ചുങ്കം കുറച്ചു; സ്വർണം, വെള്ളി ഇറക്കുമതിയിൽ വൻ കുതിപ്പ്
text_fieldsകൊച്ചി: രാജ്യത്ത് സ്വർണം, വെള്ളി ഇറക്കുമതിയിൽ വൻ കുതിച്ചുചാട്ടം. 2023 ആഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം സ്വർണം ഇറക്കുമതിയിൽ 103.71 ശതമാനത്തിന്റെയും വെള്ളി ഇറക്കുമതിയിൽ ഏഴ് മടങ്ങോളവും വർധനവുണ്ടായതായി കേന്ദ്ര വാണിജ്യ, വ്യാപാര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതാണ് ഇറക്കുമതിയിലെ വൻ വർധനക്ക് കാരണമായത്.
ജൂലൈയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഇറക്കുമതിച്ചുങ്കം 15 ശതമാനത്തിൽനിന്ന് ആറ് ശതമാനമായി കുറച്ചിരുന്നു. തൊട്ടടുത്ത മാസം 84,401 കോടി രൂപയുടെ സ്വർണം ഇറക്കുമതി ചെയ്തു. കഴിഞ്ഞവർഷം ആഗസ്റ്റിൽ 40,883 കോടിയുടെ സ്വർണം ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ വെള്ളി ഇറക്കുമതി 1,317 കോടിയുടേതായിരുന്നു. എന്നാൽ, ഈ വർഷം ആഗസ്റ്റിൽ ഇത് 11,038 കോടിയുടേതായി ഉയർന്നു. ഉത്സവ സീസണിൽ ആവശ്യം ഗണ്യമായി വർധിച്ചതും സ്വർണ ഇറക്കുമതി കൂടാൻ കാരണമായെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ഭരദ്വാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നികുതി കുറച്ചതിലൂടെ സർക്കാറിന് വരുമാനത്തിലുണ്ടാകുന്ന നഷ്ടം ഇറക്കുമതിയിലെ കുതിച്ചുചാട്ടത്തിലൂടെ നികത്താനാകുമെന്നാണ് കരുതുന്നത്. തീരുവ വെട്ടിക്കുറച്ചതിന് പിന്നാലെ സ്വർണക്കള്ളക്കടത്ത് ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ടുണ്ട്. ചുങ്കം കുറക്കുന്നതിനുമുമ്പ് ഒരുകിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഒമ്പത് ലക്ഷം രൂപയിൽ അധികമായിരുന്നു ലാഭം. ഇപ്പോൾ ഇത് മൂന്നുലക്ഷം രൂപ മാത്രമായി ചുരുങ്ങിയതോടെ വളരെയധികം പേർ കള്ളക്കടത്തിൽനിന്ന് പിന്മാറിയിട്ടുണ്ട്.
അതേസമയം, രാജ്യത്തുനിന്ന് രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി കഴിഞ്ഞ ആഗസ്റ്റിലും കുറഞ്ഞു. 2023 ആഗസ്റ്റിൽ 21,527 കോടിയുടേതായിരുന്നു കയറ്റുമതിയെങ്കിൽ ഈ വർഷം ആഗസ്റ്റിൽ 16,771 കോടിയുടെ ആഭരണ കയറ്റുമതിയാണ് നടന്നത്. ഇന്ത്യയിൽനിന്നുള്ള രത്നങ്ങൾക്കും ആഭരണങ്ങൾക്കും വിദേശ രാജ്യങ്ങളിൽ ആവശ്യക്കാർ കുറഞ്ഞതാണ് കയറ്റുമതി താഴാൻ കാരണമായി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.