ശമ്പളം നൽകിയത് ക്രിപ്റ്റോകറൻസിയിൽ, മൂല്യം മാനംമുട്ടെ ഉയർന്നപ്പോൾ തിരികെവേണമെന്ന് സി.ഇ.ഒ; വിചിത്ര അനുഭവം പങ്കുവെച്ച് ജീവനക്കാരി
text_fieldsഒരു ടെക് സ്റ്റാർട്ട്-അപ് കമ്പനിയിലെ ജീവനക്കാരിയാണ് തെൻറ സി.ഇ.ഒയുടെ വിചിത്രമായ ആവശ്യം ട്വിറ്ററിൽ പങ്കുവെച്ചത്. കഴിഞ്ഞ വർഷം ആഗസ്ത് മാസത്തിൽ കമ്പനിയിലെ തൊഴിലാളികൾക്ക് സി.ഇ.ഒ ശമ്പളം നൽകിയത് ക്രിപ്റ്റോ കറൻസിയിലായിരുന്നു. എന്നാൽ, ഇപ്പോൾ അന്ന് നൽകിയ ക്രിപ്റ്റോ കറൻസി അയാൾ തിരികെ ചോദിക്കുന്നതായി ജീവനക്കാരി ആരോപിക്കുന്നു. കാര്യം മറ്റൊന്നുമല്ല, ക്രിപ്റ്റോ കറൻസിയുടെ മൂല്യം 700 ശതമാനം വർധിച്ചതതോടെയാണ് സി.ഇ.ഒക്ക് ഇരിക്കപ്പൊറുതിയില്ലാതായത്.
താൻ അന്ന് ശമ്പളമായി നൽകിയ ക്രിപ്റ്റോ കറൻസി തിരിച്ചു നൽകണമെന്നും പകരം യു.എസ് ഡോളറായി ശമ്പളം നൽകാമെന്നും ജീവനക്കാർക്ക് അയച്ച മെയിലിൽ സി.ഇ.ഒ പറഞ്ഞത്രേ. കമ്പനി വരുമാനമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതാണ് അതിന് കാരണമായി ബോധിപ്പിച്ചിരിക്കുന്നത്. 'മാർക്കറ്റ്വാച്ച്' ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷങ്ങളായി താൻ കീഴിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മേധാവിയാണ് വിചിത്രമായ ആവശ്യം മുന്നോട്ടുവെച്ചതെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജീവനക്കാരി പറഞ്ഞു.
"ക്രിപ്റ്റോയുടെ ഇന്നത്തെ വിലയേക്കാൾ ഏഴിരട്ടി കുറഞ്ഞ വിലയിൽ എനിക്ക് അമേരിക്കൻ ഡോളറായി ശമ്പളം നൽകാമെന്നാണ് അയാൾ പറഞ്ഞുവരുന്നത്," ജീവനക്കാരി പറയുന്നു. "എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഞാൻ ഈ വ്യക്തിയുമായി വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്, ഒരു പ്രത്യേക പ്രവർത്തന രീതി അംഗീകരിച്ചതിനുശേഷം ശമ്പളം നൽകുന്ന നിബന്ധനകൾ മാറ്റാൻ ശ്രമിക്കുന്ന ഒരു പ്രവണത അദ്ദേഹത്തിനുണ്ട്. ഇതിനുള്ള ന്യായമായ പരിഹാരമെന്താണെന്ന് നിങ്ങൾ പറയൂ? മണിക്കൂറുകളോളം ജോലിചെയ്തതിന് ശമ്പളമായി ലഭിച്ച ക്രിപ്‌റ്റോകറൻസി അയാൾക്ക് തിരികെ നൽകണോ? ഈ തൊഴിലുടമയോട് ഞാൻ എന്താണ് പറയേണ്ടത്? " -അവർ ട്വീറ്റിൽ ചോദിച്ചു.
എന്നാൽ, ചോദ്യത്തിന് വന്ന ഉത്തരങ്ങളെല്ലാം തന്നെ 'ഒരുകാരണവശാലും തിരികെ നൽകരുത്' എന്നാണ്. 'ക്രിപ്റ്റോ കറൻസിയുടെ മൂല്യം കുറഞ്ഞാൽ, അവർ ഇപ്പോൾ വേറെ രീതിയിൽ ശമ്പളം നൽകുമായിരുന്നോ..? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്....' മറുപടി ട്വീറ്റിൽ ഒരാൾ പറഞ്ഞു. നിങ്ങൾ ചെയ്ത ജോലിക്ക് നിരുപാധികമായ നൽകിയ ശമ്പളമാണത്. അത് ആർക്കും തിരികെ ചോദിക്കാൻ അവകാശമില്ല. ഇതുപോലുള്ള ആളുടെ കീഴിൽ ജോലി ചെയ്യാതിരിക്കുക.. -മറ്റൊരാൾ കമൻറ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.