്യയിലേക്കുള്ള സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയേയും ബാധിച്ചിട്ടുണ്ട്. ഒരു ടൺ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ചെലവ് 30 ഡോളറാണ് വർധിച്ചത്. മറ്റുവഴികളിലൂടെ സൂര്യകാന്തി എണ്ണ ഇറക്കുമതി ചെയ്താലും പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. 28 ദിവസത്തിനുള്ളിൽ യുക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും സൂര്യകാന്തി എണ്ണ ഇന്ത്യയിലെത്തും. പ്രതിസന്ധിയെ തുടർന്ന് വഴിമാറ്റിയാൽ എണ്ണയെത്താൻ 40 ദിവസമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.