4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ
text_fieldsമലപ്പുറം: നിരക്കുവർധനയെ തുടർന്ന്, സ്വകാര്യ മൊബൈൽ കമ്പനികളിൽനിന്ന് പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ, സംസ്ഥാനത്ത് 4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ. സംസ്ഥാനത്തെ 37 ടവറുകളിൽ (സൈറ്റ്) ജൂലൈ ഒന്നിന് 4ജി സേവനം ലഭ്യമായിത്തുടങ്ങി. വിവിധ ജില്ലകളിലെ 599 ടവറുകളിൽ 4ജി ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ പൂർത്തിയായി. കേരളത്തിൽ ആകെയുള്ള 6900 ബി.എസ്.എൻ.എൽ ടവറുകളിൽ 4500ഉം ഡിസംബറോടെ പൂർണമായും 4ജിയിലേക്കു മാറുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, 1046 ബി.എസ്.എൻ.എൽ ടവറുകളാണ് കേരളത്തിൽ 4ജി സേവനം നൽകുന്നത്. കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കോട്ടയം നഗരങ്ങളിൽ 4ജി സേവനം ലഭ്യമാണ്. തിരുവനന്തപുരമടക്കമുള്ള മറ്റു നഗരങ്ങളിൽ വിന്യാസം അന്തിമഘട്ടത്തിലാണ്.
മലപ്പുറം ജില്ലയിൽ നിലവിലുള്ള 451 ടവറുകൾക്കൊപ്പം 90ഓളം പുതിയ ടവറുകൾകൂടി വരും. ഈ വർഷാവസാനം ജില്ലയിൽ എല്ലായിടത്തും ബി.എസ്.എൻ.എൽ 4ജി ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു. ബി.എസ്.എൻ.എൽ 4ജി സാച്യുറേഷൻ പദ്ധതിപ്രകാരം മൊബൈൽ റേഞ്ച് ലഭ്യമല്ലാത്ത 315 സ്ഥലങ്ങളിൽകൂടി ഉടൻ കവറേജ് എത്തിക്കും. 4ജി വിന്യാസം പൂർത്തിയായ ഉടൻ 5ജിയിലേക്ക് മാറാനുള്ള പ്രവൃത്തികൾക്ക് തുടക്കംകുറിക്കും. സ്വകാര്യ മൊബൈൽ കമ്പനികൾ 25 ശതമാനം വരെ താരിഫ് നിരക്ക് ഒറ്റയടിക്ക് കൂട്ടിയപ്പോൾ നിരക്കുയർത്താത്തത് ബി.എസ്.എൻ.എൽ മാത്രമാണ്. കുറഞ്ഞ നിരക്കിൽ, കൂടുതൽ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കാളുകൾക്കുള്ള സൗകര്യം നിലവിൽ ബി.എസ്.എൻ.എല്ലിലാണ്.
ഉയർന്ന ബാൻഡ്വിഡ്ത്ത്
നിലവിലുള്ള 3ജി നെറ്റ്വർക്കിനെ അപേക്ഷിച്ച് വളരെ ഉയർന്ന ബാൻഡ്വിഡ്ത്തും ശേഷിയുമുള്ളതാണ് തദ്ദേശീയമായി വികസിപ്പിച്ച ബി.എസ്.എൻ.എൽ 4ജി നെറ്റ്വർക്ക്. 700, 2100, 2500 മെഗാഹെർട്സിലുള്ള 4ജി സിഗ്നൽ വലിയ ഏരിയ കവറേജും മികച്ച ഇൻഡോർ കവറേജും നൽകും.
4ജി കരാർ ടി.സി.എസിന്
തേജസ് നെറ്റ്വർക്കും സി-ഡോട്ടും ടാറ്റ കൺസൽട്ടൻസി സർവിസസും (ടി.സി.എസ്) ചേർന്ന കൺസോർട്യത്തിനാണ് ബി.എസ്.എൻ.എല്ലിന്റെ 4ജി നെറ്റ്വർക്ക് സ്ഥാപിക്കുന്നതിനുള്ള കരാർ. 4ജിയിൽനിന്ന് 5ജിയിലേക്ക് എളുപ്പത്തിൽ മാറാവുന്ന വിധമുള്ളതാണ് സാങ്കേതികവിദ്യ. രാജ്യത്തെ നാലു മേഖലകളിൽ ഡേറ്റ സെന്റർ സ്ഥാപിക്കാനുള്ള കരാറും ടാറ്റ ടി.സി.എസിനാണ്. എറിക്സൺ, നോക്കിയ, വാവെയ് എന്നീ വിദേശ കമ്പനികളെ ഒഴിവാക്കിയാണ് തദ്ദേശീയ 4ജി ഉപകരണം വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.