ബജറ്റും ആദായ നികുതി മാറ്റങ്ങളും
text_fieldsആദായ നികുതി നിയമ പ്രകാരം വ്യക്തികൾക്ക് രണ്ടുതരം നികുതി നിരക്കുകളുണ്ട്. എളുപ്പത്തിന് പഴയ സ്കീം നിരക്കും പുതിയ സ്കീം നിരക്കും എന്ന് പറയാം. നിങ്ങളുടെ ഇഷ്ടമനുസരിച്ച് ഇതിൽ ഏതെങ്കിലും ഒരു നിരക്ക് വെച്ചാണ് നികുതി കണ്ടുപിടിക്കേണ്ടത്. ഇതിൽ പുതിയ സ്കീം നിരക്കിൽ കുറച്ച് മാറ്റങ്ങൾ ഈ മാസം 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ നിരക്കിൽ ഒരു മാറ്റവും ഇല്ല. 24-25 സാമ്പത്തിക വർഷത്തിൽ പുതിയ നിരക്ക് പ്രകാരം വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ബജറ്റിൽ ശമ്പളക്കാർക്ക് നിലവിലുള്ള അടിസ്ഥാന ഇളവ് (സ്റ്റാൻഡേർഡ് ഡിഡക്ഷൻ) 50,000 രൂപ എന്നത് 75,000 രൂപ ആക്കിയതാണ് പ്രധാനം. ഇതനുസരിച്ച് 7,75,000 രൂപ വരെ ശമ്പളമല്ലാതെ മറ്റ് വരുമാനമൊന്നുമില്ലാത്തവർക്ക് ഒരു രൂപ പോലും നികുതി നൽകേണ്ടതില്ല. എന്നാൽ പഴയ സ്കീമിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 ആയി തുടരും. ഏഴു ലക്ഷം രൂപവരെയുള്ള അറ്റ വരുമാനത്തിന് (നെറ്റ് ഇൻകം) പുതിയ സ്കീം അനുസരിച്ച് (87എ പ്രകാരമുള്ള റിബേറ്റ് അനുസരിച്ച്) ആദായ നികുതി നൽകേണ്ടതില്ലായിരുന്നു. ഏഴു ലക്ഷത്തിന് മുകളിലായാൽ ഈ റിബേറ്റ് ലഭ്യമല്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ ശമ്പള വരുമാനക്കാർക്ക് മാത്രമുള്ള ആനുകൂല്യമാണ്.
പുതിയ സ്കീം നിരക്ക് ആകർഷകമാക്കാൻ ഇത്തവണ ധനമന്ത്രി സ്ലാബുകൾ പരിഷ്‍കരിച്ചിട്ടുണ്ട്. പുതിയ സ്കീമിൽ ആറു സ്ലാബുകളാണുള്ളത്. ഇതിൽ മൂന്ന് സ്ലാബുകളിൽ മാറ്റം വരുത്തി.മുമ്പ് മൂന്നു മുതൽ ആറു ലക്ഷം വരെ വരുമാനത്തിന് ബാധകമായിരുന്ന അഞ്ചു ശതമാനം നികുതി ഇനി മുതൽ ഏഴു ലക്ഷം വരെ ബാധകമാകും. ഒമ്പത് ലക്ഷം വരെ 10 ശതമാനം നികുതി എന്നത് 10 ലക്ഷം വരെയാക്കി.(ടേബിൾ കാണുക)
ഒരാളുടെ വരുമാനം 12 ലക്ഷം രൂപയാണെന്ന് (മൂലധന നേട്ടം ഒഴികെ) കരുതുക. പുതിയ സ്കീമിൽ നിലവിലെ സ്ലാബ് നിരക്കനുസരിച്ച് സെസ് ഒഴികെ നികുതിയായി അടക്കേണ്ടത് 90,000 രൂപയായിരുന്നു. ഇപ്പോൾ വന്ന മാറ്റം അനുസരിച്ച് ഇത് 80,000 രൂപയായി കുറയും. നികുതിക്ക് പുറമേ ആരോഗ്യ,വിദ്യാഭ്യാസ സെസ് നാലു ശതമാനം കൂടെ വരും. പുതിയ നിരക്ക് തിരഞ്ഞെടുത്ത് റിട്ടേൺ സമർപ്പിക്കുന്ന ഒരാൾക്ക് മൂലധന നേട്ടം അല്ലാത്ത വരുമാനം 15 ലക്ഷം രൂപ വരെ 10,000 രൂപ നികുതിയിനത്തിൽ കുറവുണ്ടാകും. ഇനി ഈ 12 ലക്ഷം രൂപ പൂർണമായി ശമ്പള വരുമാനമാണെങ്കിൽ പുതിയ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അനുസരിച്ച് അദ്ദേഹം അടക്കേണ്ടിവരുന്ന നികുതി 68,750 രൂപയായിരിക്കും (സെസ് ഒഴികെ). ശമ്പളക്കാരന് പരമാവധി 17,500 രൂപ വരെ പുതിയ മാറ്റത്തിൽ നികുതി ലാഭിക്കാം.
പുതിയ നികുതി നിരക്കിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ വകുപ്പ് 80 സി മുതൽ 80യു വരെയുള്ള ഇളവുകളിൽ വകുപ്പ് 80 സിസി.ഡി(2),8ഒജെജെഎഎ ഒഴികെയുള്ള ഒരു ഇളവുകളും ലഭ്യമല്ല, മാത്രമല്ല വകുപ്പ് 24 ബിയിലെ ഭവനനിർമാണ വായ്പയുടെ പലിശയുടെ അനുകൂല്യവും ലഭിക്കുകയില്ല. ശമ്പളക്കാരാണെങ്കിൽ താമസ വാടക അലവൻസ് (എച്ച്.ആർ.എ) അനുകൂല്യവും ലഭിക്കില്ല. ഈ ഇളവുകളൊന്നുമില്ലെങ്കിലും ഏഴു ലക്ഷം വരെ നികുതിയില്ലെന്നതാണ് പുതിയ സ്കീമിന്റെ ആകർഷണം. ബജറ്റിലെ മറ്റൊരു പ്രധാന മാറ്റം കുടുംബ പെൻഷൻ ലഭിക്കുന്നവർക്ക് 15,000 രൂപ വരെ ഉള്ള ഇളവ് 25,000 രൂപയാക്കി ഉയർത്തി എന്നതാണ്.
മൂലധന നേട്ടത്തിലെ മാറ്റം
ഈ ബജറ്റ് അനുസരിച്ച് ഏറ്റവും കൂടുതൽ മാറ്റം വന്നത് മൂലധന ആസ്തികൾ വിൽക്കുമ്പോൾ കിട്ടുന്ന ലാഭം കണക്കാക്കുന്നതിലും അതിന്റെ നികുതി നിരക്കിലും ആണ്. മൂലധന ആസ്തി രണ്ടു തരമുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സെക്യൂരിറ്റികളും (ഓഹരി, കടപത്രം, ബോണ്ട് മുതലായവ) അതല്ലാത്ത മറ്റ് ആസ്തികളും (ഭൂമി, കെട്ടിടം, വീട്, സ്വർണം മുതലായവ).
ഈ ആസ്തികൾ വിൽക്കുമ്പോൾ കിട്ടുന്ന ലാഭത്തെ മൂലധന നേട്ടം (കാപിറ്റൽ ഗെയിൻ) എന്ന് പറയും. ഇതിൽ ഹ്രസ്വകാല നേട്ടവും ദീർഘകാല നേട്ടവുമുണ്ട്. ആസ്തി വിൽക്കുന്നതിനുമുമ്പ് എത്ര കാലം കൈവശം വെച്ചു എന്ന് നോക്കിയാണ് ഇത് തീരുമാനിക്കുക. ഇപ്പോൾ ബജറ്റിൽ പറഞ്ഞതനുസരിച്ച് ലിസ്റ്റഡ് സെക്യൂരിറ്റീസ് ഒഴികെയുള്ള എല്ലാ മൂലധന ആസ്തിയും രണ്ടു വർഷത്തിൽ കൂടുതൽ കൈവശം വെച്ചശേഷമാണ് വിൽക്കുന്നതെങ്കിൽ അതിൽ നിന്നുള്ള ലാഭത്തെ ദീർഘകാല നേട്ടമായും അതിൽ കുറഞ്ഞ കാലയളവ് കൈവശം വെച്ച് വിൽപന നടത്തിയാലുള്ള ലാഭത്തെ ഹ്രസ്വകാല നേട്ടമായും കണക്കാക്കും. ഓഹരികൾ, കടപത്രങ്ങൾ, ബോണ്ട് മുതലായവ ആണെങ്കിൽ ഒരു വർഷം കഴിഞ്ഞ് വിൽപന നടത്തിയാൽ ദീർഘകാല മൂലധന നേട്ടമായും അതിനുള്ളിൽ വിൽപന നടത്തിയാൽ ഹ്രസ്വകാല മൂലധന നേട്ടമായും കണക്കാക്കും.
* * * * * *
മൂലധന ആസ്തി വിൽക്കുമ്പോൾ നേട്ടമാണോ നഷ്ടമാണോ എന്ന് എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ഉദാഹരണ സഹിതം നോക്കാം.
ഹ്രസ്വകാല നേട്ടം
ഒരാൾ 2022 സെപ്റ്റംബറിൽ അഞ്ചു ലക്ഷം രൂപ മുടക്കി വാങ്ങിയ ഭൂമി 2024 ജൂലൈ 26ന് എട്ടു ലക്ഷത്തിന് വിൽപന നടത്തി എന്ന് കരുതുക. അയാളുടെ കൈവശം ഈ ഭൂമി രണ്ടു വർഷത്തിൽ താഴെയാണ് ഉണ്ടായിരുന്നത്.
അങ്ങനെയെങ്കിൽ ഈ ലാഭം കണക്കാക്കുന്നത് ഇങ്ങനെയാണ്.
വിറ്റ വില =8,00,000
വാങ്ങിയ വില =5,00,000
വിൽപന ചെലവ് =10,000
ലാഭം =2,90,000
ഈ ലാഭം ഹ്രസ്വകാല നേട്ടമായി കണക്കാക്കി ഇയാളുടെ മറ്റ് വരുമാനം വല്ലതും ഉണ്ടെങ്കിൽ അതിനൊപ്പം കൂട്ടി നികുതി സ്ലാബിൽ കാണിച്ച നിരക്കനുസരിച്ച് നികുതി കണക്കാക്കി അടക്കേണ്ടി വരും.
ദീർഘകാല നേട്ടം
ഈ ബജറ്റിനുമുമ്പ് ദീർഘകാല നേട്ടം കണക്കാക്കുമ്പോൾ രൂപയിലുണ്ടാകുന്ന മൂല്യശോഷണം അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി വാങ്ങിയ വില സർക്കാർ പറയുന്ന രീതിയിൽ ഉയർത്തിക്കാണിക്കാൻ പറ്റുമായിരുന്നു. അതിനെ ഇൻഡക്സേഷൻ എന്നാണ് പറയുക. ഇനി മുതൽ ഈ ആനുകൂല്യം ലഭ്യമല്ല. പകരം ദീർഘകാല നേട്ടത്തിന് മുമ്പുണ്ടായിരുന്ന നികുതി നിരക്ക് 20 ശതമാനം എന്നത് 12.5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. മാറ്റം വരുന്നതിനുമുമ്പ് ലാഭം കണക്കാക്കുന്നതും അതിന്റെ നികുതിയും ഇങ്ങനെയായിരുന്നു.
ഒരാൾ 2014 ജൂലൈയിൽ 10 ലക്ഷം രൂപ മുടക്കി വാങ്ങിയ സ്ഥലം 2024 ജൂലൈയിൽ 17 ലക്ഷം രൂപക്ക് വിറ്റു എന്ന് കരുതുക.
വിറ്റ വില = 17,00,000
വിൽപന ചെലവ് = 10,000
പണപ്പെരുപ്പ സൂചികയുടെ അനുകൂല്യം കണക്കിലെടുത്ത് ഭേദഗതി വരുത്തിയ വാങ്ങിയ വില
10,00,000/240x363 = 15,12,500
ലാഭം= 1,77,500
നികുതി (ലാഭത്തിന്റെ 20 ശതമാനം)=35,500 രൂപ
ഇനി പുതിയ നികുതി (ഇൻഡക്സേഷൻ ആനുകൂല്യം ഇല്ലാതെ)
വിറ്റ വില = 17,00,000
വിൽപന ചെലവ് = 10,000
വാങ്ങിയ വില =10,00000
ലാഭം =6,90,000
നികുതി (ലാഭത്തിന്റെ 12.5 ശതമാനം) =86,250 രൂപ
ഈ നികുതി ഒഴിവാക്കാൻ വഴിയുണ്ട്. 54 മുതൽ 54 ജി.ബി വരെ വകുപ്പുകൾ അനുസരിച്ച് പുനർ നിക്ഷേപം നടത്തിയാൽ മതി.
ഓഹരി വിൽപ്പനയിലെ ലാഭത്തിന് നികുതി കൂടും
ഓഹരി വിൽപനയുമായി ബന്ധപ്പെട്ട് പറയുകയാണെങ്കിൽ നികുതി നിരക്ക് നിലവിലുള്ളതിനേക്കാൾ കൂട്ടുകയാണ് ചെയ്തത്. ഹ്രസ്വകാല നേട്ടത്തിന് 15 ശതമാനം ഉള്ളത് 20 ശതമാനമാക്കി. ദീർഘകാല നേട്ടത്തിന് 10 ശതമാനം 12.5 ശതമാനമാക്കി.
ലിസ്റ്റഡ് ഓഹരികളുമായി ബന്ധപ്പെട്ട് 1.25 ലക്ഷം രൂപ വരെയുള്ള ദീർഘകാല നേട്ടത്തിന് നികുതിയില്ല. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.അതിന് മുകളിൽ വരുന്ന നേട്ടത്തിന് 12.5 ശതമാനം നികുതി അടച്ചാൽ മതി. ഉദാഹരണത്തിന് മൂന്നുലക്ഷം രൂപ ദീർഘകാല ലാഭം കിട്ടി എന്ന് കരുതുക. അതിൽ നിന്ന് 1.25 ലക്ഷം കുറച്ച് ബാക്കി വരുന്ന 1.75 ലക്ഷത്തിന് നികുതി വരും. അതായത്, 21,875 രൂപ. ഇനി ഈ മൂന്നു ലക്ഷം രൂപ ഹ്രസ്വകാല നേട്ടമാണെങ്കിൽ മുഴുവൻ തുകക്കും 20 ശതമാനം നികുതി (60,000 രൂപ) അടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.