രാജ്യത്തെ മികച്ച തൊഴിലിടങ്ങൾ
text_fieldsഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിലുടമ ബ്രാൻഡിലേക്ക് ഉയർന്ന് ബഹുരാഷ്ട്ര ഐ.ടി കമ്പനിയായ മൈക്രോസോഫ്റ്റ്. ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനി ടി.സി.എസും (ടാറ്റ കൺസൾട്ടൻസി സർവിസസ്), അമേരിക്കൻ കമ്പനിയായ ആമസോണുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ചിന്റെ (ആർ.ഇ.ബി.ആർ) 2024ലെ സർവേയിലാണ് ഈ കണ്ടെത്തൽ.
സാമ്പത്തിക സുസ്ഥിതി, സൽപേര്, തൊഴിൽരംഗത്തെ വളർച്ചക്കുള്ള അവസരങ്ങൾ തുടങ്ങി തൊഴിൽ ഉടമകളെ വിലയിരുത്തുന്ന മൂന്നു ഘടകങ്ങളിലും മൈക്രോസോഫ്റ്റ് വളരെ ഉയർന്ന നിലയിലാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. 4. ടാറ്റ പവർ കമ്പനി, 5. ടാറ്റ മോട്ടോർസ്, 6. സാംസങ് ഇന്ത്യ, 7. ഇൻഫോസിസ്, 8. എൽ ആൻഡ് ടി, 9. റിലയൻസ് ഇൻഡസ്ട്രീസ്, 10. മേഴ്സിഡസ് ബെൻസ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നത്. ലോകമെമ്പാടുമുള്ള 1,73,000 ജീവനക്കാരെയും 6,084 കമ്പനികളെയും ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഇന്ത്യയിൽ ഏകദേശം 3,507 പേർ സർവേയിൽ പങ്കെടുത്തു. ആകർഷകമായ തൊഴിൽ മേഖലകളെക്കുറിച്ചും സർവേയിൽ പറയുന്നുണ്ട്. ഓട്ടോമോട്ടീവ് മേഖലക്കാണ് ഒന്നാം സ്ഥാനം (77 ശതമാനം). 2. ഐ.ടി, കമ്യൂണിക്കേഷൻ, ടെലികോം ആൻഡ് ഐ.ടി.ഇ.എസ് (76 ശതമാനം), 3. എഫ്.എം.സി.ജി (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്), ഡ്യൂറബിൾസ്, റീട്ടെയിൽ, ഇ-കൊമേഴ്‌സ് (75 ശതമാനം) 4. ബാങ്കിങ് ആൻഡ് ഫിനാൻസ് കമ്പനീസ്, കൺസൾട്ടിങ് (74 ശതമാനം) എന്നിവയാണ് മുന്നിൽനിൽക്കുന്ന തൊഴിൽ മേഖലകൾ.
ജീവിതച്ചെലവിലെ വർധനയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വേതനം മൂലം 34 ശതമാനം പേർ ജോലി ഉപേക്ഷിക്കുന്നതായി സർവേ കണ്ടെത്തി. അതേസമയം 29 ശതമാനം പേർക്കുമാത്രം പണപ്പെരുപ്പത്തെ മറികടക്കുന്ന വേതനം ലഭിക്കുന്നുണ്ട്. 40 ശതമാനം പേർക്ക് പണപ്പെരുപ്പത്തെതുടർന്ന് വേതനം കൂടുന്നുണ്ടെങ്കിലും അത് ചെലവുകൾ മറികടക്കാൻ മതിയാകുന്നില്ല. തൊഴിലിൽ മുന്നേറാനുള്ള അവസരങ്ങൾ ഇല്ലാത്തതുമൂലം 38 ശതമാനം പേർ ജോലി മാറുന്നതായും സർവേയിൽ കണ്ടെത്തിയതായി ആർ.ഇ.ബി.ആർ ഇന്ത്യ സി.ഇ.ഒയു പി.എസ്. വിശ്വനാഥ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.