Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബ്രൈറ്റ്കോം നൽകുന്ന...

ബ്രൈറ്റ്കോം നൽകുന്ന പാഠം; പെന്നികളെല്ലാം പൊന്നല്ല

text_fields
bookmark_border
stock price
cancel
2021 മേയിൽ നാല് രൂപയിൽ താഴെയുണ്ടായിരുന്ന ഓഹരിവില അതേവർഷം ഡിസംബറിൽ 118 രൂപക്ക് മുകളിലെത്തി. ഇപ്പോൾ 9 രൂപ 38 പൈസ. ട്രേഡിങ് മരവിപ്പിച്ചതിനാൽ ഇപ്പോൾ വിൽക്കാനും കഴിയില്ല. ഉയർന്ന വിലക്ക് വാങ്ങിയവർ ശരിക്കും പെട്ടു

ചെറുകിട നിക്ഷേപകർ ധാരാളമായി ഓഹരി വിപണിയിലേക്ക് കടന്നുവന്ന 2021ലാണ് ബ്രൈറ്റ്കോം അഥവ ബി.സി.ജി ഫാൻസി സ്റ്റോക്ക് ആയി വളരുന്നത്. ധാരാളം ​വാർത്തകളും ലേഖനങ്ങളും യൂട്യൂബ് വിഡിയോകളും ഈ ഓഹരിയെ സംബന്ധിച്ച് വന്നു. ഓഹരി വില കുതിച്ചുകയറി. 2021 മേയിൽ നാല് രൂപയിൽ താഴെയുണ്ടായിരുന്ന ഓഹരിവില അതേവർഷം ഡിസംബറിൽ 118 രൂപക്ക് മുകളിലെത്തി. ഈ ‘അപൂർവ നിധി’ സ്വന്തമാക്കാൻ കഴിയാത്തതിൽ പലരും നിരാശപ്പെട്ടു. മിക്ക ദിവസവും അപ്പർ സർക്യൂട്ടിലായിരുന്നു. ഇപ്പോൾ ഈ ഓഹരിയുടെ വില എത്രയാണെന്ന് അറിയാമോ? 9 രൂപ 38 പൈസ. ഈ പൈസക്കുതന്നെ വിറ്റൊഴിയാനും കഴിയില്ല. കാരണം സെബി ബി.സി.ജിയുടെ ട്രേഡിങ് രണ്ടാഴ്ചത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചക്കുശേഷം ആഴ്ചയിൽ ഒരുദിവസം ട്രേഡിങ് അനുവദിച്ചേക്കാം. ആ ദിവസം വിൽക്കാൻ ആഗ്രഹിക്കുന്നവരുടെ തള്ളിച്ച കാരണം മിക്കവാറും ലോവർ സർക്യൂട്ടിലായിരിക്കും. ഉയർന്ന വിലയിലോ അതിനടുത്തോ ബ്രൈറ്റ്കോം ഓഹരി വാങ്ങിയ സാധാരണക്കാർ പെട്ടു എന്നുതന്നെ പറയാം.

കഴിഞ്ഞ മൂന്നുപാദങ്ങളിൽ കമ്പനി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കൃത്യവിലോപം എന്നതിനപ്പുറം കണക്കുകളിൽ മറച്ചുവെക്കാൻ ഏറെയുണ്ട് എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. കമ്പനിയുടെ ഓഡിറ്റർമാർ അടുത്തിടെ ഉത്തരവാദിത്തം ഒഴിഞ്ഞു എന്ന റിപ്പോർട്ടും ഇതിനോട് ചേർത്തുവായിക്കാം. ബി.സി.ജി ഒറ്റപ്പെട്ട കേസല്ല.

ധാരാളം പെന്നി സ്റ്റോക്കുകളിലും (വളരെ കുറഞ്ഞ വിലയുള്ള ഓഹരികൾ ) ചെറു കമ്പനി ഓഹരികളിലും ഇത്തരത്തിൽ ഊതിവീർപ്പിക്കലും കൃത്രിമമായി വില വർധിപ്പിക്കലും നടക്കുന്നുണ്ട്. അവയെ പ്രമോട്ട് ചെയ്യാൻ ധാരാളം യൂട്യൂബ്, ടെലഗ്രാം ചാനലുകളുമുണ്ട്. ഊറ്റാനുള്ളതെല്ലാം ഊറ്റി​ക്കഴിഞ്ഞാൽ ഓപറേറ്റർമാർ (ചിലപ്പോൾ പ്രമോട്ടർമാരും) പൊടിയും തട്ടി പോകും. ഓഹരി വില കൂപ്പുകുത്തുകയോ കമ്പനി ഡീലിസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താൽ നഷ്ടം ബഹുഭൂരിഭാഗവും സാധാരണക്കാരായ നിക്ഷേപകർക്കാകും.

2006ൽ 67 രൂപ വിലയുണ്ടായിരുന്ന ഗംഗോത്രി ടെക്സ്റ്റയിൽസ് വില ഇപ്പോൾ 1.48 രൂപ. 2014ൽ മാർച്ചിൽ 11 രൂപ വിലയുണ്ടായിരുന്ന ഗയ പ്രോജക്ട് ഓഹരി വില 2017ൽ 230 രൂപ. അവിടെനിന്ന് കൂപ്പുകുത്തി 2020 മാർച്ചിൽ എട്ടുരൂപയായി. ഇപ്പോൾ ഏഴുരൂപയാണ് വില. 2018 ജൂണിൽ 64 രൂപയുണ്ടായിരുന്ന അറ്റ്ലസ് ജ്വല്ലറി ഓഹരി വില മൂന്നുമാസം കൊണ്ട് 410 രൂപയിലെത്തിയത് സ്വാഭാവിക വളർച്ചയായിരുന്നില്ല. അവിടെനിന്ന് കൂപ്പുകുത്തി 2019 സെപ്റ്റംബറിൽ ഒമ്പത് രൂപയിലെത്തി. ഇപ്പോൾ വില 9.27.

റീട്ടെയിൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തിയ മറ്റൊരു ഓഹരിയാണ് ഷിറ്റിജ് പോളിലൈൻ. യൂട്യൂബ് പ്രമോഷൻ കണ്ട് ഓഹരി വാങ്ങിക്കൂട്ടിയവരാണ് പെട്ടുപോയത്. 2022 ജൂലൈയിൽ ആറുരൂപയുണ്ടായിരുന്ന ഓഹരി തുടർച്ചയായ അപ്പർ സർക്യൂട്ടുകളിലൂടെ മൂന്നുമാസം കൊണ്ട് പത്തിരട്ടിയിലേറെ വർധിച്ചു. ഇപ്പോൾ വീണ്ടും ഏകദേശം 2022ലെ വിലനിലവാരത്തിൽ എത്തി. മറ്റൊരു കമ്പനിയാണ് ഡീപ് ഡയമണ്ട്സ്. 2022 ഏപ്രിലിൽ ഒരുരൂപക്ക് മുകളിൽ മാത്രം വിലയുണ്ടായിരുന്ന ഓഹരി അസ്വാഭാവിക വളർച്ചയിലൂടെ ആറുമാസം കൊണ്ട് 16 രൂപയിലധികമായി. അവിടെനിന്ന് രണ്ടുമാസം കൊണ്ട് പകുതിയായി കുറഞ്ഞു. വീണ്ടും രണ്ടുമാസം കൊണ്ട് കുതിച്ചുകയറി 25 രൂപ വരെ ഉയർന്നു. ഈ ഘട്ടത്തിലൊക്കെ ആർത്തി മൂത്ത, കൃത്യമായി പഠിക്കാത്ത, അടിസ്ഥാനങ്ങളിൽ ഉറച്ചുനിൽക്കാത്ത നിരവധി സാധാരണക്കാർ പണമിറക്കി. ഇപ്പോൾ വില ആറുരൂപ.

ലക്ഷങ്ങൾ നഷ്ടപ്പെട്ട നിരവധി ആളുകളുണ്ട്. ഇത്തരം ചെറുകമ്പനികളിൽ വലിയതോതിൽ നിക്ഷേപിക്കരുതെന്നതാണ് ഒന്നാമത്തെ പാഠം. കാരണം ചെറുകമ്പനികളിലാണ് കൃത്രിമം എളുപ്പത്തിൽ സാധ്യമാവുക. വലിയ കമ്പനികളിൽ ‘പംപ് ആൻഡ് ഡംപ്’ നടപ്പാക്കാൻ അത്രയും വലിയ തുക വേണം. അതുകൊണ്ട് തന്നെ ​വഞ്ചകരായ ഓപറേറ്റർമാർ കളിക്കുക ചെറുകമ്പനികളിലാണ്. എജുകോംപ് സൊലൂഷൻസ് എന്ന കമ്പനിയുടെ ഓഹരി വില 2006ൽ 56 രൂപയായിരുന്നു. അവിടെ ഓപറേറ്റർമാർ കളി തുടങ്ങി. വില കുതിച്ച് രണ്ടുവർഷത്തിനകം ആയിരത്തിന് മുകളിലെത്തി. ഇപ്പോൾ വില 2 രൂപ 79 പൈസ. 1000 രൂപ വെച്ച് 100 ഓഹരി വാങ്ങിയയാൾ ഒരു ലക്ഷം നി​ക്ഷേപിച്ചിട്ടുണ്ടാകും. ഇപ്പോൾ അതിന്റെ മൂല്യം 2790 രൂപ. ഓപറേറ്റർമാർ കളി തുടങ്ങിയ കാലത്ത് ചെറിയ വിലയിൽ വാങ്ങിയവർ നല്ല തുക സമ്പാദിച്ചിട്ടുണ്ടാകും എന്നത് വേറെ കാര്യം.

വില അത്യാവശ്യം കയറിയതിന് ശേഷമാകും ഭൂരിഭാഗം സാധാരണക്കാരും പെട്ടുപോവുക. പെട്ടു എന്ന് ഉറപ്പായാൽ വേഗം വിറ്റൊഴിഞ്ഞ് രക്ഷപ്പെടുകയാണ് വഴി. അടിസ്ഥാന വിവരങ്ങളുടെയും യുക്തിയുടെയും പിന്തുണയില്ലാതെ വെറുതെ ശുഭപ്രതീക്ഷ ​പുലർത്തി വെച്ചുകൊണ്ടിരുന്നാൽ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാകും ഫലം.

ബ്രൈറ്റ്കോം ഉദാഹരണമായി എടുത്താൽ കുറച്ച് നഷ്ടത്തിൽ വിറ്റൊഴിഞ്ഞ് രക്ഷപ്പെടാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. കാത്തിരുന്ന് കാത്തിരുന്ന് ഇതുവരെ എത്തി. മുകളിൽ പറഞ്ഞതെല്ലാം ഇപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.

കമ്പനികളുടെ ഉടമകളും ബിസിനസ് മോഡലും സമീപനവും മാറി തിരിച്ചുവന്നുകൂടായ്കയില്ല. അപ്പോഴും ഇത് നൽകുന്ന അടിസ്ഥാന പാഠങ്ങൾക്ക് മാറ്റമില്ല. ഓഹരി വിപണി ചൂതാട്ടത്തിനുള്ള സ്ഥലമല്ല. അങ്ങനെ രക്ഷപ്പെട്ടവർ അപൂർവമാണ്. ചിട്ടയുള്ള നിക്ഷേപരീതിയും അടിസ്ഥാനങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ദൃഢനിശ്ചയവും പഠിക്കാനുള്ള സന്നദ്ധതയുമാണ് ഇവിടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock priceBrightcom
News Summary - Brightcom
Next Story