ആഭ്യന്തര ടിക്കറ്റ് നിരക്ക് ഇനി വിമാന കമ്പനികൾക്ക് തീരുമാനിക്കാം
text_fieldsന്യൂഡൽഹി: ആഭ്യന്തര യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് എത്രവേണമെന്ന് ഇനി വിമാനക്കമ്പനികൾക്ക് തീരുമാനിക്കാം. കോവിഡ് കാലത്ത് കൊണ്ടുവന്ന കുറഞ്ഞതും കൂടിയതുമായ ടിക്കറ്റ് നിരക്ക് പരിധി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എടുത്തുകളഞ്ഞു.
ആഗസ്റ്റ് 31 മുതലുള്ള യാത്രക്കാണ് കുറഞ്ഞതും കൂടിയതുമായ നിരക്ക് ഈടാക്കാൻ വിമാന കമ്പനികൾക്ക് അനുമതി. ഇതോടെ വിമാനകമ്പനികൾ തമ്മിൽ മത്സരം ഉണ്ടാവുകയോ, കൂടുതൽ സീറ്റുകൾ വിറ്റുപോകാതിരിക്കുകയോ ചെയ്താൽ ടിക്കറ്റ് നിരക്ക് പരമാവധി കുറച്ചേക്കും. അതേസമയം, ഉത്സവ സീസണുകളിലും മറ്റു തിരക്കുള്ള സമയങ്ങളിലും നിരക്ക് കൂട്ടുകയും ചെയ്യും.
പ്രതിദിന ആവശ്യകതയും ഇന്ധന വിലയിലുണ്ടായ വർധനവും സൂക്ഷമമായി വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തലാണ് ടിക്കറ്റ് നിരക്ക് പരിധി എടുത്തുകളയാൻ തീരുമാനിച്ചതെന്ന് ഡി.ജി.സി.എ ഉത്തരവ് പങ്കുവെച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. സമീപ ഭാവിയിൽ വ്യോമയാന ഗതാഗത മേഖലയിൽ വളർച്ചയുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു മാസത്തെ ആദ്യ ലോക്ഡൗണിന് ശേഷം 2020 മേയ് 25നാണ് സർക്കാർ ആഭ്യന്തര വിമാന യാത്ര നിരക്ക് ഈടാക്കുന്നതിൽ കുറഞ്ഞതും കൂടിയതുമായ പരിധി നിശ്ചയിച്ചത്. നിരക്ക് പരിധി നീക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികളുമായി അധികൃതർ ജൂണിൽ ചർച്ച ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.